ഇന്നും കനത്ത മഴയ്ക്ക് സാധ്യത, 7ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഭീതിയിലാഴ്ത്തി പുതിയ ന്യൂനമര്‍ദം…

തിരുവനന്തപുരം: ഇന്നും കേരളത്തില്‍ കനത്തമഴ തുടരുമെന്ന് മുന്നറിയിപ്പ്. അതിതീവ്രമഴയ്ക്കു സാധ്യതയുള്ള എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ശനിയാഴ്ചയും റെഡ് അലര്‍ട്ട് തുടരും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ചയോടെ വീണ്ടും ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്. അതിന്റെ ഫലമായി 15 വരെ വീണ്ടും കനത്തമഴയ്ക്ക് സാധ്യതയുണ്ട്. ഇപ്പോള്‍ ശക്തമായ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ത്തന്നെ തുടര്‍ച്ചയായി മഴപെയ്യുന്നത് പ്രളയദുരിതം രൂക്ഷമാകാനും ഉരുള്‍പൊട്ടലിനും ഇടയാക്കുമെന്ന് ആശങ്കയുണ്ട്.

കഴിഞ്ഞവര്‍ഷവും ഓഗസ്റ്റ് 14-ഓടെ വീണ്ടും മഴ കനത്തതാണ് പ്രളയത്തിനിടയായത്. 13-ന് എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് മഴ ശക്തമാകാന്‍ സാധ്യതയുള്ളത്. ഈ ദിവസം ഇവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇനിയുണ്ടാകുന്ന ന്യൂനമര്‍ദത്തിന്റെ തീവ്രതയും സ്വഭാവവും കാലാവസ്ഥാവകുപ്പ് ഇപ്പോള്‍ പ്രവചിച്ചിട്ടില്ല. വരുംദിവസങ്ങളില്‍ ഇത് വ്യക്തമാവും.മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാമെന്നതിനാല്‍ 11 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകരുതെന്നു മുന്നറിയിപ്പുണ്ട്. തിരമാലകള്‍ 3.2 മുതല്‍ 3.7 മീറ്റര്‍വരെ ഉയരാം.

മഴക്കെടുതിയില്‍ ഇതുവരെ സംസ്ഥാനത്ത് 42പേര്‍ മരിച്ചു. മലപ്പുറത്തും കോഴിക്കോടും പത്ത് പേരും വയനാട്ടില്‍ ഒമ്പത് പേരുമാണ് മരിച്ചത്. ഉരുള്‍പൊട്ടലുണ്ടായ വയനാട് പുത്തുമലയിലും മലപ്പുറം കവളപ്പാറയിലും രക്ഷാപ്രവര്‍ത്തനം രാവിലെ ആറ് മണിയോടുകൂടി തുടങ്ങും. ഒട്ടേറെ പേര്‍ ഇനിയും പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. വിവിധ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലായി ഒരു ലക്ഷത്തോളം പേര്‍ കഴിയുന്നുണ്ട്.

Top