മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് കേരളം വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിക്കുന്നില്ല; തമിഴ്‌നാട്

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള വൈദ്യുതി കണക്ഷന്‍ കേരളം പുനഃസ്ഥാപിക്കുന്നില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍. വള്ളക്കടവില്‍ നിന്ന് ഗാട്ട് റോഡ് വഴി മുല്ലപ്പെരിയാറിലേക്കുള്ള ആറ് കിലോമീറ്റര്‍ അപ്രോച്ച് റോഡ് നന്നാക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകുന്നില്ല. അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താന്‍ മേല്‍നോട്ട സമിതി രൂപീകരിച്ച സബ് കമ്മിറ്റി പിരിച്ച് വിടരുതെന്നും തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

2000 മുതല്‍ മുല്ലപ്പരിയാര്‍ അണക്കെട്ടില്‍ വൈദ്യതി കണക്ഷന്‍ ഇല്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറയുന്നു. വൈദ്യുതി പുനഃസ്ഥാപിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ 1.785 കോടി രൂപ കേരളത്തിന് കൈമാറി. എന്നാല്‍ ഇതുവരെയും കെഎസ്ഇബി വൈദ്യുതി നല്‍കിയിട്ടില്ല എന്നാണ് തമിഴ്നാട് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

അണക്കെട്ടിലേക്കുള്ള അപ്രോച്ച് റോഡ് 10 വര്‍ഷമായി തകര്‍ന്ന് കിടക്കുകയാണ്. വള്ളക്കടവില്‍ നിന്ന് ഗാട്ട് റോഡ് വഴി മുല്ലപ്പെരിയാറിലേക്കുള്ള അപ്രോച്ച് റോഡ് നന്നാക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും റോഡ് നന്നാക്കാന്‍ തങ്ങളെ അനുവദിക്കുന്നില്ലെന്നും തമിഴ്നാട് കുറ്റപ്പെടുത്തുന്നു. മുല്ലപ്പെരിയാറിലെ ബേബി ഡാമും, എര്‍ത്ത് ഡാമും ശക്തിപെടുത്തുന്നതിന് കേരളം സഹകരിക്കുന്നില്ലെന്നാണ് തമിഴ്‌നാടിന്റെ മറ്റൊരു ആരോപണം. അണക്കെട്ടുകള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗം ആയി 23 മരങ്ങള്‍ മുറിക്കേണ്ടതുണ്ട്. എന്നാല്‍ കേരളം അതിന് അനുമതി നല്‍കുന്നില്ല.

കോതമംഗലം സ്വദേശി ഡോക്ടര്‍ ജോ ജോസഫും കോതമംഗലം ബ്ലോക്ക് പഞ്ചായത്തിലെ അംഗങ്ങളായ ഷീല കൃഷ്ണന്‍കുട്ടി, ജെസ്സി മോള്‍ ജോസ് എന്നിവരാണ് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരുന്നത്. കേന്ദ്ര ജലകമ്മീഷന്റെ എക്സിക്യുട്ടീവ് എഞ്ചിനിയര്‍ ആണ് സബ് കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്നത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്മിറ്റിയില്‍ നാല് അംഗങ്ങള്‍ ആണ് ഉള്ളത്.

അണക്കെട്ടിന്റെ റൂള്‍ കെര്‍വ്വ്, ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍ എന്നിവ തയ്യാറാക്കി നടപ്പിലാക്കുന്നതില്‍ ഒരു താമസവും ഉണ്ടായിട്ടില്ല എന്നാണ് തമിഴ്നാട് സര്‍ക്കാരിന്റെ നിലപാട്. പക്ഷേ പഴയ ഡാറ്റ ഉപയോഗിച്ച് ആണ് ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍ തയ്യാറാക്കിയിരിക്കുന്നത് എന്ന് തമിഴ്നാട് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Top