കലി തുള്ളുന്ന പ്രകൃതിയോട് പൊരുതാൻ പൊലീസും, മുന്നിട്ടിറങ്ങി മുഖ്യമന്ത്രിയും

തിജീവനത്തിനു വേണ്ടിയുള്ള പോരാട്ടത്തിലാണ് വീണ്ടും കേരള ജനത. ഭരണകൂടങ്ങളും ജനങ്ങളും ഒറ്റക്കെട്ടായാണ് ഈ ദൗത്യത്തില്‍ മുന്നില്‍ നിന്നും പൊരുതുന്നത്. പ്രകൃതി കലി തുള്ളുന്നതിന്റെ കാര്യ- കാരണങ്ങളിലേക്ക് കടക്കാതെ ആദ്യം ജീവന്‍ രക്ഷിക്കുന്നതിനാണ് എല്ലാവരും പ്രാമുഖ്യം കൊടുക്കുന്നത്. തിരുത്തല്‍ നടപടികള്‍ ഇനി അതിജീവനത്തിന് ശേഷമുണ്ടാകുമെന്നും ഉറപ്പാണ്.

ആദ്യ പ്രളയം നല്‍കിയ അനുഭവവും അതിനെ അതിജീവിക്കാന്‍ കഴിഞ്ഞ ആത്മവിശ്വാസവുമായാണ് രക്ഷാപ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. വയനാട്ടില്‍ നിന്നും മലപ്പുറത്ത് നിന്നും കേട്ട ഞെട്ടിക്കുന്ന സംഭവങ്ങള്‍ ആരുടെയും കരളലിയിക്കുന്നതാണ്. സിനിമകളില്‍ കണ്ടിട്ടുള്ള ദുരന്തത്തേക്കാള്‍ ഭീകരമാണ് ഇവിടങ്ങളിലെ അവസ്ഥ. മണ്ണിടിഞ്ഞ് വീണ് അനവധി വീടുകളാണ് മണ്ണിനടിയിലായിരിക്കുന്നത്. ചില പ്രദേശങ്ങള്‍ തന്നെ ഒലിച്ച് പോയി.

സംഹാര താണ്ഡവമാടുന്ന പ്രകൃതിയെ പിടിച്ചു കെട്ടാന്‍ സാധ്യമായതെല്ലാം ചെയ്തു കൊണ്ടിരിക്കുകയാണിപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍. സൈന്യത്തിന് പോലും അപകടമുണ്ടായ പലയിടങ്ങളിലും എത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. കലി തുള്ളി വരുന്ന മഴവെള്ളപാച്ചിലില്‍ നിലവിളികള്‍ പോലും മുങ്ങി പോവുകയാണ്.

എട്ട് ജില്ലകളിലായി ഇതിനകം തന്നെ 80 ഓളം ഉരുള്‍പ്പൊട്ടല്‍ നടന്നു കഴിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസത്തിലെ കണക്കു മാത്രമാണിത്. എത്ര പേര്‍ മരണപ്പെട്ടു എന്ന കണക്ക് പോലും ഈ ഘട്ടത്തില്‍ തിട്ടപ്പെടുത്താന്‍ കഴിയുന്നതല്ല. മരണസംഖ്യ കൂടരുതേയെന്ന് പ്രാര്‍ത്ഥിക്കാന്‍ മാത്രമേ ഇനി നിര്‍വ്വാഹമുള്ളൂ.

സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്ര ദുരന്ത നിവാരണ സേനയും വ്യാമ സേനയും ഇപ്പോള്‍ കര്‍മ്മ നിരതരായിട്ടുണ്ട്. കേരള പൊലീസ്, ഫയര്‍ ഫോഴ്സ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, മറ്റു സംസ്ഥാന ജീവനക്കാര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളും ശക്തമാണ്. ഐ.പി.എസ്- ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പോലും രാപകല്‍ ഇല്ലാതെ സജീവമാണ്. കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ ബൈജുവിന് ജീവന്‍ നഷ്ടമായത് രക്ഷാപ്രവര്‍ത്തനത്തിനിടയിലാണ്. പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരും വലിയ വെല്ലുവിളികളാണ് ദുരന്തമുഖത്ത് നേരിടുന്നത്.

മത്സ്യതൊഴിലാളികളുടെ സാന്നിധ്യവും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണം എത്തിക്കുന്നതിനും മറ്റുമായി മികച്ച പ്രവര്‍ത്തനങ്ങളാണ് മിക്കയിടത്തും നടക്കുന്നത്. മുഖ്യമന്ത്രി തന്നെ നേരിട്ട് വിലയിരുത്തുന്നതിനാല്‍ ജില്ലാ കളക്ട്രേറ്റുകളിലെ കണ്‍ട്രോള്‍ റൂമുകളും വളരെ സജീവമാണ്.

മാധ്യമങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമായ വിവരങ്ങളാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് നല്‍കി വരുന്നത്. സോഷ്യല്‍ മീഡിയ ഒരിക്കല്‍ കൂടി അതിജീവനത്തില്‍ വലിയ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്കും എന്തിനേറെ സര്‍ക്കാറിന് പോലും വിലപ്പെട്ട വിവരങ്ങള്‍ ഇപ്പോള്‍ ലഭിച്ച് കൊണ്ടിരിക്കുന്നത് വാട്സ് ആപ്പിലൂടെയും ഫെയ്സ് ബുക്കിലൂടെയുമാണ്.

സൈബര്‍ സ്പേയ്സിലൂടെയുള്ള ഈ സഹായ അഭ്യര്‍ത്ഥനകളെ ഗൗരവമായി കണ്ടാണ് അധികൃതര്‍ ഇപ്പോള്‍ തുടര്‍ നടപടികള്‍ സ്വീകരിച്ച് വരുന്നത്. ഒന്നര ലക്ഷത്തോളം പേരെ ഇതിനകം തന്നെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. 50 ഓളം മരണങ്ങളാണ് ആദ്യഘട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെങ്കിലും മരണസംഖ്യ ഇനിയും കൂടാന്‍ തന്നെയാണ് സാധ്യത.

അതേസമയം ആളുകളെ ഭയപ്പെടുത്തുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതും രക്ഷാപ്രവര്‍ത്തനത്തിന് ഇപ്പോള്‍ വലിയ തോതില്‍ തടസ്സമാകുന്നുണ്ട്. ഇത്തരം പ്രചരണം നടത്തുന്നവരെ പിടികൂടാന്‍ മുഖ്യമന്ത്രി തന്നെയാണ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍ എന്നിവരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിലവില്‍ സജീവമാണ്. മാതൃകാപരമായ നടപടിയാണിത്.

കഴിഞ്ഞ വര്‍ഷത്തെ ദുരന്തത്തില്‍നിന്ന് കരകയറാനുള്ള സര്‍ക്കാരിന്റെ പരിശ്രമത്തെ തകിടംമറിക്കുന്ന പ്രളയക്കെടുതിയാണ് കേരളമിപ്പോള്‍ അഭിമുഖീകരിക്കുന്നത്. ഇപ്പോഴത്തെ അസാധാരണ സ്ഥിതിവിശേഷം നേരിടാന്‍ സര്‍വശേഷിയുമെടുത്താണ് സര്‍ക്കാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുഖ്യമന്ത്രി എല്ലാ മന്ത്രിമാരെയും നിയോഗിച്ചിട്ടുണ്ട്. ഇതിനായി 22.5 കോടിരൂപയാണ് അടിയന്തരമായി അനുവദിച്ചിരിക്കുന്നത്. ആവശ്യമെന്നു കണ്ടാല്‍ ഇനിയും ധനസഹായം നല്‍കും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സജീവമാണ്. വയനാട് പുത്തുമലയിലെ മലയിടിച്ചില്‍ ദുരന്തം അവലോകനം ചെയ്യുന്നതിനിടെയാണ് നിലമ്പൂര്‍ കവളപ്പാറയിലെ ദുരന്തവാര്‍ത്ത എത്തിയിരുന്നത്. ഇതോടെ മുഖ്യമന്ത്രി വീണ്ടും കണ്‍ട്രോള്‍ റൂമിലെത്തി സ്ഥിതിഗതി മനസ്സിലാക്കി രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ നിര്‍ദേശം നല്‍കുകയായിരുന്നു.

കഴിഞ്ഞ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ പഴുതടച്ചുള്ള മുന്‍കരുതല്‍ നടപടിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ഒരു നിമിഷം അമാന്തിക്കാതെയുള്ള രക്ഷാപ്രവര്‍ത്തനത്തിന് രൂപംനല്‍കി സര്‍ക്കാര്‍ സംവിധാനം ഒന്നാകെ മുന്നിട്ടിറങ്ങിയ അനുഭവം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. എല്ലാറ്റിനും മേല്‍നോട്ടം വഹിച്ച് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും രംഗത്തുണ്ട്. കഴിഞ്ഞ പ്രളയം മനുഷ്യനിര്‍മിതമാണെന്ന് ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ക്കും ഇപ്പോള്‍ മിണ്ടാട്ടമില്ലാത്ത സാഹചര്യമാണുള്ളത്.

കാലവര്‍ഷക്കെടുതിയില്‍പെട്ടവര്‍ക്ക് സഹായത്തിനായി പൊലീസ് പ്രത്യേക സംവിധാനം തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 112 എന്ന നമ്പരിലേക്ക് വിളിച്ച് ആര്‍ക്കും സഹായം അഭ്യര്‍ഥിക്കാം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് എമര്‍ജന്‍സി റെസ്പോണ്‍സ് സെന്ററില്‍ ലഭിക്കുന്ന സന്ദേശം എവിടെനിന്നാണെന്ന് കൃത്യമായി മനസ്സിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയും. എല്ലാ കണ്‍ട്രോള്‍ റൂം വാഹനങ്ങളുമായി ബന്ധിപ്പിച്ചതിനാല്‍ വിളിക്കുന്ന ആളുടെ സമീപപ്രദേശത്തുള്ള വാഹനം ഉടന്‍ തന്നെ സ്ഥലത്തെത്തും. ഇതുവഴി പെട്ടെന്ന് രക്ഷാപ്രവര്‍ത്തകരെ സ്ഥലത്തേക്ക് എത്തിക്കാന്‍ സാധിക്കും. 112 എന്ന നമ്പരിലേക്ക് എസ്.എം.എസും അയയ്ക്കാവുന്നതാണ്.

112 ഇന്ത്യ എന്ന മൊബൈല്‍ ആപ്പ് വഴി ഈ സഹായം തേടാവുന്നതാണെന്ന് പൊലീസ് ആസ്ഥാനം അറിയിച്ചിട്ടുണ്ട്. പാനിക്ക് ബട്ടണ്‍ അമര്‍ത്തിയാല്‍ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമില്‍നിന്ന് ആ നമ്പരിലേക്ക് തിരികെ വിളിക്കുന്നതുമായിരിക്കും. ഇതിനായി പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂം തന്നെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് 0471 2722500, 9497900999 എന്നീ നമ്പരുകള്‍വഴി ബന്ധപ്പെടാം. ഇവിടെ ലഭിക്കുന്ന സന്ദേശങ്ങള്‍ പ്രദേശത്തെ ഏറ്റവും അടുത്ത പൊലീസ് സ്റ്റേഷന് കൈമാറിയാണ് രക്ഷാപ്രവര്‍ത്തകരെ അയയ്ക്കുക.

ലോക്കല്‍ പൊലീസിനൊപ്പം കേരള ആംഡ് പൊലീസ് ബറ്റാലിയനുകള്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെ സ്പെഷ്യല്‍ യൂണിറ്റുകള്‍ എന്നിവിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍, റാപ്പിഡ് റെസ്പോണ്‍സ് റെസ്‌ക്യൂ ഫോഴ്സ്, നാല് റെയ്ഞ്ചുകളിലെയും ഡിസ്സാസ്റ്റര്‍ റിലീഫ് ടീം എന്നിവയില്‍നിന്ന് ഉള്‍പ്പെടെ ദുരന്തനിവാരണ മേഖലയില്‍ പ്രത്യേക പരിശീലനം നേടിയ 1,850 പേരെ വിവിധ ജില്ലകളില്‍ അധികമായി വിന്യസിച്ചിട്ടുണ്ട്.

മണ്ണിടിച്ചില്‍ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജെ.സി.ബികള്‍ എത്തിച്ചിട്ടുണ്ട്. പൊലീസ് വാഹനങ്ങളും ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിന് വ്യാപകമായി ഉപയോഗിക്കുന്നുമുണ്ട്. വാര്‍ത്താവിനിമയ ബന്ധം തകര്‍ന്ന സ്ഥലങ്ങളില്‍ പൊലീസിന്റെ വയര്‍ലെസ് സെറ്റും സാറ്റലൈറ്റ് ഫോണുകളുമാണ് ഉപയോഗിക്കുന്നത്.

ദുരിതാശ്വാസകേന്ദ്രങ്ങളില്‍ പ്രത്യേക സുരക്ഷാസംവിധാനവും കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ദിവസവും രാവിലെയും വൈകിട്ടും സംസ്ഥാന പൊലീസ് മേധാവി ജില്ലാ പൊലീസ് മേധാവിമാരുമായി വീഡിയോ കോണ്‍ഫന്‍സ് വഴി ആശയവിനിമയവും നടത്തുന്നുണ്ട്. എ.ഡി.ജി.പി മനോജ് ഏബ്രഹാം, ഐ.ജി പി. വിജയന്‍, സോണല്‍ ഐ.ജിമാര്‍, ജില്ലാ പൊലീസ് മേധാവികള്‍ എന്നിവരുടെ നിര്‍ദ്ദേശ പ്രകാരമാണ് പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍.

Staff reporter

Top