ദിവസവേതന തൊഴിലാളികളെ സഹായിക്കുന്നില്ല; സര്‍ക്കാരിനെതിരെ ഫിലിം ചേംബര്‍

കോവിഡ് ഭീതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കേരള ഫിലിം ചേംബര്‍ രംഗത്ത്. കോവിഡില്‍ മലയാള സിനിമാവ്യവസായം സ്തംഭാനാവസ്ഥയിലായിട്ടും സര്‍ക്കാര്‍ ദിവസവേതന തൊഴിലാളികളെ സഹായിക്കുന്നില്ലെന്നാണ് ചേംബറിന്റെ ആരോപണം.

ലോക്ഡൗണ്‍ സാഹചര്യത്തില്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്ന നിര്‍മാതാക്കളെ സഹായിക്കാന്‍ താരങ്ങളും രംഗത്തു വരണമെന്നും ഫിലിം ചേംബര്‍ആവശ്യപ്പെട്ടു. മലയാളത്തിലെ ചില പ്രമുഖ താരങ്ങള്‍ ദിവസവേതനക്കാരെ സഹായിക്കാന്‍ രംഗത്തുവന്നിരുന്നു. പക്ഷേ അതുകൊണ്ടു മാത്രം ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കഴിയില്ലെന്നാണ് ഫിലിം ചേംബറിന്റെ വിലയിരുത്തല്‍.

തീയേറ്ററുകള്‍ അടഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് അന്‍പതു ദിവസത്തിലധികം പിന്നിടുന്നു.കടുത്ത പ്രതിസന്ധിയിലേക്കാണ് മലയാള സിനിമയുടെ പോക്ക്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ കൃത്യമായൊരു സാമ്പത്തിക പാക്കേജ് കൊണ്ടു വരണമെന്നാണ് ചേംബറിന്റെ ആവശ്യം.

കാലാകാലങ്ങളായി നികുതി ഇനത്തില്‍ വിലയൊരു തുകയാണ് സിനിമാവ്യവസായത്തിലൂടെ സര്‍ക്കാരിലേയ്‌ക്കെത്തുന്നത്. അതുകൂടി കണക്കിലെടുത്ത് സര്‍ക്കാര്‍ ദിവസവേതനക്കാരുടെ കാര്യത്തിലെങ്കിലും ഇടപെടണമെന്നാണ് ഫിലിം ചേംബര്‍ ആവശ്യപ്പെടുന്നത്.

അടഞ്ഞുകിടക്കുന്ന തീയേറ്ററുകളുടെ ലൈസന്‍സ് പുതുക്കല്‍, വൈദ്യുതി ചാര്‍ജ് ഈടാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഇളവ് നല്‍കണമെന്നും ചേംബര്‍ ആവശ്യപ്പെടുന്നു. ഇതു സംബന്ധിച്ച് നിവേദനം സമര്‍പ്പിച്ചിരുന്നുവെങ്കിലും കാര്യമായ പ്രതികരണം ലഭിച്ചിട്ടില്ലെന്നും ആരോപണം ഉയരുന്നുണ്ട്.

Top