കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം; കോട്ടയം ജില്ലാ പ്രസിഡന്റ് ഇ.ജെ. ആഗസ്തി രാജിക്കത്തു നല്‍കി

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെച്ചൊല്ലി കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. സിപിഎം പിന്തുണ സംബന്ധിച്ച് പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നു കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം വ്യക്തമാക്കി. തീരുമാനം അറിഞ്ഞിട്ടില്ലെന്നും കോണ്‍ഗ്രസിന്റെ വിമര്‍ശനം ശരിയെന്നും മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. അതേസമയം മാണി വിഭാഗം എല്‍ഡിഎഫിലേക്കു പോകുന്നുവെന്ന പ്രചാരണം മാധ്യമങ്ങള്‍ ഉണ്ടാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക ധാരണ മാത്രമാണത്. വിഷയവുമായി ബന്ധപ്പെട്ടു കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവുമായി ബന്ധപ്പെട്ട് പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് ഇ.ജെ. ആഗസ്തി രാജിക്കത്തു നല്‍കി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജോഷി ഫിലിപ്പ് കോട്ടയം ഡിസിസി അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിനെ തുടര്‍ന്നു പ്രസിഡന്റു പദവി രാജിവച്ചിരുന്നു. ഇതേത്തുടര്‍ന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണയോടെ കോട്ടയത്ത് കേരള കോണ്‍ഗ്രസിലെ സഖറിയാസ് കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റാവുകയായിരുന്നു. ഇതാണ് വിവാദമായത്.

കേരള കോണ്‍ഗ്രസും മാണിയും എല്‍ഡിഎഫിലേക്ക് അടുക്കുകയാണെന്ന സൂചനയാണ് ഇതിലൂടെ പുറത്തുവന്നത്. ഇതിനെതിരെയാണ് പാര്‍ട്ടിയിലെതന്നെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പുയര്‍ന്നത്.

Top