കേരളത്തിന് അടിയന്തിര സഹായവുമായി ബഹ്‌റൈന്‍ ഭരണകൂടവും

മനാമ: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് അടിയന്തിര സഹായമെത്തിക്കാന്‍ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ ഉത്തരവിട്ടു. സര്‍ക്കാരിനു കീഴിലെ ജീവകാരുണ്യ വിഭാഗമായ റോയല്‍ ചാരിറ്റി ഓര്‍ഗനൈസേഷന്റെ ചുമതലയുള്ള ശെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫക്കാണ് ഇതു സംബന്ധിച്ച ഉത്തരവും നിര്‍ദേശങ്ങളും രാജാവ് നല്‍കിയിരിക്കുന്നത്. ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസിയുമായും ഇന്ത്യന്‍ സമൂഹവുമായും ബന്ധപ്പെട്ട് ആവശ്യമായ വസ്തുക്കളെ കുറിച്ച് അന്വേഷിക്കാനും രാജ്യത്ത് നിന്ന് അടിയന്തിര സഹായങ്ങള്‍ എത്തിക്കാനുമാണ് രാജാവ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

രാജാവിന്റെ ഉത്തരവ് ലഭിച്ചതോടെ ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ശൈഖ് നാസര്‍ റോയല്‍ ചാരിറ്റി വൃത്തങ്ങളും അറിയിച്ചു. കേരളത്തിലെ ദുരിത ബാധിതരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബഹ്‌റൈനിലെ മറ്റു ഭരണാധികാരികളും രംഗത്തെത്തിയിട്ടുണ്ട്. രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫക്കു പുറമെ കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ എന്നിവരടക്കമുള്ള പ്രമുഖരാണ് കേരളത്തിലെ പ്രളയ ബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് സന്ദേശങ്ങളയച്ചത്.

പ്രളയത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ആദരാജ്ഞലിയും കഷ്ടതയനുഭവിക്കുന്നവരോട് ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുന്നതായി രാഷ്ട്രപ്രതി രാംനാഥ് കോവിന്ദിനും, പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡുവിനും അയച്ച വ്യത്യസ്ത സന്ദേശങ്ങളില്‍ ബഹ്‌റൈന്‍ ഭരണാധികാരികള്‍ അറിയിച്ചു.

Top