Kerala Congress- left UDF, crisis of Irinjalakkuda municipality

തൃശൂര്‍ :കേരള കോണ്‍ഗ്രസ് യുഡിഎഫ് മുന്നണി വിട്ടതിനേത്തുടര്‍ന്ന് ഇരിങ്ങാലക്കുട നഗരസഭയിലെ ഭരണം പ്രതിസന്ധിയിലേക്ക്.

യുഡിഎഫ് ഭരിക്കുന്ന നഗരസഭയില്‍ കേരള കോണ്‍ഗ്രസി (എം) നു രണ്ട് അംഗങ്ങളാണ് ഉള്ളത്. രണ്ടുപേരുടെ ഭൂരിപക്ഷത്തിലാണ് ഭരണം നിലനില്‍ക്കുന്നത്.

യുഡിഎഫ് വിട്ട സ്ഥിതിക്ക് കേരള കോണ്‍ഗ്രസിന്റെ പ്രാദേശിക സഹകരണത്തോടെ ഭരണം നിലനിര്‍ത്തുന്നത് നല്ലതല്ലെന്നു നേതൃത്വത്തോടു ശുപാര്‍ശ ചെയ്യുമെന്നു കെപിസിസി ജനറല്‍ സെക്രട്ടറി എം.പി. ജാക്‌സണ്‍ മാധ്യമങ്ങളോടു പറഞ്ഞു.

‘അവിഹിത ബന്ധം’ നിലനിര്‍ത്തിയാല്‍ അതു ‘കുടുംബ’ത്തിനു നല്ലതല്ലെന്നാണു ജാക്‌സന്‍ വിശേഷിപ്പിച്ചത്. കേരള കോണ്‍ഗ്രസ് (എം)ലെ രണ്ടുപേരെയും ജയിപ്പിച്ചത് കോണ്‍ഗ്രസാണെന്നും യുഡിഎഫ് ധാരണയുടെ പേരില്‍ മാത്രമാണ് സീറ്റ് അനുവദിച്ചതെന്നും ജാക്‌സണ്‍ പറഞ്ഞു..

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോമസ് ഉണ്ണിയാടനെ തോല്‍പിക്കാന്‍ പ്രാദേശികമായി ശ്രമിച്ചുവെന്ന ആരോപണവും ജാക്‌സന്‍ നിഷേധിച്ചു. തിരഞ്ഞെടുപ്പു നേരിട്ടു നിയന്ത്രിച്ചത് ഉണ്ണിയാടനാണെന്നും ജാക്‌സന്‍ പറഞ്ഞു.

പ്രാദേശിക പിന്തുണ വേണ്ടെന്ന നിലപാടാണ് ഇവിടെയുള്ളതെന്നും തീരുമാനമെടുക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നും ജാക്‌സന്‍ വ്യക്തമാക്കി.

Top