സർവേയിൽ വീണ്ടും പിണറായി ! കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ നേതാവോ?

തിരുവനന്തപുരം: പുറത്ത് വന്ന സർവേ ഫലം കണ്ട് ഞെട്ടിത്തരിച്ച് യു.ഡി.എഫ് കേന്ദ്രങ്ങൾ. ഭരണം ഉറപ്പിച്ച കോൺഗ്രസ്സ്, മുസ്ലീം ലീഗ് നേതാക്കളും അണികളും വലിയ നിരാശയിലാണ്.

കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിലും, ആർ.എസ്.പി നേതൃത്വത്തിനും എല്ലാം വലിയ ഷോക്കാണ് സർവേ ഫലം നൽകിയിരിക്കുന്നത്.ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ ഒരു സർവേയിൽ പോലും യു.ഡി.എഫിന് സാധ്യത പ്രവചിച്ചിട്ടില്ലന്നതാണ് യു.ഡി.എഫിനെ ഞെട്ടിക്കുന്നത്.

റിപ്പബ്ലിക്ക് ടിവി-സിഎൻഎക്‌സ് സർവേയിൽ ഇടതുപക്ഷം 72 മുതൽ 82 സീറ്റ് വരെ നേടി അധികാരത്തിൽ വരുമെന്നാണ് പ്രവചിക്കുന്നത്. യുഡിഎഫിന് 58 മുതൽ 64 വരെ സീറ്റ് ലഭിക്കുമെന്നാണ് ഈ സർവേയിൽ പറയുന്നത്. എൻഡിഎക്ക് 1 മുതൽ 5 വരെ സീറ്റിന് സാധ്യതയും സൂചിപ്പിച്ചിട്ടുണ്ട്.

ഇന്ത്യാ ടുഡേ- സി വോട്ടർ സർവേയാണ് സകലരെയും ഞെട്ടിച്ചിരിക്കുന്നത് 104 മുതൽ 120 സീറ്റുകൾ വരെ നേടി ഇടതുമുന്നണി അധികാരത്തിൽ വരുമെന്നാണ് ഇന്ത്യാടുഡേ പ്രവചിക്കുന്നത്.ഈ സർവേ പ്രകാരം, 20 മുതൽ-36 സീറ്റുകൾ വരെ മാത്രമേ യുഡിഎഫിന് ലഭിക്കുകയുള്ളൂ. ബിജെപിക്ക് – 0-2 സീറ്റുകളും ലഭിച്ചേക്കും.ഇന്ത്യാ ടുഡേ സർവേ ഫലം യാഥാർത്ഥ്യമായാൽ, പ്രതിപക്ഷ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും, പ്രതിപക്ഷത്തെ പ്രധാന പാർട്ടി മുസ്ലീം ലീഗും ആകും.

എൻഡിടിവി സർവേയിൽ ഇടതുപക്ഷത്തിന് 88 സീറ്റുകളും, യുഡിഎഫിന് 51 സീറ്റുകളുമാണ് പ്രവചിക്കുന്നത്. എൻഡിഎക്ക് 2 സീറ്റും ഈ സർവേയിൽ പ്രവചിക്കുന്നുണ്ട്. എബിപി-സി വോട്ടർ സർവേയിൽ ഇടതുപക്ഷത്തിന് 71 മുതൽ 77 വരെ സീറ്റും, യുഡിഎഫ് 62 മുതൽ 68 വരെയും, എൻഡിക്ക് 2 സീറ്റ് വരെയും പ്രവചിക്കുന്നുണ്ട്.

സിഎൻഎൻ-ന്യൂസ് -18 സർവേയിൽ ഇടതുപക്ഷത്തിന് 72 മുതൽ 80 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്. യുഡിഎഫിന് 58-മുതൽ 64 സീറ്റ് വരെയാണ് ലഭിക്കുക. എൻഡിഎക്ക് ഒന്നുമുതൽ അഞ്ച് സീറ്റുകൾ വരെ ലഭിക്കുമെന്നും ഈ സർവേയിൽ പ്രവചിക്കുന്നുണ്ട്. വിവിധ മലയാള ചാനലുകളുടെ സർവേകളിലും ഇടതുപക്ഷത്തിനു തന്നെയാണ് മുൻതൂക്കം പ്രവചിച്ചിരിക്കുന്നത്. വോട്ടെണ്ണുന്നതിന് തൊട്ട് മുൻപ് വന്ന സർവേ റിപ്പോർട്ട് യു.ഡി.എഫ് അണികളെയും വലിയ നിരാശയിലാക്കിയിട്ടുണ്ട്.ഭരണ തുടർച്ച ഇടതുപക്ഷത്തിന് ലഭിച്ചാൽ, യു.ഡി.എഫ് എന്ന സംവിധാനം തന്നെയാണ് തകർന്ന് തരിപ്പണമാകുക.

Top