ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കടത്താന്‍ ശ്രമിച്ചു; കോഴിക്കോട്ട് പത്ത് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

കോഴിക്കോട്: ബംഗളുരുവില്‍ നിന്ന് കോഴിക്കോടേക്ക് ട്രെയിന്‍ മാര്‍ഗം പത്ത് കിലോ കഞ്ചാവുമായെത്തിയ യുവാവ് പിടിയില്‍. മംഗലാപുരം സ്വദേശി അന്‍സാര്‍ (28) നെയാണ് എക്‌സൈസ് ഇന്റലിജന്‍സും എക്‌സൈസ് സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.

കോഴിക്കോട്ടേക്ക് അന്‍സാര്‍ കഞ്ചാവുമായി എത്തുന്നുണ്ടെന്ന് എക്‌സൈസ് ഇന്റലിജന്‍സിന് നേരത്തെ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് എക്‌സൈസ് സ്‌ക്വാഡ് അന്‍സാറിനെ കണ്ടെത്തിയത്. അന്‍സാര്‍ ആര്‍ക്കാണ് കഞ്ചാവ് കൊണ്ടുവന്നതെന്നതിനെ കുറിച്ച് എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. അന്‍സാറിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ സ്ഥിരമായി കോഴിക്കോട് കഞ്ചാവ് വില്‍പന നടത്തുന്നവരെ കുറിച്ച് അറിയാനാവുമെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കരുതുന്നത്.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ സജിത്കുമാര്‍, ഇന്‍സ്പക്ടര്‍ സുധാകരന്‍, ഇന്റലിജന്‍സ് ഫീല്‍ഡ് ഓഫീസര്‍മാരായ അബ്ദുള്‍ ഗഫൂര്‍, കെ.എന്‍.റിമേഷ്, യു.പി.മനോജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റെനീഷ്, അനുരാജ്, വനിതാ എക്‌സൈസ് ഓഫീസര്‍ സുജല എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Top