കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തെ വിഷയത്തില്‍ രമ്യമായി പരിഹരിക്കാനുള്ള ശ്രമം തുടരും : ഉമ്മന്‍ ചാണ്ടി

oommen chandy

കോട്ടയം: കേരള കോണ്‍ഗ്രസ് പ്രതിസന്ധി മറികടക്കണമെന്നാണ് യു.ഡി.എഫിലേയും കോണ്‍ഗ്രസിലേയും എല്ലാ അംഗങ്ങളുടേയും ആഗ്രഹമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തെ വിഷയത്തില്‍ രമ്യമായി പരിഹരിക്കാനുള്ള ശ്രമം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസിലെ വിഷയം നിലവില്‍ യു.ഡി.എഫിന് പ്രതിസന്ധിയുണ്ടാക്കുന്നില്ലെന്നും
പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികള്‍ ഉറപ്പായും നടത്തുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. എല്ലാകാര്യങ്ങളും നല്ലനിലയില്‍ മുന്നോട്ട് കൊണ്ട്പോകണമെന്നാണ് ആഗ്രഹമെന്നും അതിനുവേണ്ടി ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള കോണ്‍ഗ്രസ് പിളര്‍ന്നത് നിര്‍ഭാഗ്യകരമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് അധികാരത്തര്‍ക്കം മൂലമുണ്ടായ അകല്‍ച്ചയാണെന്നും കെ.എം മാണിയെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫിന്റെ നേതൃത്വത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സമവായമുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ലീഗിന് ഇക്കാര്യത്തില്‍ ശുഭപ്രതീക്ഷയുണ്ടെന്നും കെപിഎ മജീദ് കൂട്ടിച്ചേര്‍ത്തു.

കേരളാ കോണ്‍ഗ്രസ് എമ്മിലെ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാനും പറഞ്ഞു. നേതാക്കള്‍ രാഷ്ട്രീയ പക്വത കാണിക്കണമെന്നും മുന്നണിയിലെ യോജിപ്പ് നിലനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പാര്‍ട്ടി അനുരഞ്ജനത്തിന് തയാറാണെന്നും ബെന്നി ബഹനാന്‍ വ്യക്തമാക്കി.

Top