യു.ഡി.എഫിന്റെ ആ പ്രതീക്ഷ തകരുമോ ? കൂടുമാറാന്‍ ജോസ് കെ മാണി വിഭാഗം !

നിച്ചാക്കി വെടക്കാക്കുക എന്ന നയമാണ് കേരള കോണ്‍ഗ്രസ്സിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്സ് കാണിച്ചിരിക്കുന്നത്. പി.ജെ. ജോസഫ് എന്ന അവസരവാദിക്കു ധൈര്യം കൊടുത്തതും കേരള കോണ്‍ഗ്രസ്സില്‍ ഈ പ്രശ്നങ്ങളെല്ലാം ഉണ്ടാക്കിച്ചതും കോണ്‍ഗ്രസ്സ് നേതാക്കളുടെ കുരുട്ടു ബുദ്ധിയാണ്. മന:പൂര്‍വ്വമായ അവരുടെ മൗനം പോലും ജോസഫിനുള്ള ഗ്രീന്‍ സിഗ്നലായിരുന്നു.

കേരള കോണ്‍ഗ്രസ്സിലെ പിളര്‍പ്പും അതുവഴി സീറ്റൊതുക്കലുമാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ ആഗ്രഹിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിലെ വിജയവും കോണ്‍ഗ്രസ്സ് നേതാക്കളെ ഇപ്പോള്‍ അഹങ്കാരികളാക്കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ്സ് ജോസ്.കെ മാണി വിഭാഗത്തെ തഴയാനുള്ള കോണ്‍ഗ്രസ്സ് നീക്കം യുഡിഎഫില്‍ വലിയ പൊട്ടിത്തെറിയിലേക്കാണ് കാര്യങ്ങള്‍ കൊണ്ടു പോകുന്നത്.

വീട്ടില്‍ വിളിച്ചു കയറ്റിയ അതിഥി തന്നെ വീട് കയ്യേറിയ അവസ്ഥയാണ് കേരള കോണ്‍ഗ്രസ്സില്‍ ജോസഫ് ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത്. അണികളും നേതാക്കളും ജനപ്രതിനിധികളും മഹാഭൂരിപക്ഷവും ജോസ് കെ മാണി വിഭാഗത്തിനൊപ്പമാണ്. എന്നാല്‍ കോണ്‍ഗ്രസ്സ് നല്‍കിയ ആത്മവിശ്വാസത്തില്‍ നേതാക്കളെ ചാക്കിട്ടു പിടിച്ച് കൂടെ നിര്‍ത്താനാണ് ജോസഫ് ശ്രമിക്കുന്നത്. വഞ്ചകന്‍ എന്ന വാക്കിന് ഏറ്റവും അനുയാജ്യനായി മാറിയിരിക്കുകയാണിപ്പോള്‍ ഈ തൊടുപുഴ എംഎല്‍എ.

കെ.എം മാണി മുന്‍കൈ എടുത്ത് കേരള കോണ്‍ഗ്രസ്സില്‍ ജോസഫ് വിഭാഗത്തെ ലയിപ്പിക്കുമ്പോള്‍ വലിയ വഞ്ചനയാണ് ഇടതുപക്ഷത്തോടും ജോസഫ് ചെയ്തിരുന്നത്. പൊതു തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയ സാധ്യത കണ്ടായിരുന്നു ഈ കൂറുമാറ്റം. പിന്നീട് യു.ഡി.എഫ് സര്‍ക്കാറില്‍ ജോസഫിനെയും മാണി മന്ത്രിയാക്കി. ഒപ്പമുള്ള മോന്‍സ് ജോസഫിന് മത്സരിക്കാന്‍ കടുത്തുരുത്തി തന്നെ മാണി വിട്ടു നല്‍കിയത് അനുയായികളുടെ എതിര്‍പ്പ് പോലും വകവയ്ക്കാതെ ആയിരുന്നു.

മാണി ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് നോക്കി സംസാരിക്കാന്‍ പോലും ധൈര്യപ്പെടാത്ത സി.എഫ് തോമസ് ഉള്‍പ്പെടെയുള്ളവരെ കൂട്ടു പിടിച്ചാണ് ജോസഫ് ഇപ്പോള്‍ പോര്‍മുഖം തുറക്കുന്നത്. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയിലാണ് ഈ നീക്കങ്ങള്‍. ആള്‍ബലം കൂടുതല്‍ ഉള്ള ജോസ്.കെ മാണി വിഭാഗത്തെ തഴയാനുള്ള ഈ നീക്കം രാഷ്ട്രീയപരമായി വലിയ തിരിച്ചടിയാണ് യു.ഡി.എഫിന് ഉണ്ടാക്കാന്‍ പോകുന്നത്.

ജോസ് കെ മാണി വിഭാഗം ഇടതുപക്ഷത്തേക്ക് ചാഞ്ഞാല്‍ മധ്യകേരളത്തില്‍ യു.ഡി.എഫിന് ചുവട് പിഴക്കും. പ്രത്യേകിച്ച് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍. എറണാകുളം, ആലപ്പുഴ ജില്ലകളിലും കേരള കോണ്‍ഗ്രസ്സ് ജോസ്.കെ.മാണി വിഭാഗത്തിന് മോശമല്ലാത്ത സ്വാധീനമുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിലെ ക്ഷീണം തീര്‍ക്കാന്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വിജയം അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ ജോസ്.കെ.മാണി വിഭാഗം ഇടതുപക്ഷത്തേക്ക് എത്തിയാല്‍ ചെമ്പടക്ക് അത് കൂടുതല്‍ കരുത്താകും.

പാലായില്‍ വിജയിക്കാന്‍ മാത്രമല്ല, കോന്നിയിലും എറണാകുളത്തും യു.ഡി.എഫിനെ വിറപ്പിക്കാനും ഇതോടെ ഇടതുപക്ഷത്തിന് കഴിയും. സിറ്റിംഗ് സീറ്റായ അരൂരിന് പുറമെ ഏത് സീറ്റില്‍ ഇടതുപക്ഷം വിജയിച്ചാലും അത് വലിയ നേട്ടമായി ചിത്രീകരിക്കപ്പെടും. ലോക്സഭയില്‍ 20ല്‍ 19 സീറ്റും നേടിയ യു.ഡി എഫ് തിളക്കമൊക്കെ ഇതോടെ തീരും. ഇടതുപക്ഷത്തേക്ക് ജോസ്.കെ മാണി വിഭാഗം വന്നാല്‍ പിണറായി സര്‍ക്കാറിന് ഭരണ തുടര്‍ച്ചക്കും സാധ്യത കൂടുതലാണ്. മധ്യകേരളത്തില്‍ തൂത്തു വാരാന്‍ ഈ സഖ്യം ഇടതിന് ഗുണം ചെയ്യും.

അതേസമയം നിലവിലുള്ള രാജ്യസഭ അംഗത്വം രാജിവെച്ച് ജോസ്.കെ മാണി പാലായില്‍ മത്സരിക്കുമെന്ന പ്രചരണവും ഇതിനകം തന്നെ ശക്തമായിട്ടുണ്ട്. രാജിവച്ച സീറ്റില്‍ ഇടതു പിന്തുണയോടെ കേരള കോണ്‍ഗ്രസ്സില്‍ നിന്നും പകരം ആളെ വിജയിപ്പിക്കാമെന്ന കണക്ക് കൂട്ടലും അദ്ദേഹത്തിനുണ്ടത്രെ. അതല്ലെങ്കില്‍ നിഷ ജോസ് കെ മാണി തന്നെ പാലായില്‍ മത്സരിച്ചേക്കും.

കേരള കോണ്‍ഗ്രസ്സിലെ ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്ന സി.പി.എം. ഒരു സാധ്യതയും തള്ളിക്കളയുന്നില്ല. ഉചിതമായ സമയത്ത് തീരുമാനം പ്രഖ്യാപിക്കുമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന. പിണറായി സര്‍ക്കാറിന്റെ ഭരണ തുടര്‍ച്ച ലക്ഷ്യമിടുന്ന സി.പി.എം ഇക്കാര്യത്തില്‍ എടുക്കുന്ന നിലപാട് എന്തായാലും അത് കേരള രാഷ്ട്രീയത്തിന്റെ ഗതിയെ തന്നെ മാറ്റാന്‍ വഴിയൊരുക്കുന്നതായിരിക്കും.

Political Reporter

Top