സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 131 രോഗമുക്തര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 131 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്ന് പുതുതായി രോഗബാധിതരായവരിൽ 86 പേർ വിദേശത്ത് വിദേശത്ത് നിന്നും 81 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്‌. 13 പേർക്ക് സമ്പർക്കം മൂലമാണ് രോഗമുണ്ടായത്.

സംസ്ഥാനത്ത് തുടര്‍ച്ചയായ പതിമൂന്നാം ദിവസമാണ് നൂറിലേറെപ്പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. മലപ്പുറം 34പേര്‍ക്കും കണ്ണൂര്‍ 27പേര്‍ക്കും പാലക്കാട് 17പേര്‍ക്കും, തൃശൂര്‍ 18 പേര്‍ക്കും, എറണാകുളം 12 പേര്‍ക്കും, കാസര്‍ഗോഡ് 10 പേര്‍ക്കും, ആലപ്പുഴയില്‍ 8 പേര്‍ക്കും, പത്തനംതിട്ടയിലും കോഴിക്കോട്ടും 6പേര്‍ക്ക് വീതവും, തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, കൊല്ലം,വയനാട് 3 പേര്‍ക്കുവീതവും ഇടുക്കിയില്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

അതേസമയം, തിരുവനന്തപുരത്ത് 3പേരും, കൊല്ലത്ത് 21 പേരും, പത്തനംതിട്ടയില്‍ 5 പേരും, ആലപ്പുഴയില്‍ 9 പേരും, കോട്ടയത്ത് 6 പേരും, ഇടുക്കിയിലും വയനാട്ടിലും 2 പേര്‍ വീതവും, തൃശൂര്‍ 16 പേരും, പാലക്കാട് 11 പേരും, മലപ്പുറത്ത് 12 പേരും, കോഴിക്കോട് 15പേരും, കണ്ണൂര്‍ 13 പേരും, കാസര്‍കോട് 16 പേരും, എറണാകുളം ഒരാളുമാണ് ഇന്ന് രോഗമുക്തി നേടിയത്.

ആത്മഹത്യ ചെയ്ത കോഴിക്കോട് നടക്കാവ് സ്വദേശി കൃഷ്ണന്റെ ഫലം പോസിറ്റീവായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6564 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 4593 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. ചികിത്സയിൽ 2130 പേരുണ്ട്. 187219 പേരാണ് നിരീക്ഷണത്തിലുള്ളത്. 2831 പേർ ആശുപത്രികളിലാണ്. 290 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 181780 സാമ്പിളുകൾ ഇതുവരെ ശേഖരിച്ചു. 4042 എണ്ണത്തിന്റെ റിസൾട്ട് വരാനുണ്ട്. മുൻഗണനാ വിഭാഗത്തിലെ 50448 സാമ്പിളുകൾ ശേഖരിച്ചു. 48448 നെഗറ്റീവായി.

സംസ്ഥാനത്തെ ഹോട്സ്സ്പോട്ടുകളുടെ എണ്ണം 124 ആയിട്ടുണ്ട്. ട്രിപ്പിൾ ലോക്ക്ഡൗണുള്ള പൊന്നാനിയിൽ കർശന ജാഗ്രത. ഐജി അശോക് യാദവ് പൊലീസിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഓരോ പഞ്ചായത്തിലും അഞ്ച് കടകൾക്കേ പ്രവർത്തിക്കാനാവൂ. സാധനം ആവശ്യമുള്ളവർ പൊലീസ് പ്രസിദ്ധീകരിച്ച കടകളുടെ നമ്പറിൽ ഓർഡർ നൽകണം. വളണ്ടിയർമാർ സാധനം വീട്ടിലെത്തിക്കും. സാമൂഹിക അകലം പാലിക്കാത്തതിന് 16 കേസുകൾ പൊന്നാനിയിൽ രജിസ്റ്റർ ചെയ്തു. ആരോഗ്യവകുപ്പിന്റെ നിർദ്ദേശം ലംഘിച്ച് രോഗികളെ ഡിസ്ചാർജ് ചെയ്ത ആശുപത്രിക്കെതിരെ പൊന്നാനിയിൽ കേസെടുത്തു. മാസ്ക് ധരിക്കാത്ത 5373 സംഭവം സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തു. നിരീക്ഷണം ലംഘിച്ച 15 പേർക്കെതിരെ ഇന്ന് കേസെടുത്തു.

അതേസമയം, ഡോക്ടേഴ്സ് ഡേയിൽ ആശംസകളർപ്പിച്ചാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം തുടങ്ങിയത്. ഇന്ന് ഡോക്ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും വിശ്രമരഹിതമായ അധ്വാനമാണ് കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന്റെ അടിത്തറ. ലോകത്തിന്റെ നാനാഭാഗത്തും ജീവൻ ബലികൊടുത്താണ് ആരോഗ്യപ്രവർത്തകർ പ്രവർത്തിക്കുന്നത്. ലോക്ക്ഡൗൺ ഇളവിനെ തുടർന്ന് പ്രവാസികൾ തിരിച്ച് വന്നതോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർധിച്ചു. എന്നാൽ സമ്പർക്കവും മരണവും വലുതായി വർധിച്ചിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ വെല്ലുവിളി നേരിടേണ്ടി വന്നേക്കാം. ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും രോഗവ്യാപനം ചെറുക്കാൻ മുന്നിൽ നിൽക്കും- മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ കോവിഡ് പ്രോട്ടോക്കോളില്‍ ആരോഗ്യവകുപ്പ് മാറ്റം വരുത്തി. തുടര്‍ച്ചയായി രണ്ട് തവണ കോവിഡ് നെഗറ്റീവ് ആയാല്‍ മാത്രമേ രോഗമുക്തരായി കണക്കാക്കി ആശുപത്രിയില്‍ നിന്ന് മാറ്റാറുണ്ടായിരുന്നുള്ളൂ. ഈ ചട്ടം മാറ്റി, ഇനി ഒരു തവണ കോവിഡ് നെഗറ്റീവായാല്‍ത്തന്നെ രോഗമുക്തരായതായി കണക്കാക്കി വീട്ടിലേക്ക് മാറ്റാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. പിന്നീട് ഇവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കും. അതിന് ശേഷം എന്തെങ്കിലും തരത്തില്‍ അസുഖം മൂര്‍ച്ഛിക്കുന്ന സ്ഥിതി വന്നാല്‍ മാത്രമേ ആശുപത്രിയിലേക്ക് മാറ്റൂ.

Top