കേരള കോൺഗ്രസ്സിന്റെ ആവശ്യത്തിനു സി.പി.എം വഴങ്ങിയാൽ, ആ സീറ്റുകളിൽ തോൽവിയും ഉറപ്പാകും ?

യു.ഡി.എഫ് എന്ന മുന്നണി ചവിട്ടി പുറത്താക്കിയ പാർട്ടിയാണ് ജോസ് കെ മാണിയുടെ കേരള കോൺഗ്രസ്സ്. ഒരു ഗതിയുമില്ലാതെ അലഞ്ഞ ആ പാർട്ടിക്ക് അഭയം നൽകിയത് ഇടതുപക്ഷമാണ്. സി.പി.ഐയുടെ എതിർപ്പ് തളളിയാണ് മുന്നണിയെ നയിക്കുന്ന സി.പി.എം ജോസ് കെ മാണിക്ക് ബർത്ത് നൽകിയിരുന്നത്. ഒരു മന്ത്രി സ്ഥാനം ഉൾപ്പെടെ ഭരണത്തിന്റെ വിവിധ മേഖലകളിൽ കേരള കോൺഗ്രസ്സിന് ഇന്ന് പ്രാതിനിത്യം ഉണ്ട്. ഇതൊന്നും തന്നെ ആർക്കും വിസ്മരിക്കാൻ കഴിയുന്നതല്ല. എന്നാൽ ഇടതുപക്ഷം നൽകിയ ഈ വലിയ പരിഗണനയെ വിലപേശാനുള്ള മാർഗ്ഗമായാണ് കേരള കോൺഗ്രസ്സ് ഇപ്പോൾ എടുത്തിരിക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പിലെ അവരുടെ ആവശ്യം കാണുമ്പോൾ അങ്ങനെ മാത്രമേ വിലയിരുത്താൻ കഴിയുകയൊള്ളൂ.

വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയത്തിന് പുറമേ രണ്ടു സീറ്റ് കൂടി ഇടതുമുന്നണിയിൽ നിന്നും ലഭിക്കണമെന്ന ആവശ്യമാണ് കേരള കോൺഗ്രസ് (എം) നേതൃത്വം മുന്നോട്ട് വയ്ക്കുന്നത്. കോട്ടയത്തിനു പുറമേ രണ്ട് സീറ്റുകൾ അധികമായി വേണമെന്ന ആവശ്യം ഇടതുമുന്നണി യോഗത്തിൽ ഉന്നയിക്കാൻ കോട്ടയത്ത് ചേർന്ന പാർട്ടി ഹൈപ്പവർ കമ്മിറ്റി യോഗത്തിലാണ് ധാരണയായിരിക്കുന്നത്. “കൂടുതൽ സീറ്റ് കിട്ടാൻ കേരള കോൺഗ്രസിന് യോഗ്യതയുണ്ടെന്നാണ്” പാർട്ടി ചെയർമാൻ ജോസ് കെ.മാണി വ്യക്തമാക്കിയിരിക്കുന്നത്. സിറ്റിങ്ങ് സീറ്റായ കോട്ടയത്തിനു പുറമെ പത്തനംതിട്ട കൂടി ലഭിക്കാനാണ് മൂന്ന് സീറ്റെന്ന ആവശ്യം കേരള കോൺഗ്രസ് ഉയർത്തിയിരിക്കുന്നത്.

പത്തനംതിട്ട അതല്ലങ്കിൽ ചാലക്കുടിയോ വടകരയോ ലഭിക്കണമെന്നതാണ് കേരള കോൺഗ്രസ്സിന്റെ ആവശ്യം. ഇതിനായുള്ള സമ്മർദ്ദം മുന്നണിയിൽ തുടരാനാണ് നേതൃത്വത്തിന്റെ തീരുമാനം. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിലെ 3 നിയമസഭാ മണ്ഡലങ്ങളിൽ കേരള കോൺഗ്രസ്സിന് എംഎൽഎമാർ ഉണ്ട് എന്നതാണ് രണ്ടാമതായി ആ മണ്ഡലം ആവശ്യപ്പെടാനുള്ള പ്രധാന കാരണം. ക്രൈസ്തവ വോട്ടുകൾക്ക് പ്രാമുഖ്യം ഉള്ള മണ്ഡലം എന്ന നിലയിലാണ് പകരം ലിസ്റ്റിൽ ചാലക്കുടി കയറിപ്പറ്റിയിരിക്കുന്നത്. ഇത് രണ്ടും ലഭിച്ചില്ലങ്കിൽ വടകര വേണമെന്ന് ആവശ്യപ്പെടുന്നത് കേരള കോൺഗ്രസ്സിന്റെ സംസ്ഥാന ഭാരവാഹികളിൽ പ്രധാനിയും മലബാറിൽ നിന്നുള്ള പ്രമുഖ നേതാവുമായ മുഹമ്മദ് ഇക്ബാലിന് വേണ്ടിയാണ്.

കോട്ടയത്തിനു പുറമെ ഈ രണ്ട് സീറ്റുകളും ലഭിച്ചില്ലങ്കിൽ ഇടുക്കി സീറ്റാണ് കേരള കോൺഗ്രസ് ലക്ഷ്യമിടുന്നത്. എന്നാൽ കോട്ടയം സീറ്റിനപ്പുറം ഒരു പരിഗണന കേരള കോൺഗ്രസ്സിനു നൽകാൻ ഇടതുപക്ഷം തയ്യാറാകാൻ സാധ്യതയില്ല. അഥവാ അങ്ങനെ ഒരു സാഹസത്തിന് ഇടതുപക്ഷം തുനിഞ്ഞാൽ അണികൾ തന്നെ സ്വന്തം സ്ഥാനാർഥിയെ തോൽപ്പിക്കാൻ രംഗത്തിറങ്ങുന്ന സാഹചര്യമാണ് സംജാതമാകുക. ഒരു സീറ്റിനപ്പുറം മറ്റൊരു സീറ്റ് കേരള കോൺഗ്രസ്സിനു നൽകുകയാണെങ്കിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാനാണ് സി.പി.ഐയുടെ തീരുമാനം.

കേരള കോൺഗ്രസ്സിന് കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് സ്വാധീനമെങ്കിൽ സി.പി.ഐക്ക് ഇടുക്കി, കൊല്ലം, തൃശൂർ ജില്ലകളിലാണ് കാര്യമായ സ്വാധീനമുള്ളത്. അതേസമയം ഘടക കക്ഷികളുടെ ഈ ജില്ലകൾ ഉൾപ്പെടെ കേരളത്തിലെ 13 ജില്ലകളിലെയും ഏറ്റവും വലിയ പാർട്ടി സി.പി.എമ്മാണെന്നതും നാം ഓർക്കണം. മലപ്പുറത്ത് മാത്രമാണ് സി.പി.എമ്മിന് രണ്ടാം സ്ഥാനമുള്ളത്. എന്നാൽ ലീഗ് കോട്ടയായ മലപ്പുറത്തു പോലും അവരെ വിറപ്പിക്കുന്ന ശക്തിയായി നിലവിൽ സി.പി.എം മാറിയിട്ടുണ്ട്. മലപ്പുറം ജില്ലയിൽ നിന്നു മാത്രം 4 എം.എൽ.എമാർ സി.പി. എമ്മിനുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകൾവച്ചു പരിശോധിച്ചാൽ പൊന്നാനി ലോകസഭ മണ്ഡലത്തിൽ പതിനായിരത്തിൽ താഴെ മാത്രമാണ് യു.ഡി.എഫിന്റെ ലീഡ്.

അതായത് ഒന്നു ആഞ്ഞുപിടിച്ചാൽ പൊന്നാനിയും ചുവക്കുമെന്ന് വ്യക്തം. കോൺഗ്രസ്സിന്റെ പിന്തുണയില്ലാതെ ലീഗ് മത്സരിക്കുകയും സി.പി.എം ഒറ്റയ്ക്ക് അവരെ നേരിടുകയും ചെയ്താൽ ചില സിറ്റിംഗ് മണ്ഡലങ്ങൾ ലീഗിന് നഷ്ടമാകും. കണക്കുകൾ നൽകുന്ന സൂചനയും അതു തന്നെയാണ്. ലീഗില്ലാതെ തിരഞ്ഞെടുപ്പിനെ നേരിട്ടാൽ മലബാറിൽ ഒരു സീറ്റിൽ പോലും വിജയിക്കാൻ കോൺഗ്രസ്സിനു കഴിയുകയില്ല. കാസർഗോഡ്, കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിൽ കോൺഗ്രസ്സിന്റെ അസ്തമയമാണ് അതോടെ സംഭവിക്കുക. യു.ഡി.എഫ് എന്ന സംവിധാനമാണ് , ഇതോടെ ഇല്ലാതാക്കുക.

യു.ഡി.എഫിൽ ലീഗിനെ പോലെയുള്ള ശക്തമായ ഒരു ഘടകകക്ഷി ഉള്ളതാണ് നിലവിൽ കോൺഗ്രസ്സിന്റെ കരുത്ത്. എന്നാൽ അത്തരം ഒരു കരുത്തുള്ള ഘടക കക്ഷി ഇടതുപക്ഷത്ത് സി.പി.എമ്മിനൊപ്പം ഇല്ല എന്നതും ഒരു യാഥാർത്ഥ്യമാണ്. ഇടതുപക്ഷത്തുള്ള ഘടക കക്ഷികളെല്ലാം തന്നെ സി.പി.എമ്മിന്റെ കരുത്തിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ആരൊക്കെ നിഷേധിച്ചാലും അതൊരു യാഥാർത്ഥ്യം തന്നെയാണ്. ഇതെല്ലാം മറന്നാണ് കേരള കോൺഗ്രസ്സ് ഇപ്പോൾ മൂന്നു സീറ്റെന്ന ആവശ്യം മുന്നോട്ടു വച്ചിരിക്കുന്നത്. ഒറ്റയ്ക്കു മത്സരിച്ചാൽ കെട്ടിവച്ചകാശ് പോലും കിട്ടാത്ത പാർട്ടിയുടെ അതിരു കടന്ന ആവശ്യമാണിത്. അങ്ങനെ തന്നെ വിലയിരുത്താനാണ് ഞങ്ങൾക്കും താൽപ്പര്യം.

സി.പി.എമ്മിനൊപ്പം ചേർന്നാൽ ഉണ്ടാകുന്ന കരുത്ത് ആ പാർട്ടിക്കൊപ്പം ഇല്ലങ്കിൽ ഉണ്ടാവില്ലന്നത് ഇടതുപക്ഷത്തെ ഘടക കക്ഷികൾ മനസ്സിലാക്കുന്നത് നല്ലതാണ്. ഇനി ഏതെങ്കിലും സി.പി.എം നേതാക്കൾ പ്രീതിപ്പെട്ട് കൂടുതൽ സീറ്റുകൾ ഘടകകക്ഷികൾക്ക് വിട്ടു നൽകിയാൽ വിജയിക്കുമെന്ന ആത്മവിശ്വാസവും നല്ലതല്ല. സി.പി.എം. നേതൃത്വം ഒരു തീരുമാനമെടുത്താൽ ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത തീരുമാനമായാൽ പോലും ആ പാർട്ടിയുടെ അണികൾ അത് അംഗീകരിക്കും. ഒരു കേഡർ പാർട്ടി എന്ന നിലയിൽ സി.പി.എമ്മിന്റെ സിസ്റ്റം അങ്ങനെയാണ്. എന്നാൽ സി.പി. എം നേതാക്കൾ പറയുന്ന എല്ലാ കാര്യവും അവരുടെ അനുഭാവികൾ അനുസരിക്കണമെന്നില്ല.

അതായത് സി. പി.എം. വോട്ടർമാരിൽ ബഹുഭൂരിപക്ഷ വരുന്ന അനുഭാവികൾക്ക് ഇഷ്ടമില്ലാത്തവരെ വിജയിപ്പിച്ചെടുക്കാൻ സി.പി.എം നേതൃത്വം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയാലും സാധിക്കില്ലന്നത് പകൽപോലെ വ്യക്തമാണ്. ഇത് സോഷ്യൽ മീഡിയകളുടെയും നവമാധ്യമങ്ങളുടെയും പുതിയ കാലമാണ്. ഈ പുതിയ കാലത്ത് മൊബൈൽ ഫോൺ കൈവശമുള്ള ഓരോ വ്യക്തിയും മാധ്യമ പ്രവർത്തകരാണ്. അവർക്ക് പറയാനുള്ള കാര്യങ്ങൾക്ക് സി.പി.എം അനുഭാവികൾക്കിടയിലും സ്വീകാര്യത ലഭിക്കും. പാർട്ടി അംഗമല്ലാത്ത ലക്ഷക്കണക്കിനു വരുന്ന അനുഭാവികളാണ് സി.പി.എമ്മിന്റെ കരുത്തെന്നത് നേതൃത്വം മറന്നുപോകരുത്. അതുകൂടി ഓർത്തുവേണം സീറ്റുവിഭജനം നടത്തേണ്ടത്. സി.പി.എം അനുഭാവികൾ കൂട്ടമായി എതിർത്താൽ പരാജയം ഉറപ്പാകുമെന്നത് കൂടുതൽ സീറ്റുകൾക്കായി വാശിപിടിക്കുന്ന ഘടക കക്ഷികളും ഓർക്കുന്നത് നല്ലതായിരിക്കും.

ഉമ്മൻചാണ്ടിയുടെ കരുത്ത് എന്തായിരുന്നു എന്നത് അദ്ദേഹം മരിച്ച ശേഷമാണ് രാഷ്ട്രീയ കേരളത്തിന് ബോധ്യപ്പെട്ടിരുന്നത്. ആ കരുത്ത് ജനങ്ങൾക്കു മുന്നിൽ പടർത്തിയതാകട്ടെ സോഷ്യൽ മീഡിയകളുമാണ്. ചാനലുകളിൽ കണ്ടതിന്റെ എത്രയോ ഇരട്ടി ആളുകൾ സോഷ്യൽ മീഡിയകൾ വഴിയാണ് ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്ര കണ്ടിരുന്നത്. വിലാപയാത്രയിൽ ജനങ്ങളുടെ ഒഴുക്ക് വർദ്ധിക്കാൻ ഇതും ഒരു കാരണമായിരുന്നു. വിലാപയാത്രയേക്കാൾ ഉമ്മൻചാണ്ടിയെ കുറിച്ച് സോഷ്യൽ മീഡിയകളിലൂടെ സാധാരണക്കാർ നടത്തിയ അഭിപ്രായ പ്രകടനങ്ങളാണ് ജനമനസ്സുകളെ ഏറെ സ്വാധീനിച്ചിരുന്നത്. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ വിജയത്തിന്റെ പ്രധാന ഘടകവും ഈ പ്രതികരണങ്ങൾ തന്നെയാണ്.

കേരള കോൺഗ്രസ്സിനു സ്വാധീനമുണ്ടെന്നു ആ പാർട്ടി അവകാശപ്പെട്ട പഞ്ചായത്തിൽ പോലും ഇടതുപക്ഷം ഏറെ പിറകോട്ട് പോയ കാഴ്ചയാണ് പുതുപ്പള്ളിയിൽ കണ്ടത്. ഈ വസ്തുതയടക്കം മനസ്സിലാക്കി വേണം കൂടുതൽ സീറ്റെന്ന ആവശ്യം കേരള കോൺഗ്രസ്സ് മുന്നോട്ട് വയ്ക്കേണ്ടത്. ജോസ് കെ മാണിക്ക് സി.പി.എം നേതാക്കളെ സ്വാധീനിച്ച് കൂടുതൽ സീറ്റുകൾ നേടിയെടുക്കാൻ ഒരുപക്ഷേ സാധിച്ചേക്കും. എന്നാൽ അവിടങ്ങളിൽ എല്ലാം സി.പി.എം അനുഭാവികളുടെ വോട്ടുകൾ പെട്ടിയിൽ വീഴുമെന്നു മാത്രം കരുതരുത്. അതിനുള്ള സാധ്യത ഇപ്പോഴത്തെ സാഹചര്യത്തിൽ ഇല്ല എന്നു തന്നെ പറയേണ്ടി വരും…

EXPRESS KERALA VIEW

Top