ചെയര്‍മാന്‍ സ്ഥാനത്തര്‍ക്കം; പാര്‍ട്ടി നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്ന് പി.ജെ.ജോസഫ്

PJ joseph

തൊടുപുഴ: കോരളാ കോണ്‍ഗ്രസിലെ അധികാര തര്‍ക്കത്തെക്കുറിച്ച് പ്രതികരണവുമായി കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ.ജോസഫ്. ജോസ് കെ.മാണി പാര്‍ട്ടി ചെയര്‍മാനാകണമെന്നോ, സി.എഫ്.തോമസിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കണമെന്നോ നിര്‍ദേശമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റുമാരല്ല, പാര്‍ട്ടി നേതൃത്വമാണ് തീരുമാനമെടുക്കേണ്ടത്. ഒരു വിഭാഗത്തിനു മാത്രം സ്ഥാനങ്ങള്‍ വേണമെന്ന നിര്‍ദേശം വരുമെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘പ്രതിച്ഛായ’യിലെ ലേഖനത്തില്‍ വന്ന കാര്യങ്ങള്‍ തെറ്റാണ്. കെ.എം.മാണിക്കൊപ്പം താനും രാജിവയ്ക്കണമെന്ന തീരുമാനംപാര്‍ട്ടിയില്‍ ഉണ്ടായിരുന്നില്ലെന്നും പി.ജെ.ജോസഫ് പറഞ്ഞു. ജോസ് കെ.മാണിയെ ചെയര്‍മാനാക്കണമെന്ന് പാര്‍ട്ടിയുടെ 9 ജില്ലാ പ്രസിഡന്റുമാര്‍ നിര്‍ദേശിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് പി.ജെ.ജോസഫിന്റെ പ്രതികരണം.

ജില്ലാ പ്രസിഡന്റുമാരുടെ നീക്കത്തില്‍ സി.എഫ്. തോമസ് അതൃപ്തി അറിയിച്ചിരുന്നു. സമവായത്തിലൂടെ വിഷയത്തില്‍ പരിഹാരം കാണാനാണ് ശ്രമമെന്ന് അദ്ദേഹം അറിയിച്ചു. ഇത്തരം നീക്കങ്ങള്‍ ഉചിതമല്ലെന്നും സി.എഫ്. തോമസ് നേതാക്കളോടു പറഞ്ഞതായാണു വിവരം.

സി.എഫ്. തോമസിനോടു നിലപാട് വ്യക്തമാക്കിയതിനുശേഷം നേതാക്കള്‍ ജോസ്.കെ.മാണിയെ പാലായിലെ വീട്ടിലെത്തി കണ്ടു. ചെയര്‍മാന്‍ ആരാകണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടി നേതൃത്വമെന്ന് ജോസ് കെ.മാണിയും പ്രതികരിച്ചു. തീരുമാനം വൈകാതെ ഉണ്ടാകുമെന്നും ജോസ് കെ. മാണി പറഞ്ഞു.

Top