പി.ജെ ജോസഫ് തന്നെയാണ് നേതാവ് ; ജോസഫ് വിഭാഗം സ്പീക്കര്‍ക്ക് കത്ത് നല്‍കി

തിരുവനന്തപുരം : പി.ജെ ജോസഫ് തന്നെയാണ് നിയമസഭാ കക്ഷി നേതാവെന്ന് മോന്‍സ് കെ ജോസഫ്. ചട്ടപ്രകാരമാണ് ജോസഫിനെ തെരഞ്ഞെടുത്തതെന്നും ജോസ് കെ മാണി പക്ഷത്തിന്റെ കത്ത് സ്പീക്കര്‍ തള്ളണമെന്നും ആവശ്യപ്പെട്ട് ജോസഫ് വിഭാഗം സ്പീക്കര്‍ക്ക് കത്ത് നല്‍കി.

പിജെ ജോസഫിനെ കേരള കോണ്‍ഗ്രസ് ചെയര്‍മാനായി അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കത്തുനല്‍കിയിരുന്നു.

കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം. മാണിയുടെ നിര്യാണത്തോടെ ആയിരുന്നു പാര്‍ട്ടിക്കകത്ത് തര്‍ക്കം തുടങ്ങിയത്. തുടര്‍ന്ന് ജോസ് വിഭാഗം സംസ്ഥാനസമിതി യോഗം വിളിച്ചുചേര്‍ത്ത് ജോസിനെ ചെയര്‍മാനായി തെരഞ്ഞെടുത്തു. ഇതിനെതിരേ ജോസഫ് വിഭാഗക്കാരായ ഫിലിപ്പ് സ്റ്റീഫനും മനോഹര്‍ നടുവിലേടത്തും ഇടുക്കി മുന്‍സിഫ് കോടതിയെ സമീപിക്കുകയും ജോസിനെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടി കോടതി സ്റ്റേ ചെയ്യുകയുമായിരുന്നു.

ഇതിനെതിരേയാണു ജോസ് കെ. മാണിയും കെ.ഐ. ആന്റണിയും കട്ടപ്പന സബ് കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. അപ്പീലില്‍ വിശദമായ വാദം കേട്ട കോടതി, ജോസിനെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടി പാര്‍ട്ടി ഭരണഘടനപ്രകാരമല്ലെന്നു കണ്ടെത്തി. ഇതോടെ ജോസ് വിഭാഗത്തിനു െഹെക്കോടതിയെ സമീപിക്കേണ്ടിവരും.

എന്തായാലും ഇരു കൂട്ടരുടേയും പടലപിണക്കങ്ങളും തമ്മിലടിയും തന്നെയാണ് പാല ഉപതെഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയായത്. 52 വര്‍ഷമായി കോണ്‍ഗ്രസ് കോട്ടയായിരുന്ന പാല ഇന്ന് ഇടത് സര്‍ക്കാരിന്റെ കൈകളിലാണ്.

Top