കേരളാ കോണ്‍ഗ്രസ് തര്‍ക്കം ; യുഡിഎഫ് നേതൃത്വം നാളെ ജോസ് കെ മാണിയുമായി ചര്‍ച്ച നടത്തും

കോട്ടയം: കേരളാ കോണ്‍ഗ്രസ് തര്‍ക്കം തീര്‍ക്കാന്‍ യുഡിഎഫ് നേതൃത്വം നാളെ ജോസ് കെ മാണിയുമായി ചര്‍ച്ച നടത്തും. ജോസ് കെ മാണിയുമായി നാളെ തിരുവനന്തപുരത്തുവെച്ചാണ് ചര്‍ച്ച നടത്തുന്നത്. പാലാ ഉപതിരഞ്ഞെടുപ്പ് കഴിയും വരെയെങ്കിലും തര്‍ക്കമൊഴിവാക്കാനാണ് ശ്രമം.

എന്നാല്‍ ചെയര്‍മാന്‍ സ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ലെന്നാണ് ഇരു വിഭാഗത്തിന്റെയും നിലപാട്. തന്നെ ചെയര്‍മാനായി തിരഞ്ഞെടുത്തതിലെ സ്റ്റേ നീക്കാന്‍ ജോസ് കെ മാണി നാളെ തൊടുപുഴ കോടതിയെ സമീപിക്കുമെന്നും വിവരമുണ്ട്.

അതേസമയം കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഏതു ചിഹ്നത്തില്‍ പാലായില്‍ മല്‍സരിക്കുമെന്ന കാര്യത്തില്‍ പോലും ഇപ്പോള്‍ തര്‍ക്കമാണ്. രണ്ടില നല്‍കില്ലെന്ന നിലപാടിലാണ് ജോസഫ്.

രണ്ടിലച്ചിഹ്നം നല്‍കുന്നത് ഒരു വ്യക്തിയല്ലല്ലോ, തെരഞ്ഞെടുപ്പ് കമ്മീഷനല്ലേ? അത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ തീരുമാനിക്കട്ടെ. സമവായത്തിന് കേരളാ കോണ്‍ഗ്രസ് ഒരിക്കലും എതിരല്ല. ഒന്നിച്ചു നില്‍ക്കണം എന്ന് തന്നെയാണ് ഞങ്ങള്‍ പറയുന്നതെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.

കേരളകോണ്‍ഗ്രസ് എം പിളര്‍പ്പിന് പിന്നാലെ ഇന്ന് വനിതാ കേരള കോണ്‍ഗ്രസും പിളര്‍ന്നു. അധ്യക്ഷ ഷീല സ്റ്റീഫന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം തൊടുപുഴയില്‍ യോഗം ചേര്‍ന്ന് പി ജെ ജോസഫിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

പിജെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും പിരിഞ്ഞതിന് പിന്നാലെ യുവജനസംഘടനയായ യൂത്ത് ഫ്രണ്ടും കഴിഞ്ഞ ദിവസം പിളര്‍ന്നിരുന്നു. യൂത്ത് ഫ്രണ്ടിന്റെ നാല്‍പ്പത്തൊമ്പതാം ജന്മദിനം പി.ജെ ജോസഫ് വിഭാഗവും ജോസ് കെ. മാണി വിഭാഗവും തിരുവനന്തപുരത്തും കോട്ടയത്തുമായി രണ്ടായാണ് ആഘോഷിച്ചത്.

Top