രഞ്ജി ട്രോഫി ക്രിക്കറ്റില്‍ അസമിനെതിരെ കേരളത്തിന് സമനില

ഗുവാഹത്തി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ അസമിനെതിരെ കേരളത്തിന് സമനില. മത്സരത്തിന്റെ അവസാന ദിവസമായ ഇന്ന് ഏഴിന് 231 എന്ന നിലയിലായിരുന്നു അസം ബാറ്റിംഗ് പുഃനരാരംഭിച്ചത്. വെറും 17 റണ്‍സ് കൂടെ ചേര്‍ത്തപ്പോഴേയ്ക്കും അവശേഷിച്ച മൂന്ന് വിക്കറ്റുകള്‍ കൂടെ അസമിന് നഷ്ടമായി. കേരളത്തിനായി ബേസില്‍ തമ്പി അഞ്ചും ജലജ് സക്‌സേന നാലും വിക്കറ്റെടുത്തു.

ഒന്നാം ഇന്നിംഗ്‌സില്‍ ലീഡ് നേടിയതോടെ നിര്‍ണായകമായ മൂന്ന് പോയിന്റ് കേരളത്തിന് ലഭിച്ചു. ഇതോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് കേരളത്തിന് നാല് പോയിന്റായി. കേരളത്തിന്റെ അടുത്ത മത്സരം ജനുവരി 19 മുതലാണ്. കരുത്തരായ മുംബൈയാണ് അടുത്ത മത്സരത്തിലെ എതിരാളികള്‍.

ഫോളോ ഓണ്‍ ചെയ്ത് ബാറ്റിംഗിനിറങ്ങിയ അസം രണ്ടാം ഇന്നിംഗ്‌സില്‍ മൂന്നിന് 212 റണ്‍സെടുത്തിട്ടുണ്ട്. സെഞ്ച്വറി നേടിയ രാഹുല്‍ ഹസാരികയാണ് അസമിനെ ലീഡിലേക്ക് എത്തിച്ചത്. രണ്ടാം ഇന്നിംഗ്‌സില്‍ അസം 41 റണ്‍സ് ലീഡ് നേടി. മത്സരത്തിന് ഫലമുണ്ടാകില്ലെന്ന് ഉറപ്പായതോടെ ഇരുടീമുകളും സമനിലയ്ക്ക് സമ്മതിച്ചു.

Top