‘ലിയോ’യുടെ കേരള വിതരണാവകാശം; കോടികളുടെ ഓഫറുമായി അഞ്ച് കമ്പനികൾ മത്സരരംഗത്ത്

ലോകേഷ് കനകരാജ്–വിജയ് ചിത്രം ‘ലിയോ’യുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ. അഞ്ചു പ്രധാന വിതരണക്കാരാണ് വിതരണാവകാശത്തിനായി മത്സരിച്ചത്. തുക എത്രയെന്നു വ്യക്തമല്ലെങ്കിലും കോടികൾ മുടക്കിയാണ് ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് ‘ലിയോ’യുടെ വിതരണാവകാശം സ്വന്തമാക്കിയതെന്നാണ് വിവരം. നിർമാതാക്കളുടെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാകും.

കേരളത്തിൽ ഏറ്റവും അധികം ആരാധകരുള്ള അന്യഭാഷാ നടനാണ് ദളപതി വിജയ്. ചുരുങ്ങിയ കാലം കൊണ്ട് മികച്ച ചിത്രങ്ങൾ ഒരുക്കി കേരളത്തിലടക്കം ആരാധകരെ സൃഷ്ടിക്കാൻ കഴിഞ്ഞ യുവ സംവിധായകനാണ് ലോകേഷ് കനകരാജ്. അതുകൊണ്ടുതന്നെ കേരളത്തിലും സിനിമയ്ക്കുവേണ്ടി വലിയൊരു പ്രേക്ഷകവിഭാഗം കാത്തിരിക്കുന്നുണ്ട്. ചിത്രം ഈ വർഷത്തെ പൂജ അവധിയോടനുബന്ധിച്ച് ഒക്ടോബർ 19ന് റിലീസിനെത്തും. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്. ലളിത് കുമാർ നിർമിക്കുന്ന ലിയോയുടെ സംഗീതം അനിരുദ്ധാണ് ഒരുക്കുന്നത്. സൂപ്പർഹിറ്റ് ചിത്രം ‘വിക്ര’ത്തിനു ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

വിജയ്‌യുടെ പാൻ ഇന്ത്യൻ ചിത്രമായാകും ‘ലിയോ’ ഒരുങ്ങുക. ഹിന്ദി, മലയാളം ഉൾപ്പടെ വിവിധ ഭാഷകളിലെ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു. മലയാളത്തിൽനിന്ന് മാത്യു, ബാബു ആന്റണി എന്നിവരും ഹിന്ദിയിൽനിന്നു സഞ്ജയ് ദത്തും പ്രധാന വേഷങ്ങളിൽ എത്തുന്നു. ആക്‌ഷൻ കിങ് അർജുനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തൃഷയാണ് നായിക.

മറ്റു ഭാഷകളിലെ വമ്പൻ ചിത്രങ്ങൾ കേരളത്തിൽ എത്തിക്കുന്ന പ്രധാന വിതരണക്കാരാണ് ശ്രീ ഗോകുലം മൂവീസ്. മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ, വിക്രം നായകനായ കോബ്ര എന്നീ സിനിമകളും ഗോകുലമായിരുന്നു കേരളത്തിൽ വിതരണം ചെയ്തത്. ലൈക പ്രൊഡക്‌ഷൻസിന്റെ കഴിഞ്ഞ ആറു ചിത്രങ്ങളും കേരളത്തിലെത്തിച്ചത് ഗോകുലം മൂവീസ് ആണ്.

Top