പി.ജെ.ജോസഫ് അധികാരക്കൊതിയൻ, ഉന്നയിക്കുന്നത് അനർഹമായ ആവശ്യം !

ധികാര മോഹിയെന്നും അവസരവാദിയെന്നുമുള്ള വാക്ക് ഏറ്റവും കൂടുതല്‍ ചേരുന്ന രാഷ്ട്രീയ നേതാവാണ് പി.ജെ.ജോസഫ്.

ഇടതുപക്ഷത്ത് നിന്നും കേരള കോണ്‍ഗ്രസ്സ് (ജെ)യെ മാണിയുടെ കേരള കോണ്‍ഗ്രസ്സില്‍ ലയിപ്പിച്ചത് തന്നെ അതിന് ഒന്നാന്തരം ഒരു ഉദാഹരണമായിരുന്നു. സി.പി.എമ്മിന്റെ പരിഗണനാ കുറവ് കൊണ്ടല്ല ജോസഫ് മുന്നണി വിട്ടത്. 5 വര്‍ഷം കൂടുമ്പോള്‍ ഭരണം മാറുന്ന കേരള ചരിത്രം തന്റെ മന്ത്രി കസേരയുടെ കാര്യത്തിലെങ്കിലും പൊളിച്ചെഴുതാനായിരുന്നു ഈ കൂട് മാറ്റം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി ഭരണതുടര്‍ച്ച ഉറപ്പ് നല്‍കിയില്ലായിരുന്നു എങ്കില്‍ ഇടതുപക്ഷത്തേക്ക് തന്നെ വീണ്ടും ചാടാന്‍ ജോസഫ് ശ്രമിക്കുമായിരുന്നു. ഇവിടെയാണ് ഈ രാഷ്ട്രീയ ചാണക്യന് അടിതെറ്റിയത്. ഇടതുപക്ഷത്തുണ്ടായിരുന്നപ്പോള്‍ വലിയ പരിഗണനയാണ് ജോസഫിന്റെ പാര്‍ട്ടിക്ക് ഇടതുപക്ഷം നല്‍കിയിരുന്നത്. മന്ത്രി സ്ഥാനം മാത്രമല്ല ഇടുക്കി ലോക്‌സഭാ സീറ്റും കേരളാ കോണ്‍ഗ്രസ് (ജെ)ക്ക് സിപിഎം വിട്ട് നല്‍കിയിരുന്നു.

വിമാനത്തിലെ വിവാദ സംഭവം അടക്കം അരങ്ങേറിയപ്പോള്‍ മന്ത്രി പദവി തെറിച്ചെങ്കിലും ഇടതുപക്ഷ മുന്നണിയില്‍ നിന്നും സി.പി.എം ജോസഫിനെ പുറത്താക്കിയിരുന്നില്ല എന്ന കാര്യവും ശ്രദ്ധേയമാണ്. പിന്നീട് കുറ്റവിമുക്തനായതിന് ശേഷം ജോസഫിനെ തിരികെ മന്ത്രിയാക്കുകയും ചെയ്തു.അതേസമയം, കേരള കോണ്‍ഗ്രസ്സില്‍ ലയിച്ച പി.ജെ.ജോസഫിനെ വര്‍ക്കിങ് ചെയര്‍മാനാക്കിയും മന്തിപദവി നല്‍കിയും മാണിയും നല്ല പരിഗണന തന്നെയാണ് നല്‍കിയിരുന്നത്.

കേരള കോണ്‍ഗ്രസുകള്‍ ഒന്നായിട്ടും യു.ഡി.എഫില്‍ മാണി കോണ്‍ഗ്രസ്സിന് നല്‍കിയിരുന്ന 15 സീറ്റില്‍ ഒരു സീറ്റു പോലും കൂടുതല്‍ നല്‍കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം തയ്യാറായിരുന്നില്ല.

എന്നിട്ടും ജോസഫിനും അദ്ദേഹത്തിന്റെ അനുയായി മോന്‍സ് ജോസഫ് ഉള്‍പ്പെടെ ഉള്ളവര്‍ക്കും മാണി സീറ്റുകള്‍ വിട്ടുനല്‍കി മാന്യത കാണിച്ചു. സ്വന്തം പാര്‍ട്ടിയില്‍ വര്‍ഷങ്ങളായി സീറ്റ് മോഹിച്ച നേതാക്കളെ അവഗണിച്ചാണ് ഈ സാഹസം മാണി കാട്ടിയത് എന്നതും നാം ഓര്‍ക്കണം.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറില്‍ ജോസഫിനെ മന്ത്രിയാക്കി പാര്‍ട്ടിയിലെ രണ്ടാമനാക്കിയതും മാണി തന്നെയാണ്. ഇതെല്ലാം മറന്നാണ് ഇപ്പോള്‍ ജോസഫ് കേരള കോണ്‍ഗ്രസ്സില്‍ കലാപക്കൊടി ഉയര്‍ത്തുന്നത്.

കേരള കോണ്‍ഗ്രസ്സില്‍ ലയിക്കുമ്പോള്‍ ഉണ്ടായിരുന്ന കരുത്ത് പോലും നിലവില്‍ ജോസഫ് വിഭാഗത്തിനില്ല. ജോസഫിന്റെ ചാവേറുകളായി അറിയപ്പെട്ടിരുന്ന മുന്‍ എം.പി ഫ്രാന്‍സിസ് ജോര്‍ജും, ആന്റണി രാജുവും ഇപ്പോള്‍ ജോസഫിനെ വിട്ട് ഇടതുപക്ഷത്താണ്. അവര്‍ രൂപീകരിച്ച ജനാധിപത്യ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ജോസഫ് വിഭാഗത്തിലെ നല്ലൊരു വിഭാഗം അണികളുമുണ്ട്.

മുന്‍പ് കേരള കോണ്‍ഗ്രസ്സില്‍ നിന്നും ജോസഫ് പിളര്‍ന്ന് പോയതിന് ഇടയാക്കിയ അധികാര തര്‍ക്കം തന്നെയാണ് ഇപ്പോഴും കേരള കോണ്‍ഗ്രസ്സില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

മാണി ജീവിച്ചിരിക്കുമ്പോള്‍ തന്നെ കോട്ടയം സീറ്റിനു വേണ്ടി കലാപക്കൊടി ഉയര്‍ത്തിയ നേതാവാണ് പി.ജെ ജോസഫ്. നിലവില്‍ എം.എല്‍.എ ആയിട്ടും അദ്ദേഹത്തിന് അധികാര കൊതി മാറിയില്ല എന്നതിന്റെ ഉദാഹരണമാണിത്. കോട്ടയം ഇല്ലങ്കില്‍ ഇടുക്കി വേണമെന്ന് പറഞ്ഞ് യു.ഡി.എഫിലും കുഴപ്പമുണ്ടാക്കാന്‍ ജോസഫ് ശ്രമിച്ചു.

ഒരു അര്‍ഹതയും ഇല്ലാത്ത അവകാശവാദങ്ങളായിരുന്നു ഇതെല്ലാം. പഴയ ശക്തി ഇപ്പോഴില്ല എന്ന തിരിച്ചറിവ് പി.ജെ ജോസഫിന് ഇനിയെങ്കിലും വേണം. ഒറ്റക്ക് നിന്നാല്‍ വലിയ പൂജ്യമാണ് കേരളരാഷ്ട്രീയത്തില്‍ പി.ജെ.ജോസഫ് വിഭാഗം.

എന്നാല്‍ കേരള കോണ്‍ഗ്രസ്സ് മാണി വിഭാഗത്തിന്റെ കരുത്ത് അതല്ല, ആ പാര്‍ട്ടി ഇല്ലങ്കില്‍ യു.ഡി.എഫിന് കേരള ഭരണം കിട്ടാക്കനിയായി മാറും. മധ്യകേരളത്തില്‍ നിര്‍ണ്ണായക സ്വാധീനം മാണികോണ്‍ഗ്രസ്സിന് ഇപ്പേഴുമുണ്ട്. ഈ വിഭാഗം പൂര്‍ണ്ണമായും ജോസ്.കെ.മാണിയുടെ ഒപ്പം തന്നെയാണ് നില്‍ക്കുന്നത്. 10 ജില്ലാ പ്രസിഡന്റുമാരും ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാനാക്കണം എന്ന് പറഞ്ഞതില്‍ തന്നെ വികാരം വ്യക്തമാണ്.

മാണിക്കൊപ്പം നിന്ന ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ് തോമസിനെ ചെയര്‍മാനാക്കി ജോസ് കെ മാണിയെ വെട്ടാനാണ് ജോസഫ് നിലവില്‍ ശ്രമിക്കുന്നത്. ഇത് ജോസഫിന് പാര്‍ട്ടിയില്‍ നിന്നും പുറത്തേക്കുള്ള വഴി തുറക്കുന്നതിലാണ് കലാശിക്കുക.

കേരള കോണ്‍ഗ്രസ്സ് മാണിയുടെ സ്വന്തം പാര്‍ട്ടിയാണ്.പ്രത്യശാസ്ത്രപരമായ നിലപാടോ സംഘടനാ ചട്ടകൂടോ ഒന്നുമല്ല ആ പാര്‍ട്ടിയെ നയിക്കുന്നത്. ഇതുവരെ മാണി ആയിരുന്നു നായകനെങ്കില്‍ ഇനി മാണിയുടെ കുടുംബത്തിലെ മറ്റാരായാലും കേരള കോണ്‍ഗ്രസ്സിലെ ഭൂരിപക്ഷം അണികളും അത് സ്വാഗതം ചെയ്യും. അതാണ് അവരുടെ ഒരു രീതി.ഇവിടെയാണ് ജോസഫിന്റെ സകല കണക്ക് കൂട്ടലുകളും പിഴക്കുക. സി.എഫ് തോമസ് പാര്‍ട്ടി ചെയര്‍മാനാകണമെങ്കിലും അത് ജോസ്.കെ മാണി എടുക്കുന്ന നിലപാടിനെ ആശ്രയിച്ചായിരിക്കും.

പതിറ്റാണ്ടുകളായി മാണി കൈവശം വച്ച പാലാ സീറ്റില്‍ ജോസ്.കെ മാണിയുടെ ഭാര്യ നിഷ മത്സരിക്കണമോ എന്നതും ഇപ്പോഴത്തെ സാഹചര്യത്തില്‍ മാണിയുടെ കുടുംബം തന്നെയാണ് അന്തിമ തീരുമാനമെടുക്കുക. ഇവിടെയും ജോസഫിന് പ്രത്യേകിച്ച് ഒരു റോളം ഉണ്ടാകാന്‍ സാധ്യതയില്ല.

ഒരു പാര്‍ട്ടിയും വ്യക്തി കേന്ദ്രീകൃതമാകുന്നത് നല്ലതല്ല, പക്ഷേ വ്യക്തികേന്ദ്രീകൃതമായി മാത്രം രൂപം കൊണ്ട പാര്‍ട്ടിയെ സംബന്ധിച്ച് അത് അങ്ങനെയൊക്കെ തന്നെയേ മുന്നോട്ട് പോകൂ.

പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനത്ത് സി.എഫ് തോമസ് വരാതിരിക്കാനാണ് ഒരു മുഴം മുന്‍പേ അദ്ദേഹത്തെ പാര്‍ട്ടി ചെയര്‍മാനാക്കണമെന്ന ആവശ്യം ഇപ്പോള്‍ ജോസഫ് ഉയര്‍ത്തിയിരിക്കുന്നത്.

പാലായില്‍ നിന്നും നിഷ ജോസ് കെ മാണി വിജയിച്ചാല്‍ നിയമസഭയില്‍ തന്റെ തലക്ക് മുകളില്‍ വരുമെന്നും ജോസഫ് ഭയക്കുന്നു. രാജ്യസഭ അംഗമായതിനാല്‍ ജോസ്.കെ.മാണിക്ക് ഇനി പെട്ടന്ന് രാജിവച്ച് വരാനും കഴിയില്ല. ഈ സാഹചര്യത്തില്‍ യു.ഡി.എഫ് അടുത്ത തവണ സംസ്ഥാന ഭരണം പിടിച്ചാല്‍ മന്ത്രിസഭയില്‍ മൂന്നാം പദവി മാണിയുടെ ഈ മരുമകള്‍ക്കായിരിക്കും.

മാണിയുടെ മകനും മരുമകള്‍ക്കും കീഴില്‍ മൂന്നാമനായി ഒതുക്കപ്പെടുക എന്നത് ജോസഫിനെ സംബന്ധിച്ച് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. അതു തന്നെയാണ് കലാപക്കൊടി ഉയര്‍ത്താന്‍ അദ്ദേഹത്തെ ഇപ്പോള്‍ പ്രേരിപ്പിക്കുന്നതും.

ഇക്കാര്യത്തില്‍ ആകെ വെട്ടിലായിരിക്കുന്നത് യു.ഡി.എഫ് നേതൃത്വമാണ്. പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് അവര്‍ പറയുന്നുണ്ടെങ്കിലും ജോസഫ് പിളര്‍ന്ന് വന്നാല്‍ കൂടെ കൂട്ടാന്‍ കോണ്‍ഗ്രസ്സിന് ബുദ്ധിമുട്ടാകും. ജോസ്.കെ മാണി വിഭാഗം അത് അനുവദിക്കുകയില്ല. മാണി കോണ്‍ഗ്രസ്സിനെ വിട്ട് ജോസഫിനെ ഉള്‍ക്കൊള്ളുന്നത് യു.ഡി.എഫിനെ സംബന്ധിച്ചും ആത്മഹത്യാപരമാകും.

ഇടതുപക്ഷത്തെ പഴയ അനുയായികളുടെ ജനാധിപത് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരുകയോ അവരെ കൂടി ഉള്‍പ്പെടുത്തി കേരള കോണ്‍ഗ്രസ്സ് (ജെ) ഗ്രൂപ്പ് രൂപീകരിക്കുകയോ ആണ് മറ്റൊരു വഴി. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ജോസഫിനെ ഉള്‍കൊള്ളാന്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ്സിലെ എത്ര നേതാക്കള്‍ തയ്യാറാകുമെന്നതും കണ്ടറിയണം.

ജോസഫിനെ പരസ്യമായി സ്വാഗതം ചെയ്യുന്നവര്‍ പോലും അദ്ദേഹവും മോന്‍സ് ജോസഫും വന്നാല്‍ തങ്ങളുടെ സാധ്യതകള്‍ ഇല്ലാതാകുമോ എന്ന ഭയത്തിലാണ്. ചുരുക്കി പറഞ്ഞാല്‍ അവിടെയും ഇല്ല ഇവിടെയും ഇല്ല എന്ന അവസ്ഥയിലേക്കാണ് പി.ജെ ജോസഫ് വിഭാഗം ഇപ്പോള്‍ പോകുന്നത്.

Express Kerala View

Top