രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് സ്വന്തം; പി.ജെ ജോസഫിന്റെ ഹര്‍ജിയില്‍ സ്റ്റേ ഇല്ല

കൊച്ചി: ജോസ് കെ. മാണിക്ക് രണ്ടില ചിഹ്നം അനുവദിച്ചതിനെതിരെ പി.ജെ. ജോസഫ് നല്‍കിയ ഹര്‍ജിയില്‍ സ്റ്റേ ഇല്ല. ചിഹ്നം ജോസ് കെ. മാണിക്ക് അനുവദിച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി.

ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് അവകാശപ്പെട്ടതാണെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ശരിവെച്ചത്. ഇതിനെ ചോദ്യം ചെയ്താണ് പി. ജെ. ജോസഫ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്.

ചിഹ്നം ജോസഫ് വിഭാഗത്തിന് അനുവദിക്കണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല. സ്റ്റേ നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, പി.ജെ. ജോസഫിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് വിശദമായ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു. വിഷയത്തില്‍ ഇടക്കാല ഉത്തരവിറക്കിയ കോടതി വിശദമായ വാദം കേട്ടതിന് ശേഷം അന്തിമ ഉത്തരവിറക്കും.

Top