തൃശൂര്‍: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച കേരള ഫെസ്റ്റിവലില്‍ വന്‍ ക്രമക്കേട് നടന്നതായി അക്കൗണ്ടന്റ് ജനറല്‍. സംസ്ഥാന വിനോദ സഞ്ചാര വകുപ്പാണ് രാജ്യത്തെ ഒമ്പത് നഗരങ്ങളില്‍ കേരള ഫെസ്റ്റിവല്‍ നടത്താനായി തീരുമാനിച്ചത്.
വിനോദ സഞ്ചാര വകുപ്പ് ആഘോഷങ്ങളുടെ നടത്തിപ്പിനായി കേരള സംഗീത നാടക അക്കാദമിയെ അംഗീകൃത ഏജന്‍സിയായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
സൂര്യകൃഷ്ണമൂര്‍ത്തി ചെയര്‍മാനും പി.വി കൃഷ്ണന്‍ നായര്‍ സെക്രട്ടറിയുമായ അക്കാദമി എക്‌സിക്യൂട്ടീവ് പരിപാടി നടത്താനായി കമ്മിറ്റിക്ക് 60 ലക്ഷം രൂപ നല്‍കിയിരുന്നു.
എ.ജിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇതുസംബന്ധിച്ച കൃത്യമായ കണക്ക് ഇതുവരെ നല്‍കിയിട്ടില്ല.
ഒമ്പത് സംസ്ഥാനങ്ങളില്‍ പരിപാടി നടത്താന്‍ തീരുമാനിച്ചെങ്കിലും വഡോദര, ഹൈദരാബാദ് എന്നീ രണ്ടു സ്ഥലങ്ങളിലെ റിപ്പോര്‍ട്ട് മാത്രമാണ് നല്‍കിയിട്ടുള്ളത്.
വിവിധ വേദികളായ ഭോപ്പാല്‍, നാഗ്പൂര്‍, പൂണെ, മുംബൈ, ചെന്നൈ, ബംഗളൂരു, ചണ്ഡിഗഡ് എന്നിവിടങ്ങളില്‍ നടത്തിയ പരിപാടികള്‍, പങ്കെടുത്ത കലാകാരന്മാര്‍, ചെലവിട്ട തുക എന്നിവ സംബന്ധിച്ച വിവരങ്ങള്‍ വിനോദ സഞ്ചാര വകുപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പത്തു മാസം പിന്നിട്ടിട്ടും ഇതുവരെ യാതൊന്നും തന്നെ നല്‍കിയിട്ടില്ല.
2015 ആഗസ്റ്റില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ തെരഞ്ഞെടുത്ത കോര്‍ഡിനേറ്റര്‍മാര്‍ക്ക് നാടക അക്കാദമി ജീവനക്കാരോ അക്കാദമിയുമായി നേരിട്ടോ ബന്ധമില്ലെന്ന ആരോപമണങ്ങള്‍ ഉയര്‍ന്നിരുന്നു.
മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇവര്‍ക്ക് പണം നല്‍കിയതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
എ.പി. പ്രദീപ്, ആര്‍. ബിനു, എ. പ്രവീണ്‍, വി. സഞ്ജയ് എന്നിവരെയാണ് കോര്‍ഡിനേറ്റര്‍മാരായി തെരഞ്ഞെടുത്തിരുന്നത്.
ഇവര്‍ക്ക് യഥാക്രമം 8.99 ലക്ഷം, 12.09 ലക്ഷം, 12.34 ലക്ഷം, 7.76 ലക്ഷം രൂപ മുന്‍കൂറായി നല്‍കാന്‍ തീരുമാനിച്ചിരുന്നു. കലാകാരന്മാരുടേയും സംഘാടകരുടേയും യാത്രയ്ക്കായി തിരുവനന്തപുരം എംജി വേള്‍ഡ്‌വെയ്‌സ് ട്രവല്‍സിനും ആറു ലക്ഷം രുപ മുന്‍കൂറായി നല്‍കിയിരുന്നു.
ബോഡിങ് പാസില്ലാതെ യാത്രാ ടിക്കറ്റ് മാത്രമാണ് വൗച്ചറില്‍ സമര്‍പ്പിച്ചിട്ടുള്ളത്. അതിനാല്‍ യാത്ര നടന്നതായി സ്ഥിരീകരിക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.