Kerala congress M will split

കോട്ടയം: കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്. കെ.എം മാണിയും പി.ജെ ജോസഫും തമ്മിലുള്ള ഭിന്നത കടുത്തതാണ് പിളര്‍പ്പിന് കാരണം. കെ.എം മാണിയുമായി ഒത്തു പോകാന്‍ കഴിയാത്തതിനാല്‍ ഘടകകക്ഷിയായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പിജെ ജോസഫ് മുഖ്യമന്ത്രിയെ സമീപിച്ചു.

കഴിഞ്ഞ കുറച്ചു നാളുകളായി മാണിയും ജോസഫും തമ്മില്‍ അത്ര രസത്തിലല്ല. മാണി ഒറ്റയ്ക്ക് തീരുമാനങ്ങള്‍ എടുക്കുന്നതിനോട് ജോസഫ് വിഭാഗത്തിനുള്ള വിയോജിപ്പാണ് ഇരുകൂട്ടരും തമ്മിലുള്ള അകല്‍ച്ചക്ക് ആധാരം.

ഡല്‍ഹിയില്‍ കെ.എം. മാണിയുടെ നേതൃത്വത്തില്‍ നടക്കുന്ന ധര്‍ണയില്‍ ജോസഫ് വിഭാഗം പങ്കെടുക്കുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം സംബന്ധിച്ച് ഇരുവിഭാഗവും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. ഈ പശ്ചാത്തലത്തില്‍ മാണി ഗ്രൂപ്പില്‍നിന്ന് മാറി പ്രത്യേക ഘടകകക്ഷിയായി യുഡിഎഫില്‍ തുടരാനുള്ള ജോസഫ് വിഭാഗത്തിന്റെ നീക്കം.

ജോസഫ് ഗ്രൂപ്പിലെ പിളര്‍പ്പൊഴിവാക്കാനുള്ള അവസാന ശ്രമമെന്ന നിലയില്‍ കൂടിയാണ് പിജെ ജോസഫിന്റെ നീക്കം. ഒത്തുപോകാനാകാത്ത വിധം മാണിയുമായി അകന്നെന്നും മൂന്ന് എംഎല്‍എമാരുള്ളതിനാല്‍ പ്രത്യേക ഘടകക്ഷിയായി പരിഗണിക്കണമെന്നുമാണ് പിജെ ജോസഫിന്റെ ആവശ്യം.

പാര്‍ട്ടിക്കകത്തോ മുന്നണിക്കകത്തോ അര്‍ഹമായ പ്രാതിനിധ്യം കിട്ടുന്നില്ലെന്ന പരാതി യുഡിഎഫ് നേതാക്കളുമായി നടത്തിയ അനൗപചാരിക ചര്‍ച്ചയിലും ജോസഫ് വിഭാഗം ഉന്നയിച്ചിട്ടുണ്ട്. മാത്രമല്ല ജോസഫ് ഗ്രൂപ്പ് പുനരുജ്ജീവിപ്പിച്ചില്ലെങ്കില്‍ അസംതൃപ്തരായ വലിയൊരു വിഭാഗത്തെ പിടിച്ച് നിര്‍ത്താനാകില്ലെന്നും ഇത് മുന്നണിക്ക് തിരിച്ചടിയാകുമെന്നുമാണ് പി.ജെ ജോസഫിന്റെ നിലപാട്.

Top