കേരള കോണ്‍ഗ്രസിന്റെ പുതിയ ചെയര്‍മാനെ നാളെ തീരുമാനിക്കും; യോഗം വിളിച്ച് ജോസ് കെ മാണി

കോട്ടയം: കേരള കോണ്‍ഗ്രസിന്റെ പുതിയ ചെയര്‍മാനെ നാളെ തീരുമാനിക്കുമെന്ന് ജോസ് കെ മാണി. ഇതിനായി നാളെ പാര്‍ട്ടി യോഗം ചേരും. നാലില്‍ ഒന്ന് നേതാക്കളുടെ രേഖാമൂലമുള്ള പിന്തുണയുമായാണ് യോഗം വിളിച്ച് ചേര്‍ക്കുന്നതെന്ന് ജോസ് കെ മാണി അറിയിച്ചു.

കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയിലെ 400 സ്ഥിരാംഗങ്ങളില്‍ മുന്നൂറോളം അംഗങ്ങളുടെ പിന്തുണ തങ്ങള്‍ക്ക് ഉണ്ടെന്ന്
ജോസ് കെ മാണി വിഭാഗം അവകാശപ്പെട്ടു. സംസ്ഥാന കമ്മറ്റിയിലുള്ള ഈ ഭൂരിപക്ഷമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്താന്‍ ജോസ് കെ മാണിയെ പ്രേരിപ്പിച്ചത്.

സംസ്ഥാന കമ്മറ്റി യോഗം വിളിക്കാന്‍ 115 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടതെന്നിരിക്കെ 127 അംഗങ്ങള്‍ ഒപ്പിട്ട കത്ത് കൈമാറിയിട്ടും യോഗം വിളിക്കാന്‍ പി.ജെ ജോസഫ് തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് യോഗം വിളിച്ചുചേര്‍ക്കാന്‍ തയ്യാറായതെന്നാണ് ജോസ് കെ മാണി പ്രതികരിച്ചത്. യോഗത്തിന്റെ പ്രധാന അജണ്ട പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുക എന്നതാണ്. യോഗത്തിലേക്ക് പി.ജെ ജോസഫ് വിഭാഗത്തെയും ക്ഷണിച്ചിട്ടുണ്ട്. പുതിയ നീക്കം കേരള കോണ്‍ഗ്രസിന്റെ പിളര്‍പ്പിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് രാഷ്ടീയ നിരീക്ഷകര്‍ പറയുന്നത്.

Top