പ്രളയം ഇനി എല്ലാ വര്‍ഷവും ഉണ്ടാകും ? കേരളം കരുതല്‍ എടുക്കേണ്ടത് അനിവാര്യം

പാലക്കാട്: കേരളക്കരയെ ദുരിതക്കയത്തിലാക്കി കഴിഞ്ഞ വര്‍ഷം ഉണ്ടായ പ്രളയത്തിന് സമാനമായ കാരണം തന്നെയാണ് ഇക്കൊല്ലത്തെ ദുരിതമാരിക്കും കാരണമായതെന്ന് കാലാവസ്ഥാ വിദഗ്ധന്‍. കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയിലെ റിസര്‍ച്ച് സയന്റിസ്റ്റ് ഡോ. എം ജി മനോജ് ആണ് ഇക്കാര്യം പറഞ്ഞത്.

അന്ന് ഇടുക്കിക്ക് മുകളിലൂടെയായിരുന്നു ചുഴലിക്കാറ്റിന്റെ(ടൈഫൂണ്‍)പ്രയാണം. ഇത്തവണ അത് വയനാടിന് മുകളിലൂടെയായി. ഒറീസ, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളുടെ സമീപത്തായി ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് അതിതീവ്രമഴയ്ക്ക് ഒരു കാരണം. ചൈനയുടെ കിഴക്കുഭാഗത്ത് പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തില്‍ രണ്ട് ടൈഫൂണുകള്‍ രൂപപ്പെട്ടു. രണ്ടിന്റെയും സ്വാധീനം ഇതേ അക്ഷാംശരേഖയില്‍ വരുന്ന കേരളത്തിലെ മണ്‍സൂണിനെ വലിച്ചെടുത്തു. സാധാരണഗതിയില്‍ തിരശ്ചീനമായി വീശുന്ന മണ്‍സൂണ്‍കാറ്റ് പശ്ചിമഘട്ട മലനിരകളില്‍ തട്ടി കുത്തനെ വീശും. വായു മുകളിലേക്ക് സഞ്ചരിക്കുന്നതോടെ മഴമേഘങ്ങള്‍ രൂപപ്പെടും. ഇത്തവണ 12 കിലോമീറ്ററിലധികം കനമുള്ള മഴമേഘങ്ങളാണ് രൂപപ്പെട്ടത്. പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തില്‍ രൂപപ്പെടുന്ന ടൈഫൂണുകള്‍ മണ്‍സൂണിനെ ബാധിക്കുമെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ഇതേ രീതിയിലുള്ള പ്രളയം ഇനിയുമുണ്ടായേക്കാം-ഡോ. മനോജ് പറയുന്നു.

സാധാരണ മണ്‍സൂണില്‍ ഇടിമിന്നല്‍ കുറവായിരിക്കും. ഇത്തവണ പൊതുവേ ഇടിമിന്നല്‍ കൂടുതലായിരുന്നു. വേനല്‍ക്കാലങ്ങളില്‍ മാത്രമുണ്ടാകുന്ന മിന്നല്‍ച്ചുഴലി ഇത്തവണയുണ്ടായി. ഇവ രണ്ടും ടൈഫൂണിന്റെയും ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ ന്യൂനമര്‍ദത്തിന്റെയും സ്വാധീനത്താലാണ്. പസഫിക് സമുദ്രത്തിലെ ‘എല്‍നിനോ’ പ്രതിഭാസത്തിന്റെ സ്വാധീനം ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഇന്ത്യന്‍ മണ്‍സൂണിനെ ദുര്‍ബലപ്പെടുത്തി. ആഗസ്ത് ആയതോടെ ഇത് സുഷുപ്താവസ്ഥയിലായി. അതും മണ്‍സൂണ്‍ ശക്തിപ്പെടാന്‍ കാരണമായി. ഇന്ത്യന്‍ മഹാസമുദ്രത്തിലെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങള്‍ തമ്മിലുള്ള താപനിലയിലെ വ്യത്യാസമായ ‘ഡൈപോള്‍’ മാറുമ്പോള്‍ കാറ്റിന്റെ വേഗത്തിലും മാറ്റമുണ്ടാകും. കിഴക്ക്ഭാഗത്ത് ഉയര്‍ന്ന സമ്മര്‍ദവും പടിഞ്ഞാറുഭാഗത്ത് താഴ്ന്ന സമ്മര്‍ദവും ഉണ്ടാകുമ്പോള്‍ കിഴക്കുനിന്ന് പടിഞ്ഞാറുഭാഗത്തേക്ക് ശക്തമായ കാറ്റുണ്ടാകുന്നു. ഭൂമധ്യരേഖയുടെ തെക്കുഭാഗത്ത് രൂപംകൊണ്ട് വടക്കുപടിഞ്ഞാറുദിശയില്‍ വീശുന്ന കാറ്റ് അതിതീവ്രമഴയ്ക്ക് കാരണമാകുന്നു. ഇങ്ങനെ ഒട്ടേറെ കാരണങ്ങള്‍ ഒത്തുവന്നതാണ് ഇപ്പോഴത്തെ അതിതീവ്രമഴയ്ക്ക് കാരണം. ശനിയാഴ്ചയോടെ അല്‍പ്പം ദുര്‍ബലപ്പെട്ട പ്രതിഭാസത്തിന് ഞായറാഴ്ചയോടെ ശമനമുണ്ടാകുമെന്ന് കരുതാം. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം ഉണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും ഡോ. മനോജ് പറഞ്ഞു.

Top