ഒഴുകുന്നത് പ്രകൃതിയുടെ ചുടുകണ്ണീര്‍ . . . പിടയുന്നത് കേരളത്തിന്റെ ഹൃദയവും !

കേരളം വീണ്ടും അതിജീവനത്തിന് വേണ്ടി പൊരുതുകയാണ്. വലിയ പ്രകൃതി ക്ഷോഭമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. വയനാട് ഉള്‍പ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഏറെ ആശങ്കപ്പെടുത്തുന്നതാണ്. മരണസംഖ്യ ഉയരാതിരിക്കാന്‍ ജാഗ്രതാപരമായ ഇടപെടലുകളാണ് ജനങ്ങളുടെ ഭാഗത്ത് നിന്നും ഇനി ഉണ്ടാകേണ്ടത്.

സംസ്ഥാന- ജില്ലാ ഭരണകൂടങ്ങള്‍ നല്‍കുന്ന നിര്‍ദ്ദേശം പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാവണം. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും മാറാന്‍ ഒരു നിമിഷം പോലും വൈകിക്കൂടാ. വിവിധയിടങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ സ്ഥാപിച്ച് കഴിഞ്ഞതിനാല്‍ ഉടനെ അവിടേക്ക് മാറുകയാണ് ആദ്യം ചെയ്യേണ്ടത്. സ്വയം രക്ഷതേടുന്നതോടൊപ്പം തന്നെ മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള അവസരവും ആരും പാഴാക്കാന്‍ പാടില്ല.

ഇക്കാര്യത്തില്‍ ദുരന്തനിവാരണ സേനയെ മാത്രം ആശ്രയിക്കുന്നത് ശരിയല്ല. ഓരോ സെക്കന്റും വിലപ്പെട്ടതാണ്. പറ്റാവുന്ന സഹായങ്ങള്‍ ജനങ്ങള്‍ സ്വയം ഏറ്റെടുത്ത് ചെയ്ത് കൊടുക്കണം. എന്നാല്‍ അപകട സാധ്യത കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തകരുടെ ഇടപെടലാണ് ഗുണം ചെയ്യുക.

ഒരിക്കല്‍ മഹാപ്രളയത്തെ അതിജീവിച്ചവരാണ് നമ്മള്‍. ജാതി- മത- രാഷ്ട്രീയ ഭിന്നതകള്‍ക്കും മീതെയുള്ള ആ യോജിപ്പാണ് ഇനിയും ഉണ്ടാകേണ്ടത്. അതിന് ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ആ കരുത്ത് മാത്രം മതി, ഇപ്പോഴത്തെ വെല്ലുവിളികളെയും കേരളത്തിന് പെട്ടെന്ന് അതിജീവിക്കാന്‍ കഴിയും.

പ്രകൃതിക്ഷോഭം ഇന്ന് ലോകം നേരിടുന്ന വലിയ ഭീഷണിയാണ്. നിരവധി രാജ്യങ്ങളാണ് ഇതിന്റെ കെടുതികള്‍ അനുഭവിക്കുന്നത്. പ്രകൃതിക്ഷോഭം തടയാന്‍ ഫലപ്രദമായ നടപടികളാണ് കേന്ദ്ര- കേരള സര്‍ക്കാറുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ തന്നെ ഇക്കാര്യത്തില്‍ കൊടുക്കണം. അന്താരാഷ്ട്ര തലത്തില്‍ തന്നെ പലവട്ടം ലോക രാഷ്ട്രങ്ങള്‍ ഒത്തുകൂടി പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഫലപ്രദമായ നടപടിയിലേക്ക് എത്തിയിട്ടില്ല.

രാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യ- ആയുധ മത്സരങ്ങളും മറ്റു താല്‍പര്യങ്ങള്‍ക്കുമെല്ലാം ഇടയില്‍ ദ്രോഹിക്കപ്പെടുന്നത് പ്രകൃതിയാണ്. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ഏര്‍പ്പാടാണ് മനുഷ്യര്‍ ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്നത്. അതിന്റെ പരിണിത ഫലമാണ് ലോകം ഇപ്പോള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നതും. ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളിപ്പോള്‍ പ്രകൃതിക്ഷോഭത്തിന്റെ പിടിയിലാണ്. കേരളത്തിന് സമാനമായ സാഹചര്യമാണിപ്പോള്‍ മഹാരാഷ്ട്രയും കര്‍ണ്ണാടകയും നേരിടുന്നത്.

അടുത്തയിടെ ചെന്നൈയിലുണ്ടായ വരള്‍ച്ചയും ഞെട്ടിക്കുന്നതാണ്. ഒരു തുള്ളി വെള്ളത്തിനായി കിലോമീറ്ററുകളോളം ക്യൂ നില്‍ക്കുന്ന ഒരു ജനതയുടെ കണ്ണീര്‍ രാജ്യത്തെ ചുട്ടുപ്പൊള്ളിക്കുന്നതായിരുന്നു. ചെന്നൈയെ വറ്റിച്ച പ്രകൃതി തിമിര്‍ത്ത് പെയ്താണ് കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത്. പരിസ്ഥിതിയുടെ നാശമാണ് ഈ പ്രകൃതി ക്ഷോഭത്തിന് പ്രധാന കാരണമെന്നതാണ് യാഥാര്‍ത്ഥ്യം. കാരണക്കാര്‍ നമ്മള്‍ മനുഷ്യരുമാണ്.

പ്രകൃതിയെ മനുഷ്യന്‍ ചൂഷണം ചെയ്യുമ്പോള്‍ പ്രകൃതി നടത്തുന്ന സ്വാഭാവിക പ്രതികരണമാണ് വരള്‍ച്ചയും പ്രളയവും മണ്ണിടിച്ചിലുമെല്ലാം. സാധാരണ ദുരന്തങ്ങളില്‍ നിന്നും പ്രകൃതി നമുക്ക് തന്നുകൊണ്ടിരുന്ന കവചമാണ് യഥാര്‍ത്ഥത്തില്‍ പരിസ്ഥിതി നാശത്തിലൂടെ നാം ഇല്ലാതാക്കുന്നത്. വന നശീകരണവും പാറപൊട്ടിക്കുന്നതുമെല്ലാം മണ്ണിടിച്ചിലിനാണ് വഴി ഒരുക്കുന്നത്. കടലിന്റെ തീരത്തുള്ള കണ്ടല്‍ക്കാടുകളുടെ നാശവും തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്തുന്നതുമെല്ലാം പ്രകൃതിദുരന്തം വിളിച്ച് വരുത്തുന്ന മറ്റു നടപടികളാണ്.

നാല് കാരണങ്ങള്‍ കൊണ്ടാണ് ലോകത്ത് ദുരന്തങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നത്. അതില്‍ പ്രധാനം ദുരന്ത സ്ഥലങ്ങളില്‍ വീടുകളും റോഡുകളും നിര്‍മ്മിക്കുന്നത് തന്നെയാണ്. കേരളത്തില്‍ നൂറു കൊല്ലം മുന്‍പ് വരെ പുഴയുടെ തീരത്ത് വീട് വയ്ക്കുന്നത് അപൂര്‍വമായിരുന്നു. ഇപ്പോഴാകട്ടെ അത് സര്‍വസാധാരണവുമാണ്. ഇതോടെ ഒരു വെള്ളപ്പൊക്കമുണ്ടായാല്‍ നഷ്ടത്തിന്റെ സാധ്യതയും നൂറ് മടങ്ങാണ്. വര്‍ദ്ധിച്ച് വരുന്ന ജനസംഖ്യ മൂലം ജനവാസ യോഗ്യമല്ലെന്ന് കരുതിയ ഇടങ്ങളില്‍ പോലും വീടുകളും കൂറ്റന്‍ കെട്ടിടങ്ങളും ഉയര്‍ന്നു കഴിഞ്ഞു. സമീപകാല ദുരന്തങ്ങളുടെ അടിസ്ഥാനം പോലും ദുരന്ത സാധ്യത വ്യക്തമായ സ്ഥലത്ത് ജനവാസം കൂടുന്നതായിരുന്നു.

പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ നാടിനു നല്‍കിയ മുന്നറിയിപ്പ് മുഖവിലക്കെടുത്തിരുന്നു എങ്കില്‍ ദുരന്ത വ്യാപ്തിയെങ്കിലും നമുക്ക് കുറയ്ക്കാമായിരുന്നു. കഴിഞ്ഞ പ്രളയകാലത്ത് തന്നെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഇവിടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നതാണ്. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നു എങ്കില്‍ പ്രകൃതിക്ഷോഭത്തെ എളുപ്പത്തില്‍ നേരിടാന്‍ കഴിയുമായിരുന്നു എന്നാണ് കഴിഞ്ഞ പ്രളയകാലത്ത് തന്നെ ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

കേരളത്തില്‍ ഇപ്പോഴുണ്ടാകുന്ന പ്രളയക്കെടുതി മനുഷ്യനിര്‍മിത ദുരന്തമെന്ന് വിശേഷിപ്പിക്കാനാണ് അദ്ദേഹത്തിന് താല്‍പര്യം. ഈ ദുരന്തത്തിന് കാരണം ഭൂമിയും മണ്ണും തലതിരിഞ്ഞ രീതിയില്‍ ഉപയോഗിച്ചതാണെന്നും ഗാഡ്ഗില്‍ കുറ്റപ്പെടുത്തുന്നു.

ഇത് കാലവര്‍ഷത്തില്‍ നിന്നുണ്ടായ മനുഷ്യനിര്‍മിത ദുരന്തമാണ്. മഴ പെയ്യുന്നത് മാത്രമല്ല ഈ ദുരന്തത്തിന് കാരണം. ഭൂമിയും മണ്ണും തലതിരിഞ്ഞ രീതിയില്‍ മനുഷ്യര്‍ ഉപയോഗിച്ചതു കൊണ്ടാണെന്നാണ് അദ്ദേഹത്തിന്റെ വാദം. തദ്ദേശഭരണ സ്ഥാപനങ്ങളുടെ അംഗീകാരത്തോടെ പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കണമെന്ന ശുപാര്‍ശ തങ്ങള്‍ നല്‍കിയിരുന്നെങ്കിലും അത് നടപ്പാക്കിയിരുന്നില്ലെന്നും ഗാഡ്ഗില്‍ ആരോപിക്കുന്നു.

റിപ്പോര്‍ട്ട് നടപ്പിലാക്കിയിരുന്നെങ്കില്‍ ദുരന്തം ഉണ്ടാവില്ലായിരുന്നു എന്നൊന്നും അവകാശപ്പെടുന്നില്ലെന്നും എന്നാല്‍ ദുരന്തത്തിന്റെ വ്യാപ്തി തീര്‍ച്ചയായും കുറയ്ക്കാമായിരുന്നുവെന്നുമാണ് ഗാഡ്ഗിലിന്റെ വാദം. ഇക്കാലത്തിനിടയില്‍ കയ്യേറ്റം കുത്തനെയാണ് വര്‍ധിച്ചിരിക്കുന്നത്. ജലാശയങ്ങളും ഭൂഗര്‍ഭജലം സംരക്ഷിക്കേണ്ട തണ്ണീര്‍ത്തടങ്ങളും കയ്യേറ്റം ചെയ്യപ്പെട്ടു. ഇതുമൂലം വെള്ളത്തിന്റെ ഒഴുക്ക് തന്നെ ഗുരുതരമായി മാറിയിട്ടുണ്ട്. മണ്ണിടിച്ചിലിന് പാറമടകള്‍ കാരണമായതായും ഗാഡ്ഗില്‍ പറയുന്നു.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാരും ഉദ്യോഗസ്ഥരും സാമ്പത്തിക താല്‍പര്യത്തിനായി കൈകോര്‍ത്തു. അവരാണ് യഥാര്‍ത്ഥത്തില്‍ ഇതിനെല്ലാം ഉത്തരവാദികള്‍. സര്‍ക്കാരാണ് ഉത്തരവാദിയെന്ന് ലളിതമായി പറയാനാകില്ല. സ്ഥാപിത താല്‍പര്യങ്ങള്‍ ഉള്ളവര്‍ ഒന്നിച്ചു. അവരാണ് ഈ ദുരന്തത്തിന് കാരണക്കാരായതെന്നും ഗാഡ്ഗില്‍ വ്യക്തമാക്കി.

പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള രാജ്യങ്ങള്‍ സാമ്പത്തികമായും വികസിച്ചിട്ടുണ്ട്. ജനങ്ങളെ കൂടി ഉള്‍പ്പെടുത്തിയുള്ള പരിസ്ഥിതി സംരക്ഷണമാണ് ഇന്ന് നാടിനാവശ്യമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. വീണ്ടുമൊരു പ്രളയത്തെ കേരളം മുഖാമുഖം നേരിടുമ്പോള്‍ ഗാഡ്ഗിലിന്റെ റിപ്പോര്‍ട്ടും നിലപാടുകളുമാണ് ഇവിടെ ഒരിക്കല്‍ കൂടി പ്രസക്തമാകുന്നത്.

Staff Reporter

Top