kerala-face-financial-crisis-due-to-note ban-thomas-issac

തിരുവനന്തപുരം: നോട്ട് പിന്‍വലിച്ചത് മൂലം വരുമാനം കുറഞ്ഞിട്ടും ഇത്തവണ ശമ്പളം കൊടുക്കാന്‍ പണമുണ്ടെന്ന് തോമസ് ഐസക്. എന്നാല്‍ നോട്ടുണ്ടാവുമോ എന്ന കാര്യം ഇപ്പോഴും ഉറപ്പ് പറയാനാവില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.

ഈ മാസത്തെ ശമ്പളമെങ്കിലും മുടങ്ങരുതെന്ന് വ്യക്തമാക്കി ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കും കേന്ദ്ര ധനകാര്യ സെക്രട്ടറിക്കും കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.

ആദ്യ ആഴ്ചകളില്‍ ട്രഷറികളിലേക്ക് 1809 കോടി രൂപയുടെ നോട്ടുകള്‍ എത്തിക്കണമെന്നാണ് കത്തിലെ ആവശ്യം.

3200 കോടി രൂപയാണ് മാസാദ്യം ആദ്യ ആഴ്ചയിലെ ശമ്പളവും പെന്‍ഷനും നല്‍കാനായി സംസ്ഥാനത്തിന് വേണ്ടിവരുന്നത്. ഡിസംബര്‍ ആവശ്യത്തിന് പണം നല്‍കാത്തതിനാല്‍ നവംബറിലെ ശമ്പളവും പെന്‍ഷന്‍ വിതരണവും തടസപ്പെട്ടിരുന്നുവെന്നും തോമസ് ഐസക്ക് ഫേസ്ബുക്ക്‌പോസ്റ്റില്‍ ചൂണ്ടികാട്ടി.

തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നവംബര്‍ മാസം ശമ്പളം കൊടുക്കേണ്ട സമയത്ത് ഞാന്‍ നടത്തിയ ഒരു പരാമര്‍ശം ഒട്ടേറെ ശ്രദ്ധ പിടിച്ചുപറ്റി. ഈ മാസം ട്രഷറിയില്‍ പണമുണ്ട്. പക്ഷേ നോട്ടില്ല. അടുത്ത മാസം നോട്ടുണ്ടായേക്കാം. പക്ഷേ പണമുണ്ടാവില്ല. പക്ഷേ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് വരുമാനം കുറഞ്ഞിട്ടും ശമ്പളം കൊടുക്കാന്‍ പണമുണ്ട് എന്നതാണവസ്ഥ. നോട്ടുണ്ടാവുമോ എന്ന് ഇപ്പോഴും ഉറപ്പു പറയാനാവില്ല. പ്രധാനമന്ത്രി ഉറപ്പു പറഞ്ഞ 50 ദിവസം ആവാറായിട്ടും നോട്ടിന്റെ ക്ഷാമം തീര്‍ന്നിട്ടില്ല.

ഒക്ടോബര്‍ 8 മുതല്‍ നവംബര്‍ 7 വരെയുള്ള 21 ദിവസത്തെ പ്രവൃത്തിദിനങ്ങളുടെ സര്‍ക്കാര്‍ ചെലവും നവംബര്‍ 8 മുതലുള്ള 21 പ്രവൃത്തിദിനങ്ങളുടെ ചെലവും താരതമ്യപ്പെടുത്തുമ്പോള്‍ 1119 കോടി രൂപ കുറഞ്ഞതായിട്ടാണ് കാണുന്നത്. ഇന്നത്തേത് സാധാരണഗതിയിലുള്ള മാന്ദ്യമല്ല. കറന്‍സിയില്ലാത്തതിന്റെ ഫലമായുള്ള മാന്ദ്യമാണ്. ഇത് പൊതു സമ്പദ്ഘടനയിലെന്നപോലെതന്നെ സര്‍ക്കാര്‍ ട്രഷറിയില്‍ നിന്നുള്ള ചെലവിനേയും പ്രതികൂലമായി ബാധിച്ചു. ഏതെല്ലാം ഇനങ്ങളിലാണ് ഇങ്ങനെ ചെലവു കുറഞ്ഞത് എന്നു സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് 500600 കോടി രൂപ ശമ്പളപെന്‍ഷന്‍ ഇനങ്ങളില്‍ ഇനിയും പിന്‍വലിക്കാന്‍ ഉണ്ടെന്നതാണ്. മാന്ദ്യത്തിന്റെ അന്തരീക്ഷത്തില്‍ പണച്ചെലവ് ചുരുക്കുന്നതിനുള്ള പ്രവണത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെപ്പോലും ബാധിച്ചിരിക്കുന്നു എന്നുവേണം വിലയിരുത്താന്‍. പുറത്ത് നാട്ടില്‍ നോട്ടില്ലാത്തത് വികസനപ്രവര്‍ത്തനങ്ങളേയും പിടിച്ചു പുറകോട്ടു വലിച്ചിട്ടുണ്ട്.
ഇത് അതീവഗൌരവമായ സ്ഥിതിവിശേഷമാണ്. സാമ്പത്തികമാന്ദ്യത്തിന് പ്രതിവിധിയായിട്ട് പറയാം സര്‍ക്കാര്‍ ചെലവുകളുയര്‍ത്തുമെന്ന്. പക്ഷേ ഇന്നത്തെ മാന്ദ്യത്തിന് ഈ മരുന്ന് വേണ്ടത്ര ഫലിക്കില്ല. നോട്ടുകള്‍ ആവശ്യത്തിനില്ലാത്തത് സര്‍ക്കാര്‍ ചെലവുകളെയും പ്രതികൂലമായി ബാധിക്കും. മോഡി രാജ്യത്തെ കൊണ്ടെന്നെത്തിച്ചൊരു ഊരാക്കുടുക്കു നോക്കിക്കേ. ഈ കുരുക്ക് നിശ്ചയദാര്‍ഡ്യത്തോടെ മുറിച്ച് കടന്നേ പറ്റൂ.

ഇന്നത്തെ സാഹചര്യത്തില്‍ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച മാന്ദ്യവിരുദ്ധപാക്കേജ് ധ്രുതഗതിയില്‍ നടപ്പാക്കാനും വിപുലപ്പെടുത്താനും കഴിയണം. വായ്പ എടുക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ധന ഉത്തരവാദിത്വ നിയമ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ബഡ്ജറ്റിനു പുറത്ത് വായ്പയെടുത്ത് ചിലവ് വര്‍ദ്ധിപ്പിക്കുകയേ നിര്‍വാഹമുള്ളൂ. കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച രൂപം നല്കിക്കഴിഞ്ഞ കിഫ്ബിയുടെ പ്രാധാന്യം പല മടങ്ങ് വര്‍ദ്ധിച്ചിരിക്കയാണ്. കേരളം വഴുതിവീണുകൊണ്ടിരിക്കുന്ന സാമ്പത്തികമാന്ദ്യത്തില്‍ നിന്ന് കരകയറുന്നതിന് കിഫ്ബി വഴി വിപുലമായ തോതില്‍ വായ്പയെടുത്ത് പശ്ചാത്തലസൌകര്യമേഖലയില്‍ നിക്ഷേപിക്കേണ്ടതുണ്ട്. കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ഏതാണ്ട് 4000 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി നല്കി കഴിഞ്ഞു. അടുത്ത 4000 കോടി രൂപയ്ക്ക് ജനുവരി മാസത്തില്‍ അനുവാദം നല്കും. 201718 കാലത്ത് ഇത്തരത്തില്‍ തുടക്കം കുറിക്കുന്ന നിര്‍മ്മാണപ്രവൃത്തികള്‍ 20,000 കോടി രൂപയായെങ്കിലും ഉയര്‍ത്താന്‍ കഴിഞ്ഞാല്‍ മോഡി സൃഷ്ടിച്ച മാന്ദ്യത്തെ ചെറുത്തു നില്‍ക്കാന്‍ കേരളത്തിനു കഴിയും. പലരും കരുതുന്നതുപോലെ ഇന്നത്തെ കറന്‍സി പ്രതിസന്ധി കിഫ്ബിയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയില്ല. കാരണം വായ്പ നല്കാനുള്ള ഫണ്ട് ഇപ്പോള്‍ സുലഭമായി ബാങ്കുകളുടെ പക്കലുണ്ട്. മാത്രമല്ല പലിശയും കുറയുകയാണ്. ഈ അനുകൂല സാഹചര്യം കിഫ്ബി വഴി ഉപയോഗപ്പെടുത്താന്‍ കേരളത്തിനു കഴിയണം.

Top