മുഖ്യമന്ത്രി ആവശ്യപ്പെട്ടു, രക്തദാനത്തിന് മുന്നിട്ടിറങ്ങി ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം: സംസ്ഥാനത്തെ രക്തബാങ്കുകളിലെ ദൗര്‍ലഭ്യത്തെ കുറിച്ച് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതിന് പിന്നാലെ ബ്ലഡ് ബാങ്കുകളില്‍ ആവശ്യാനുസരണം രക്തത്തിന്റെ ലഭ്യത ഉറപ്പുവരുത്തി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്ത്. രക്തത്തിന്റെ കുറവ് മുഖ്യമന്ത്രി പ്രത്യേകം പരാമര്‍ശിച്ച സാഹചര്യത്തിലാണ് പ്രത്യേക രക്തദാന പദ്ധതിയുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വീണ്ടും സജീവമായി രംഗത്തെത്തിയത്.

കൊവിഡ് 19 സ്ഥിരീകരിച്ച ഘട്ടം മുതല്‍ തന്നെ രക്തദാന പദ്ധതി തയ്യാറാക്കി മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ച സംഘടനയാണ് ഡിവൈഎഫ്‌ഐ. ഇന്നുമാത്രം ഇരുനൂറ്റിയമ്പതോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് സംസ്ഥാനത്തുടനീളം ബ്ലഡ് ബാങ്കുകളിലേക്ക് ആവശ്യമായ രക്തം നല്‍കിയത്.

വിശ്രമമില്ലാത്ത കര്‍മ്മ ദൗത്യമാണ് ഈ ദുരന്ത കാലത്തും ഡിവൈഎഫ്‌ഐ ഏറ്റെടുത്തുവരുന്നത്. ബ്ലഡ് ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് എല്ലാ ബ്ലഡ് ബാങ്കുകളിലും ആവശ്യമായ രക്തത്തിന്റെ ലഭ്യത ഉറപ്പ് വരുത്തുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം അറിയിച്ചിട്ടുണ്ട്.

Top