ജോസ് കെ മാണിയെ ‘മെരുക്കാൻ’ രാഹുൽ ഗാന്ധി, വിശ്വാസം ഇടതുപക്ഷത്തിൽ മാത്രമെന്ന് കേരള കോൺഗ്രസ്സും !

യു.ഡി.എഫ് മുന്നണിവിട്ട ജോസ് കെ മാണി വിഭാഗം കേരള കോൺഗ്രസ്സിനെ തിരികെ യു.ഡി.എഫിൽ പ്രവേശിപ്പിക്കാൻ അണിയറയിൽ നടക്കുന്നത് ഊർജ്ജിത ശ്രമം. ഇക്കാര്യത്തിൽ ഹൈക്കമാന്റ് അനുമതിയോടെയുള്ള നീക്കമാണ് നടക്കുന്നതെന്നാണ് സൂചന. കെ എം മാണിയുമായും അദ്ദേഹത്തിന്റെ കുടുംബവുമായും വ്യക്തിപരമായി ബന്ധമുള്ള നേതാക്കളെ ചർച്ചക്കായി നിയോഗിക്കാനാണ് തീരുമാനം. യു.ഡി.എഫുമായി അടുപ്പമുള്ള ചില സാമുദായിക നേതാക്കളുടെയും പ്രമുഖ ബിസിനസ്സുകാരുടെയും പിന്തുണയും ഇക്കാര്യത്തിൽ കോൺഗ്രസ്സ് നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്.

ലോകസഭ തിരഞ്ഞെടുപ്പിന് മുൻപ് ജോസ് കെ മാണി വിഭാഗത്തെ തിരികെ എത്തിക്കാൻ കഴിയുമെന്ന വലിയപ്രതീക്ഷയൊന്നും കോൺഗ്രസ്സ് നേതാക്കൾക്ക് ഇല്ലങ്കിലും നിയമസഭ തിരഞ്ഞെടുപ്പിന് മുൻപെങ്കിലും സാധ്യമാകുമോ എന്നതാണ് ഇപ്പോഴത്തെ നോട്ടം ലോകസഭ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടാൽ നിലനിൽപ്പിനായി മുസ്ലിംലീഗ് മുന്നണി വിട്ട് ഇടതുപക്ഷത്തേക്ക് പോകുമെന്ന ഭയമാണ് ഇപ്പോഴത്തെ നീക്കങ്ങൾക്ക് പിന്നിലെന്നാണ് സൂചന. ലീഗിലെ കടുത്ത സി.പി.എം വിരുദ്ധരുടെ പിന്തുണയും ഈ ശ്രമങ്ങൾക്ക് പിന്നിലുണ്ട്.

കേരള കോൺഗ്രസ്സ് യു.ഡി.എഫ് മുന്നണിയിലേക്ക് തിരികെ വന്നാൽ ലീഗിനെ പിടിച്ചു നിർത്താൻ കഴിയുമെന്നാണ് കോൺഗ്രസ്സ് നേതാക്കളും കരുതുന്നത്. അടുത്ത തവണയെങ്കിലും കേരള ഭരണം പിടിക്കാൻ കഴിഞ്ഞില്ലങ്കിൽ യു.ഡി.എഫ് എന്ന മുന്നണിയുടെ മാത്രമല്ല കോൺഗ്രസ്സ് എന്ന പാർട്ടിയുടെ കൂടിയാണ് മരണ മണി മുഴങ്ങുക. കമ്യൂണിസ്റ്റുകളെ സംബന്ധിച്ച് അധികാരം ലക്ഷ്യത്തിലെത്താനുള്ള ഒരു മാർഗ്ഗം മാത്രമാണ്. പാർലമെന്ററി രാഷ്ട്രീയത്തിലെ ജയവും തോൽവികളും ഒന്നും കമ്യൂണിസ്റ്റുകളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നതല്ല അത് കേരളത്തിൽ മാത്രമല്ല അന്താരാഷ്ട്ര തലത്തിലും അങ്ങനെ തന്നെയാണ്. അതു കൊണ്ട് കേരള ഭരണം നഷ്ടപ്പെട്ടാലും ഇല്ലങ്കിലും കമ്യൂണിസ്റ്റു പാർട്ടികൾ ഇവിടെ തന്നെ കാണും.

അധികാരമില്ലാത്ത അവസരങ്ങളിലാണ് കമ്യൂണിസ്റ്റു പാർട്ടികൾ കൂടുതൽ ശക്തിപ്പെടാറുള്ളത് എന്നത് രാഷ്ട്രീയ കേരളത്തിന്റെ അനുഭവങ്ങളിൽ നിന്നു തന്നെ വ്യക്തമാണ്. എന്നാൽ യു.ഡി.എഫിന്റെ അവസ്ഥ അതല്ല അവർക്ക് നിലനിൽക്കണമെങ്കിൽ അധികാരം ഏറെ അനിവാര്യമാണ്. ചരിത്രം തിരുത്തി ഇടതുപക്ഷം തുടർഭരണം നേടിയപ്പോൾ ത്രിശങ്കുവിലായത് യു.ഡി.എഫ് ഘടക കക്ഷികൾ കൂടിയാണ്. എങ്ങോട്ട് പോകണമെന്നറിയാത്ത അവസ്ഥയിൽ നിന്നും ഇടതുപക്ഷം കനിഞ്ഞാൽ മുന്നണി മാറുമെന്ന നിലപാടിലേക്ക് ലീഗിൽ അഭിപ്രായം ശക്തിപ്പെട്ടതും ഈ സാഹചര്യത്തിലാണ്.

ഇനിയും കോൺഗ്രസ്സിൽ തുടർന്നിട്ട് കാര്യമെന്തെന്ന് ചിന്തിക്കുന്ന നേതാക്കളെ ലോകസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിടിച്ചു നിർത്താൻ ഹൈക്കമാന്റിനു പോലും കഴിഞ്ഞെന്നു വരില്ല. ഇത്തരമൊരു അപകടകരമായ സാഹചര്യമാണ് പുനർവിചിന്തനത്തിന് കോൺഗ്രസ്സ് ഹൈക്കമാന്റിനെ പ്രേരിപ്പിച്ചിരിക്കുന്നത്. ജോസഫ് വിഭാഗത്തെ കൈവിട്ടാണെങ്കിൽ പോലും ജോസ് കെ മാണി വിഭാഗത്തെ തിരികെ കൊണ്ടുവരാനാണ് നിർദ്ദേശം. ആവശ്യമെങ്കിൽ സാക്ഷാൽ രാഹുൽ ഗാന്ധി തന്നെ ജോസ് കെ മാണിയോട് സംസാരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ചെന്നിത്തലയുടെയും ഉമ്മൻ ചാണ്ടിയുടെയും എതിർപ്പിന് ഇനി പ്രസക്തി ഇല്ലാത്തതിനാൽ ഹൈക്കമാന്റ് എടുക്കുന്ന തീരുമാനം തന്നെയാണ് യു.ഡി.എഫ് തീരുമാനമായി മാറുക. അക്കാര്യവും വ്യക്തമാണ്.

എന്നാൽ, കോൺഗ്രസ്സും യു.ഡി.എഫും വാതിൽ മലർക്കെ തുറന്നിട്ടാലും ആ കൂട്ടിൽ കയറാനില്ലന്ന ഉറച്ച നിലപാടിലാണ് ജോസ്.കെ മാണി. തന്നെയും കുടുംബത്തെയും അപമാനിച്ചതിലല്ല കേരള കോൺഗ്രസ്സ് എന്ന പാർട്ടിയെ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചതാണ് ഇപ്പോഴും ജോസ് കെ മാണിയുടെ മനസ്സിൽ എരിഞ്ഞു കൊണ്ടിരിക്കുന്നത്. ആ ‘തീ’ അത്ര പെട്ടെന്നൊന്നും കെടില്ലന്നാണ് കേരള കോൺഗ്രസ്സ് നേതാക്കളും തുറന്നടിക്കുന്നത്. നടുക്കടലിൽ ആയ അവസ്ഥയിൽ നിന്ന കേരള കോൺഗ്രസ്സിനെ പ്രതിസന്ധി ഘട്ടത്തിൽ അഭയം നൽകിയ ഇടതുപക്ഷത്തെ ഒരു കാരണവശാലും കൈവിടല്ലന്ന നിലപാടിലാണ് ഇപ്പോഴും ജോസ് കെ മാണി വിഭാഗം ഉറച്ചു നിൽക്കുന്നത്.

ഇടതുപക്ഷത്ത് എത്തിയ കേരള കോൺഗ്രസ്സിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും രാജ്യസഭ സീറ്റുമാണ് ഇടതുപക്ഷം നൽകിയിരിക്കുന്നത്. വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്സിന്റെ സിറ്റിംഗ് സീറ്റായ കോട്ടയം തന്നെ അവർക്ക് നൽകാനാണ് സി.പി.എം തീരുമാനം. മുന്നണിയിൽ ഉണ്ടായപ്പോൾ തന്നെ കോൺഗ്രസ്സ് നേതാക്കൾ പറഞ്ഞു പറ്റിച്ചെന്ന് ആരോപിക്കുന്ന ജോസ്.കെ മാണി സി.പി.എം നേതാക്കൾ അങ്ങനെയല്ലന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. പിണറായി വിജയൻ ഒരു വാക്കു പറഞ്ഞാൽ അത് എന്തായാലും നടന്നിരിക്കുമെന്നതാണ് തന്റെ അനുഭവമെന്നാണ് ജോസ് കെ മാണി പറയുന്നത്. വിശ്വാസം അതു തന്നെയാണ് ഇടതുപക്ഷത്തോട് തങ്ങൾക്കുള്ളതെന്ന് പറയുന്ന ജോസ്.കെ മാണിയുടെ നിലപാട് കേരള കോൺഗ്രസ്സിനെ തിരികെ എത്തിക്കാനുള്ള യു.ഡി.എഫ് നീക്കങ്ങൾക്കാണ് തിരിച്ചടിയാകുക.

EXPRESS KERALA VIEW

Top