Kerala Dalith Association against A P Anilkumar

തിരുവനന്തപുരം: ദലിതര്‍ക്ക് ഇപ്പോഴും രാഷ്ട്രീയ പാര്‍ട്ടികള്‍ അയിത്തം കല്‍പ്പിക്കുകയാണെന്നു പ്രസ്താവന നടത്തി കൈയ്യടി നേടിയ പട്ടികജാതി ക്ഷേമ, ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ നടത്തുന്ന ദലിത് അവഗണന അക്കമിട്ടു നിരത്തി പട്ടികജാതി യുവമോര്‍ച്ച രംഗത്ത്.

അധികാര സ്ഥാനങ്ങളില്‍ മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികള്‍ ഇപ്പോഴും അയിത്തം കല്‍പ്പിച്ചു മാറ്റിനിര്‍ത്തുന്നുവെന്നായിരുന്നു കോഴിക്കോട്ട് ബി.ആര്‍ അംബേദ്ക്കര്‍ മാധ്യമ പുരസ്‌ക്കാരം വിതരണം ചെയ്ത് മന്ത്രി അനില്‍കുമാര്‍ പറഞ്ഞത്. മന്ത്രിയുടെ പ്രസ്താവന ചര്‍ച്ചയായതോടെ പട്ടികജാതിക്കാരനായ മന്ത്രി അനില്‍കുമാര്‍ സ്വന്തം വകുപ്പില്‍ നടത്തിയ ദലിത് അവഗണന വിവരിച്ചാണ് പട്ടികജാതി യുവമോര്‍ച്ച രംഗത്തെത്തിയത്.

രണ്ടു തവണ പട്ടികജാതി ക്ഷേമ വകുപ്പിന്റെ മന്ത്രിയായിട്ടും ഒപ്പമുണ്ടായിരുന്ന സാംസ്‌ക്കാരിക, ടൂറിസം മന്ത്രിയെന്ന പേരില്‍ അറിയപ്പെടാനാണ് അനില്‍കുമാര്‍ ആഗ്രഹിച്ചത്.

അഡൈ്വസ് മെമ്മോ ലഭിച്ച പട്ടികജാതിക്കാതിക്കാര്‍ക്കുള്ള നിയമനം സംവരണം അട്ടിമറിച്ച് ജനറല്‍ വിഭാഗത്തിനു നല്‍കിയതില്‍ ഒരു നടപടിയും മന്ത്രി അനില്‍കുമാര്‍ സ്വീകരിച്ചിരുന്നില്ല. പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന കേസുകളില്‍ പകുതിപോലും തീര്‍പ്പാക്കിയിട്ടുമില്ല, സംഘടന ചൂണ്ടിക്കാട്ടി.

മാത്രമല്ല ഈ കേസുകള്‍ തീര്‍പ്പാക്കാന്‍ കാലതാമസമുണ്ടായതായി ദേശീയ പട്ടികജാതി കമ്മീഷന്‍ കണ്ടെത്തിയിരുന്നു. എന്നിട്ടും പട്ടികജാതി ക്ഷേമം കൈകാര്യം ചെയ്ത മന്ത്രി ചെറുവിരലുപോലും അനക്കിയില്ല. കോളനികളെ സ്വയം പര്യാപ്ത ഗ്രാമങ്ങളാക്കുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ പണം ചെലവഴിച്ചില്ല. ടൂറിസം മേഖലക്ക് ഊന്നല്‍കൊടുക്കുന്ന അനില്‍കുമാര്‍ പട്ടികജാതി ഹോസ്റ്റലുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍പോലും ശ്രദ്ധകാണിക്കുന്നില്ലെന്നും പട്ടികജാതി യുവമോര്‍ച്ച ആരോപിച്ചു.

മന്ത്രിയുടെ സ്വന്തം മണ്ഡലമായ വണ്ടൂരില്‍ പോലും പട്ടികജാതി ഹോസ്റ്റല്‍ പൂട്ടിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഗുരുതരമായ ആരോപണങ്ങളാണ് മന്ത്രി അനില്‍കുമാറിനെതിരെ ഉയരുന്നത്. ജാതി സംവരണത്തിന്റെ പേരില്‍ എം.എല്‍.എയും രണ്ടു തവണ മന്ത്രിയായിട്ടും സ്വന്തം ജാതിയിലെ പാവങ്ങളുടെ പ്രശ്‌നങ്ങളോട് മുഖം തിരിച്ച്, കൈയ്യടിക്കായി പ്രസ്താവന നടത്തുന്നു എന്ന ആക്ഷേപം അനില്‍കുമാറിനെതിരെ കോണ്‍ഗ്രസിലും ഉയരുന്നുണ്ട്. പട്ടികജാതിക്കാരുടെ പ്രശ്‌നങ്ങള്‍ അവഗണിക്കുന്ന മന്ത്രിക്കെതിരെ ദലിത് കോണ്‍ഗ്രസിനും അമര്‍ഷമുണ്ട്.

Top