റേഷൻ കടകളിൽ ബ്ലൂടൂത്ത് ഘടിപ്പിക്കണമെന്ന കേന്ദ്രനിർദ്ദേശം നടപ്പാക്കാതെ കേരളം

കൊച്ചി : മുഴുവൻ റേഷൻകടകളിലും ബ്ലൂടൂത്ത് സംവിധാനം ഘടിപ്പിച്ച അളവുതൂക്ക ഉപകരണവും ഐറിസ് സ്കാനറും സ്ഥാപിക്കണമെന്ന കേന്ദ്രനിർദേശം നടപ്പാക്കാതെ കേരളം. ഇലക്ട്രോണിക് വേയിങ് മെഷീനും ഇപോസ് മെഷീനും തമ്മിൽ ബ്ലൂ ടൂത്ത് വഴി ബന്ധിപ്പിക്കുന്നതിലൂടെ റേഷൻ സാധനങ്ങളിലെ അളവുതൂക്കത്തിലെ തട്ടിപ്പു തടയാനായി കേന്ദ്രം നടപ്പാക്കുന്ന പദ്ധതിയാണിത്. തൂക്കി നൽകുന്ന സാധനങ്ങൾക്കു മാത്രം ബിൽ പ്രകാരം പണം നൽകുന്നത് ഉറപ്പുവരുത്തുന്ന സംവിധാനം നടപ്പാക്കാൻ 2019ൽ സർക്കാർ ടെൻഡർ നടപടികൾ തുടങ്ങിയതാണ്.

2019ൽ തിരുവനന്തപുരം ജില്ലയിലെ പത്തു റേഷൻ കടകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി കൃത്യത ഉറപ്പാക്കിയതിന്റെ അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചുവെങ്കിലും പ്രാവർത്തികമാക്കുന്നതിൽ അലംഭാവം തുടരുകയാണ്. 2019 മുതൽ 21 വരെ പലവട്ടം ടെൻഡർ നടപടികൾ നടന്നുവെങ്കിലും നടപ്പാക്കുന്നതിനാവശ്യമായ നീക്കം പൊതുവിതരണ വകുപ്പിൽ നിന്നുണ്ടായിട്ടില്ല. പദ്ധതി നടപ്പാക്കിയാൽ ഭക്ഷ്യധാന്യങ്ങൾക്കു നൽകുന്ന സബ്സിഡി ക്വിന്റലിനു 17 രൂപയിൽ നിന്ന് 21 രൂപയാക്കി വർധിപ്പിക്കാമെന്നു കേന്ദ്രം പറഞ്ഞിട്ടും പദ്ധതി നടപ്പാക്കിയിട്ടില്ല.

Top