സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 167 രോഗമുക്തര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 167 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. രോ​ഗം ബാധിച്ചവരിൽ 92 പേ‍ർ വിദേശത്ത് നിന്നും വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും 65 പേരും വന്നു. സമ്പ‍ർക്കത്തിലൂടെ 35 പേ‍ർക്കാണ് രോ​ഗം പക‍ർന്നത്.

മലപ്പുറത്ത് 35പേര്‍ക്കും, കൊല്ലത്തും കണ്ണൂരും 11 പേര്‍ക്ക് വീതവും, ആലപ്പുഴയില്‍ 15പേര്‍ക്കും, തൃശൂരില്‍ 14പേര്‍ക്കും, എറണാകുളത്ത് 25 പേര്‍ക്കും, തിരുവനന്തപുരത്ത് 7 പേര്‍ക്കും, പാലക്കാടും വയനാടും 8 പേര്‍ക്ക് വീതവും, കോട്ടയത്തും കാസര്‍ഗോട്ടും ഇടുക്കിയിലും 6 പേര്‍ക്ക് വീതവും, കോഴിക്കോട് 15 പേര്‍ക്കും, പത്തനംതിട്ടയില്‍ 26 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

അതേസമയം, തിരുവനന്തപുരത്തും ആലപ്പുഴയിലും 7പേരും , കൊല്ലത്തും കണ്ണൂരും 10 പേര്‍ വീതവും, പത്തനംതിട്ടയില്‍ 27 പേരും, കോട്ടയത്ത് 11 പേരും, എറണാകുളത്തും തൃശ്ശൂരും 16 പേര്‍ വീതവും, പാലക്കാട് 33 പേരും, മലപ്പുറത്ത് 13 പേരും, കോഴിക്കോട് 5 പേരും , കണ്ണൂര് 10 പേരും, കാസര്‍ഗോട് 12 പേരുമാണ് ഇന്ന് രോഗമുക്തി നേടിയത്.

രണ്ട് മരണവും ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. മഞ്ചേരി മെഡിക്കൽ കോളേജിൽ 82 വയസുള്ള മുഹമ്മദും കളമശ്ശേരി മെഡി. കോളേജിൽ 62 വയസുള്ള യുസഫ് സെയ്ഫൂദിനുമാണ് മരിച്ചത്. മുഹമ്മദ് സൗദിയിൽ നിന്നും വന്ന അ‍ർബുദ രോ​ഗിയാണ്. യൂസഫും നിരവധി രോ​ഗങ്ങൾക്ക് ചികിത്സയിലായിരുന്നു കഴിഞ്ഞ മൂന്ന് ദിവസവും സംസ്ഥാനത്ത് 200 ലധികം പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കോവിഡ് വ്യാപനം തടയുന്നതിനായി ഇന്ന് രാവിലെ ആറ് മണി മുതൽ തിരുവനന്തപുരം കോർപ്പറേഷനിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കുകയാണ്.

ഇതുവരെ 5622 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 2252 പേരാണ്. 183291 പേരാണ് നിരീക്ഷണത്തിലുള്ളത്. 2075 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 384 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 24 മണിക്കൂറിനിടെ 9,927 സാംപിളുകളാണ് പരിശോധിച്ചത്.

Top