ജോസഫിനെ യു.ഡി.എഫില്‍ നില്‍ക്കാന്‍ പോലും സമ്മതിക്കില്ലെന്ന നിലപാടില്‍ അവര്‍

കേരള കോണ്‍ഗ്രസ്സിലെ ഭിന്നത യു.ഡി.എഫിന് കുരിശാകുന്നു. രണ്ടില രണ്ടായാല്‍ അത് രണ്ടും ഒരേ മുന്നണിയില്‍ തുടരുന്നത് ശരിയല്ലെന്ന നിലപാടാണ് ജോസ്.കെ.മാണി വിഭാഗത്തിനുള്ളത്. അധികാര കൊതിയനായ പി.ജെ.ജോസഫിനെ യു.ഡി.എഫ് ചുമക്കരുതെന്ന നിലപാട് സ്വീകരിക്കാനാണ് ജോസ്.കെ.മാണി വിഭാഗത്തിന്റെ തീരുമാനം. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.

437 അംഗ സംസ്ഥാന കമ്മിറ്റിയിലെ 320 അംഗങ്ങളും രണ്ടു എം.പിമാരും രണ്ട് എം.എല്‍.എമാരും ജോസ്.കെ മാണി വിഭാഗത്തിനൊപ്പമാണ്. സി.എഫ്. തോമസ് എം.എല്‍.എ ത്രിശങ്കുവില്‍ നില്‍ക്കുമ്പോള്‍ ജോസഫിനൊപ്പം അടിയുറച്ച് നില്‍ക്കുന്ന എം.എല്‍.എ, മോന്‍സ് ജോസഫ് മാത്രമാണ്. അതായത് കേരള കോണ്‍ഗ്രസ്സിലെ ബഹു ഭൂരിപക്ഷവും ജോസ്.കെ മാണി വിഭാഗത്തിനൊപ്പമെന്ന് വ്യക്തം.

ജനപ്രതിനിധികളടക്കം ബഹുഭൂരിപക്ഷവും പങ്കെടുത്ത യോഗമായതിനാല്‍ തെരഞ്ഞെടുപ്പ് കമ്മിഷനും ഇനി സൂക്ഷിച്ചേ തുടര്‍ നടപടി സാധ്യമാകൂ. ആക്ടിംങ് ചെയര്‍മാന്‍ ജോസഫ് വിളിച്ചില്ലെന്ന് കരുതി ഇപ്പോള്‍ ചേര്‍ന്ന യോഗം അസാധുവാകില്ലെന്നാണ് നിയമവിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. കേരള കോണ്‍ഗ്രസ്സ് പിളര്‍ന്നാല്‍ നേട്ടമുണ്ടാക്കാമെന്ന് കരുതുന്ന കോണ്‍ഗ്രസ്സിന് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ നിരാശപ്പെടുത്തുന്നതാണ്.ഒപ്പം ഉണ്ടായിരുന്ന മുന്‍ എം.പി ഫ്രാന്‍സിസ് ജോര്‍ജും ആന്റണി രാജുവുമൊക്കെ ഇടതുപക്ഷത്തേക്ക് പോയതിനാല്‍ ശക്തി ക്ഷയിച്ച നിലയിലാണ് നിലവില്‍ ജോസഫ് വിഭാഗം.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് കൂടി വരുന്നതോടെ പി.ജെ.ജോസഫിനെ ജോസ്.കെ മാണി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനും സാധ്യത ഉണ്ട്. അല്ലെങ്കില്‍ ജോസഫ് തന്നെ പുറത്ത് പോകേണ്ടി വരും. ഇതെല്ലാം പാലാ ഉപതെരഞ്ഞെടുപ്പിന് ശേഷമാണോ അതിന് മുന്‍പാണോ നടക്കുക എന്ന കാര്യത്തില്‍ മാത്രമേ ഇനി സംശയമുള്ളൂ. കേരള കോണ്‍ഗ്രസ്സ് അണികള്‍ക്കിടയില്‍ ജോസഫ് വിഭാഗത്തിന് നിലവില്‍ ഉള്ള സ്വാധീനം പോലും നഷ്ടമായ അവസ്ഥയാണുള്ളത്.

അതേ സമയം പിളര്‍ന്നാലും യു.ഡി.എഫില്‍ തുടരുക എന്നതാണ് ജോസഫ് ലക്ഷ്യമിടുന്നത്. കേരള കോണ്‍ഗ്രസ്സിന് യു.ഡി.എഫിന് നല്‍കുന്ന സീറ്റുകളില്‍ നേര്‍ പകുതിയാണ് ലക്ഷ്യം. അതിനു വേണ്ടി കൂടിയാണ് സി.എഫ്. തോമസ് എം.എല്‍.എയെ ഒപ്പം നിര്‍ത്താന്‍ ജോസഫ് ശ്രമിക്കുന്നത്.

എന്നാല്‍ ഈ വിലപേശല്‍ തന്ത്രം ഒന്നും വിലപ്പോകില്ലെന്നും കേരള കോണ്‍ഗ്രസ്സിന് അനുവദിച്ച സീറ്റുകളില്‍ ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ലെന്നുമുള്ള നിലപാടിലാണ് ജോസ്.കെ.മാണി. ജോസഫിന്റെ കാര്യത്തില്‍ തീരുമാനമാകുന്നതോടെ ഒറ്റ കേരള കോണ്‍ഗ്രസ്സ് മതി മുന്നണിയില്‍ എന്ന നിലപാടിലാണ് അദ്ദേഹം. ഇനി അഥവാ ജോസഫിനെ കൂടെ നിര്‍ത്താനാണ് കോണ്‍ഗ്രസ്സ് തീരുമാനമെങ്കില്‍ അത് അവരുടെ അക്കൗണ്ടില്‍ നിന്നാകണമെന്നതാണ് ജോസ്.കെ.മാണിയുടെ നിലപാട്.

യു.ഡി.എഫ് സ്ഥാപകന്‍ കൂടിയായ കെ.എം.മാണിയുടെ പാര്‍ട്ടിയിലെ ഈ സംഭവ വികാസങ്ങള്‍ വലിയ പ്രതിസന്ധിയാണ് യു.ഡി.എഫില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ജോസ്.കെ മാണി വിഭാഗത്തിനോടാണ് മുസ്ലിം ലീഗിനും താല്‍പ്പര്യം. കൂറ് മാറി വന്ന ജോസഫിനെ വിശ്വസിച്ച് കൂടെ നിര്‍ത്തരുതെന്ന അഭിപ്രായം മറ്റു ഘടക കക്ഷികളിലും ശക്തമാണ്. ജോസ്.കെ.മാണി വിഭാഗത്തെ കൈവിട്ടാല്‍ മധ്യകേരളത്തില്‍ വലിയ തിരിച്ചടി യു.ഡി.എഫിന് ഉണ്ടാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും തീരുമാനത്തിനായാണ് നേതാക്കള്‍ ഇപ്പോള്‍ കാത്തു നില്‍ക്കുന്നത്. ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട അവസ്ഥയിലാണ് യഥാര്‍ത്ഥത്തിലിപ്പോള്‍ കോണ്‍ഗ്രസ്സ് നേതൃത്വം.

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

Top