ബേപ്പൂരിലെ റിയാസിന്റെ മാസ് വിജയം മനോരമയ്ക്കുള്ള മാസ് മറുപടിയാണ് !

ത് മനോരമയ്ക്കുള്ള ഒന്നാന്തരം ഒരു മറുപടിയാണ്. മുഹമ്മദ് റിയാസ് എന്ന ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻ്റിൻ്റെ തോൽവി പ്രവചിച്ചവർ ഇപ്പോൾ ശരിക്കും ഇളിഭ്യരായിരിക്കുകയാണ്. റിയാസിൻ്റെ വിജയം ഇവർക്ക് നൽകിയിരിക്കുന്നത് വൻ പ്രഹരമാണ്. കമ്യൂണിസ്റ്റുകൾ അധികാരത്തിൽ വന്നാൽ ജീവനൊടുക്കുമെന്ന് പ്രഖ്യാപിച്ച പത്രാധിപരുടെ പിൻമുറക്കാർ മുഖ്യമന്ത്രിയുടെ മരുമകൻ്റെ തോൽവി ആഗ്രഹിക്കുന്നതും സ്വാഭാവികമാണ്. അവർ റിയാസിനെ മുഖ്യമന്ത്രിയുടെ മരുമകനായി മാത്രമാണ് കാണാൻ ആഗ്രഹിക്കുന്നത്. ചാനലിൻ്റെ അഭിപ്രായ സർവേ വിലയിരുത്തലിലും ഈ പരിഹാസം പ്രകടമാണ്. റിയാസ് പരാജയപ്പെട്ടിരുന്നെങ്കിൽ അതാകുമായിരുന്നു ഇപ്പോൾ ഏറ്റവും കൂടുതൽ ആഘോഷമാക്കപ്പെടുമായിരുന്നത്. കമ്യൂണിസ്റ്റ് വിരുദ്ധരെല്ലാം ഏറെ ആഗ്രഹിച്ചതും അതു തന്നെയാണ്. എന്നാൽ ഈ സ്വപ്നങ്ങൾക്കെല്ലാം അല്പായുസ് മാത്രമാണ് ഉണ്ടായിരിക്കുന്നത്.

29,017 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ബേപ്പൂരിൽ നിന്നും മുഹമ്മദ് റിയാസ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. റിയാസിൻ്റെ വിജയം അപവാദ പ്രചരണങ്ങൾക്കു മേൽ നേടിയ ആധികാരിക വിജയം കൂടിയാണ്. വ്യക്തിഹത്യ നടത്തി റിയാസിനെ കടന്നാക്രമിക്കുവാൻ എതിരാളികൾ സ്വീകരിച്ചിരുന്നത് ഹീനമായ വഴികളായിരുന്നു. ഈ കുപ്രചരണങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ ജനങ്ങൾ തന്നെയാണിപ്പോൾ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ബേപ്പൂരിലെ ചുവപ്പ് കോട്ട അതിൻ്റെ ചരിത്രം വീണ്ടും ആവർത്തിക്കുക വഴി പൊരുതുന്ന യുവത്വത്തെയാണ് നിയമസഭയിലേക്ക് സംഭാവന ചെയ്തിരിക്കുന്നത്. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻ്റായ മുഹമ്മദ് റിയാസ് കടന്നുവന്ന വഴികളും തീക്ഷ്ണമാണ്. മുഖ്യമന്ത്രിയുടെ മരുമകനായി മാത്രം ചിത്രീകരിക്കാൻ മത്സരിക്കുന്നവർ ഈ പോരാളിയുടെ ചരിത്രവും അറിയണം. എസ്.എഫ്.ഐയിലേക്ക് മുഹമ്മദ് റിയാസ് ചുവടുവയ്ക്കുമ്പോൾ അദ്ദേഹത്തിൻ്റെ പിതാവ് അസിസ്റ്റൻറ് പൊലീസ് കമ്മീഷണറായിരുന്നു എന്ന യാഥാർത്ഥ്യം ആരും തന്നെ മറന്നു പോകരുത്. ഉന്നതനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ മകനായിരിക്കെ വിദ്യാർത്ഥി പ്രക്ഷോഭത്തിലേക്ക് എടുത്ത് ചാടാൻ ഈ കാലത്ത് ആരാണ് ധൈര്യപ്പെടുക ? ഏത് കുടുംബമാണ് അതിന് അനുവദിക്കുക എന്നതും ചിന്തിക്കുന്നത് നല്ലതായിരിക്കും. ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയാത്തവർ റിയാസിനെ അപമാനിക്കാൻ ശ്രമിച്ചാൽ അതിന് ചുട്ട മറുപടി തന്നെയാണ് ലഭിക്കുക.

എസ്.എഫ്.ഐ സമര മുഖത്തെ പോരാളി പൊലീസിനും അക്കാലത്ത് വലിയ വെല്ലുവിളിയായിരുന്നു. അസിസ്റ്റൻ്റ് കമ്മീഷണറുടെ മകനെന്ന ‘ലേബൽ ‘ അഴിച്ചുവച്ചാണ് റിയാസ് സമരമുഖത്ത് സജീവമായിരുന്നത്. പിതാവ് പി.എം അബ്ദുൾ ഖാദർ  കണ്ണൂർ എസ്.പി ആയിരുന്നപ്പോഴും കോഴിക്കോട് കമ്മീഷണറായിരുന്നപ്പോഴും സംഘടനാ പ്രവർത്തനത്തിൽ റിയാസ് ഏറെ സജീവമായിരുന്നു. എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലും പ്രവർത്തിക്കുമ്പോൾ നിരവധി തവണ പൊലീസ് മർദ്ദനം ഏൽക്കേണ്ടി വന്ന ഈ യുവ നേതാവ് ദീർഘകാലമാണ് ജയിലിലടക്കപ്പെട്ടിരുന്നത്. സംഘടനാ പ്രവർത്തനത്തിൻ്റെ ഭാഗമായാണ് റിയാസ് അടി കൊണ്ടതും ജയിലിൽ പോയതും ഇങ്ങനെ ത്യാഗം സഹിക്കാൻ തയ്യാറുള്ള എത്ര പേർ മറ്റു സംഘടനകളിൽ ഉണ്ട് എന്നതും മനോരമ വിലയിരുത്തുന്നത് നല്ലതായിരിക്കും. ഒരു പൊലീസുകാരൻ്റെ മകനായാൽ പോലും രാഷ്ട്രീയത്തിൽ മക്കളെ വിടാത്ത കാലത്താണ് കമ്മീഷണറുടെ മകൻ തന്നെ ഇവിടെ പ്രക്ഷോഭങ്ങൾ നയിച്ചിരിക്കുന്നത്. കഴിഞ്ഞ 30 വർഷത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള വ്യക്തിയാണ് മുഹമ്മദ് റിയാസ് എന്നതും കുത്തക മാധ്യമങ്ങൾ മറന്നു പോകരുത്.

എസ്.എഫ്.ഐ യുടെയും ഡി.വൈ.എഫ്.ഐയുടെയും യൂണിറ്റ് തലത്തിൽ നിന്നാണ് റിയാസ് വളർന്ന് വന്നിരിക്കുന്നത്. അതാകട്ടെ സ്വന്തം നിലയ്ക്കുമാണ്. കോൺഗ്രസ്സിലെത് പോലെ ഗോഡ് ഫാദർമാർ വളർത്തുന്ന പതിവ് കമ്യൂണിസ്റ്റു പാർട്ടികൾക്കില്ല. പോരാടി തന്നെയാണ് ഓരോ പ്രവർത്തകരും നേതൃനിരയിൽ എത്തുന്നത്. എസ്.എഫ്.ഐ സംസ്ഥാന നേതൃത്വത്തിൽ വരെ എത്തിയ റിയാസ് ഇപ്പോൾ സി.പി.എം സംസ്ഥാന കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻ്റുമാണ്. ആ പദവിയിലിരുന്ന് അദ്ദേഹം നടത്തിയ ഇടപെടലുകൾ രാജ്യം പലവട്ടം കണ്ടതുമാണ്. നിരവധി വിഷയങ്ങളിലാണ് ഈ കാലയളവിൽ റിയാസ് ഇടപെട്ടിട്ടുള്ളത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സംഘപരിവാർ സംഘടനകൾക്കെതിരെ രംഗത്ത് വന്ന ഐ.പി.എസ് ഓഫീസർ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് ഭരണകൂടം ജയിലിലടച്ച് ദ്രോഹിച്ചപ്പോൾ പിന്തുണയുമായി അദ്ദേഹത്തിൻ്റെ വീട്ടിൽ ആദ്യമെത്തിയവരിൽ റിയാസും സംഘവുമുണ്ടായിരുന്നു. പിന്നീട് റിയാസിൻ്റെയും മറ്റു ഡി.വൈ.എഫ്.ഐ നേതാക്കൾക്കുമൊപ്പം സഞ്ജീവ് ഭട്ടിൻ്റെ ഭാര്യയും മകനും മുഖ്യമന്ത്രി പിണറായിയെ സന്ദർശിക്കുകയുമുണ്ടായി. സർക്കാറും സി.പി.എമ്മും സഞ്ജീവ് ഭട്ടിൻ്റെ കുടുംബത്തിന് വലിയ പിന്തുണയാണ് നൽകിയിരുന്നത്.

കേന്ദ്ര സർക്കാറിനെയും ബി.ജെ.പി നേതൃത്വത്തെയും ഏറെ ചൊടിപ്പിച്ച സംഭവം കൂടിയായിരുന്നു ഇത്. അതു പോലെ തന്നെ ട്രെയിൻ യാത്രക്കിടെ പരിവാറുകാർ തല്ലിക്കൊന്ന ഹരിയാന സ്വദേശി  ജുനൈദിൻ്റെ കുടുംബത്തിന് സഹായം നൽകുന്നതിനു വേണ്ടി ഇടപെട്ടതും മുഹമ്മദ് റിയാസാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തതിന് ഡൽഹിയിലും മുംബൈയിലും ഈ യുവ നേതാവ് അറസ്റ്റ് ചെയ്യപ്പെട്ടു. കർഷ പ്രക്ഷോഭത്തിലും ശക്തമായ ഇടപെടലുകളാണ് റിയാസിൻ്റെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ നടത്തിയിരുന്നത്. ജാതി കൊലപാതകങ്ങൾക്കെതിരെ തമിഴ് നാട്ടിൽ പ്രതിഷേധമുയർന്നപ്പോൾ അവിടെയും മുഹമ്മദ് റിയാസിൻ്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. ഇങ്ങനെ ചൂണ്ടിക്കാട്ടാൻ നിരവധി ഉദാഹരണങ്ങൾ നിലവിലുണ്ട്.

ഇതെല്ലാം മുഖ്യമന്ത്രിയുടെ മരുമകനാകുന്നതിന് മുൻപ് നടന്ന സംഭവങ്ങളാണ്. 2009ൽ കോഴിക്കോട് ലോകസഭ മണ്ഡലത്തിൽ നിന്നും റിയാസ് പരാജയപ്പെട്ടത് തന്നെ നിസാര വോട്ടുകൾക്ക് മാത്രമാണ്. അന്ന് വീരേന്ദ്രകുമാറിൻ്റെ ജനതാദൾ മുന്നണിയിലുണ്ടായിരുന്നില്ല എന്നതും ഒരു യാഥാർത്ഥ്യമാണ്. തിരഞ്ഞെടുപ്പിലെ വിജയവും പരാജയവും കമ്യൂണിസ്റ്റുകളെ സംബന്ധിച്ച് അവരുടെ പ്രവർത്തനങ്ങളെ ഒരിക്കലും പിറകോട്ടടിപ്പിക്കാറില്ല ചാരത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ ചരിത്രമാണ് ചെമ്പടക്കുള്ളത്. ചുവപ്പിൻ്റെ ആത്മവിശ്വാസം ജനങ്ങളിലാണ്. അതു തന്നെയാണ് ഡി.വൈ.എഫ്.ഐ പ്രസിഡൻ്റ് മുഹമ്മദ് റിയാസിൻ്റെയും കരുത്ത്. റിയാസിന് ബേപ്പൂർ ജനത നൽകിയ പിന്തുണ പുതിയ ചരിത്രത്തിനാണ് തുടക്കം കുറിക്കാൻ പോകുന്നത്. അക്കാര്യത്തിൽ കുത്തക മാധ്യമങ്ങൾക്കും ഒരു സംശയവും ഉണ്ടാവേണ്ടതില്ല.

Top