ചാലക്കുടിയാര്‍ ശാന്തമാകുന്നു; വീടുകളില്‍ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങി

തൃശ്ശൂര്‍: ചാലക്കുടിയാറിലെ ജലനിരപ്പ് താഴ്ന്നതോടെ വീടുകളില്‍ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങി. പെരിങ്ങല്‍ക്കുത്ത് ഡാമില്‍ നിന്നും പുറത്തു വിടുന്ന ജലത്തിന്റെ അളവ് കുറഞ്ഞതോടെയാണ് ചാലക്കുടിയാര്‍ ശാന്തമായി തുടങ്ങിയത്. ആറിന്റെ ഇരു കരകളിലുമുള്ള വീടുകളില്‍ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങി. എന്നാല്‍ ഇടയ്ക്കിടെ പെയ്യുന്ന മഴയും മൂടിക്കിടക്കുന്ന ആകാശവും വെള്ളക്കെട്ട് താഴാന്‍ തടസ്സമാകുന്നുണ്ട്.

അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ ശനിയാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച മലപ്പുറം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കോസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ടും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.

Top