ജില്ലകളെ നാല് മേഖലകളാക്കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തിലെ ജില്ലകളെ നാല് മേഖലകളാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ലോക്ക് ഡൗണ്‍ നിയന്ത്രണച്ചട്ടങ്ങളും ഇളവുകളും വിശദമായി പറയുന്ന ഉത്തരവാണ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. കേരള സര്‍ക്കാരിന്റെ ഉത്തരവിന് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്.

കേരളത്തെ പ്രധാനമായും റെഡ്, ഓറഞ്ച് (എ), ഓറഞ്ച് (ബി), ഗ്രീന്‍ എന്നിങ്ങനെ നാല് സോണുകളായാണ് തിരിച്ചിരിക്കുന്നത്. അതില്‍ കാസറഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ റെഡ് സോണില്‍ ഉള്‍പ്പെടുന്നു. പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകള്‍ ഓറഞ്ച് എ സോണിലും ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശ്ശൂര്‍ ജില്ലകള്‍ ഓറഞ്ച് ബി സോണിലും ഉള്‍പ്പെടും. കോട്ടയം, ഇടുക്കി ജില്ലകള്‍ ഗ്രീന്‍ സോണില്‍.

ഓറഞ്ച് എ -24ാം തീയതി വരെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍, അതിന് ശേഷം ഭാഗിക ഇളവുകള്‍. ഓറഞ്ച് ബി-ഏപ്രില്‍ 20 വരെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍, അതിന് ശേഷം, കുറച്ചു കൂടി ഇളവുകള്‍. ഗ്രീന്‍ -ഏപ്രില്‍ 20 വരെ സമ്പൂര്‍ണലോക്ക് ഡൗണ്‍, അതിന് ശേഷം ഇളവുകള്‍. ഓറഞ്ച് എ, ബി സോണുകളില്‍ ഹോട്ട്‌സ്‌പോട്ടുകളായി കണ്ടെത്തിയ ഇടങ്ങളില്‍ മാത്രമാണ് ഇളവുണ്ടാകുക. ഹോട്ട്‌സ്‌പോട്ടുകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തന്നെ തുടരും.

ഓറഞ്ച് എ മേഖലയില്‍ 24-നു ശേഷവും ഓറഞ്ച് ബി മേഖലയില്‍ 20-നു ശേഷവും സ്വകാര്യ വാഹനങ്ങള്‍ക്ക് അനുമതിയുണ്ടാകും. ഒറ്റ അക്ക നമ്പറുകള്‍ ഉള്ള വാഹനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പുറത്തിറങ്ങാം. ഇരട്ട അക്ക നമ്പര്‍ വാഹനങ്ങള്‍ക്ക് വ്യാഴം, ശനി ദിവസങ്ങളില്‍ അനുമതി കിട്ടും. നാല് ചക്ര വാഹനങ്ങളില്‍ ഡ്രൈവര്‍ അടക്കം മൂന്നു പേര്‍ മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളൂ. ഇരു ചക്ര വാഹനങ്ങളില്‍ ഒരാള്‍ മാത്രം. കുടുംബാംഗമാണെങ്കില്‍ രണ്ട് പേര്‍ക്ക് യാത്ര ചെയ്യാം. യാത്രക്കാര്‍ക്ക് എല്ലാം മാസ്‌ക് നിര്‍ബന്ധമാണ്.

ഓറഞ്ച് എ, ബി മേഖലയില്‍ സിറ്റി ബസ് അനുവദിക്കുമെന്നതാണ് മറ്റൊരു ശ്രദ്ധേയമായ ഇളവ്. ബസ്സില്‍ രണ്ട് പേര്‍ക്ക് ഇരിക്കാനാകുന്ന സീറ്റില്‍ ഒരാള്‍ക്ക് മാത്രമേ ഇരിക്കാനാകൂ. നിന്ന് യാത്ര ചെയ്യുന്നത് അനുവദിക്കില്ല. ഒപ്പം ജില്ല വിട്ട് പോകുന്ന തരത്തിലുള്ള യാത്രയും അനുവദിക്കില്ല.

ഓറഞ്ച് കാറ്റഗറികളില്‍ അക്ഷയ കേന്ദ്രങ്ങള്‍, പോസ്റ്റോഫീസുകള്‍ എന്നിവ തുറക്കാം. റെഡ് സോണ്‍ ഒഴികെ ഉള്ള മേഖലകളില്‍ അവശ്യ സാധനം വില്‍ക്കുന്ന കടകളുടെ സമയം കൂട്ടി. രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെയാണ് ഏപ്രില്‍ 20-ന് ശേഷം പുതുക്കിയ സമയം. റെഡില്‍ ഇത് രാവിലെ 7 മണി മുതല്‍ വൈകിട്ട് 5 വരെയായി തുടരും.

റെഡ് ഒഴികെ എല്ലാ സോണുകളിലും ഹോട്ടലുകള്‍ തുറക്കാന്‍ അനുമതിയുണ്ടെന്നതും മറ്റൊരു ശ്രദ്ധേയമായ കാര്യമാണ്. രാത്രി 7 മണി വരെ ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം. രാത്രി എട്ട് മണി വരെ പാഴ്‌സല്‍ നല്‍കാന്‍ അനുമതിയുണ്ടാകും.

റെഡ് സോണ്‍ ഒഴികെയുള്ള എല്ലാ സോണുകളിലും കെട്ടിട നിര്‍മാണത്തിനും അനുമതി കിട്ടും. പക്ഷേ, സാമൂഹികാകലം പാലിച്ചാകണമെന്നത് നിര്‍ബന്ധമാണ്.

Top