തൃശ്ശൂരിലെ അജ്ഞാത രൂപത്തെ തേടിയിറങ്ങിയ ആറുപേര്‍ അറസ്റ്റില്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ അജ്ഞാത രൂപത്തെ കണ്ടെന്ന പ്രചാരണത്തില്‍ വിശ്വസിച്ച് അജ്ഞാത രൂപത്തെ തേടിയിറങ്ങിയ
ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലോക് ഡൗണ്‍ ലംഘിച്ചു കൂട്ടമായി പുറത്തിറങ്ങിയതിനാണ് കേസ്. അജ്ഞത രൂപത്തെ പറ്റി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രിയാണ് അജ്ഞാത രൂപത്തെ അന്വേഷിച്ചു ഇറങ്ങിയ ആറ് പേരെ പൊലീസ് പിടികൂടിയത്. ഗുരുവായൂരിലും പരിസര പ്രദേശങ്ങളിലും താമസിച്ചിരുന്ന ശ്രീരാജ്, അഭിഷേക്, അസ്ലം, ശരത്, സുനീഷ് ,രാഹുല്‍ രാജ് എന്നിവരാണ് പിടിയിലായത്. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. കുന്നംകുളത്തും പരിസര പ്രദേശങ്ങളിലും അജ്ഞത രൂപം പറന്നു നടക്കുന്നു എന്ന തരത്തില്‍ പ്രചാരണം ഒരാഴ്ചയില്‍ ഏറെ ആയി നടക്കുന്നുണ്ട്. ഇതില്‍ അടിസ്ഥാനം ഇല്ലെന്നാണ് പൊലീസിന്റെ നിലപാട്.

അജ്ഞാത രൂപത്തിന്റെ വീഡിയോയോ ഫോട്ടോയോ ആര്‍ക്കും കിട്ടിയിട്ടില്ല. കൂട്ടം ചേര്‍ന്ന് പുറത്തിറങ്ങാന്‍ ഓരോരോ കാരണങ്ങള്‍ കണ്ടെത്തുകയാണ് നാട്ടുകാര്‍ എന്നാണ് പൊലീസ് കരുതുന്നത്. നേരത്തെ തൃശ്ശൂരിലെ തന്നെ കുന്നംകുളത്തും, കോഴിക്കോട്ടെ വട്ടക്കിണര്‍, ബേപ്പൂര്‍ മേഖലകളിലും അജ്ഞാത രൂപത്തെ തേടി ജനങ്ങള്‍ രാത്രിയില്‍ തെരച്ചിലിന് ഇറങ്ങുന്ന അവസ്ഥയുണ്ടായിരുന്നു. ലോക്ക് ഡൗണ്‍ ലംഘിച്ച് ജനങ്ങളെ പുറത്തിറക്കാന് പ്രേരിപ്പിക്കുന്ന ഇത്തരം വ്യാജപ്രചാരങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇവയുടെ ഉറവിടം കണ്ടെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഇന്ന് അറിയിച്ചിരുന്നു.

Top