കേരള കോണ്‍ഗ്രസ് നേതാവ് പി.സി തോമസ് യുഡിഎഫിലേക്ക്

കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവ് പി.സി. തോമസ് യുഡിഎഫില്‍ ചേരാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി തോമസിന്റെയും പാര്‍ട്ടി വൈസ് ചെയര്‍മാന്‍ രാജന്‍ കണ്ണാട്ടിന്റെയും നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരുമായി ചര്‍ച്ച നടത്തി.

എന്‍ഡിഎ മുന്നണിയില്‍ നിന്ന് പാര്‍ട്ടിക്കു വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും കേന്ദ്ര കോര്‍പറേഷന്‍, ബോര്‍ഡ് സ്ഥാനങ്ങളില്‍ അര്‍ഹമായ സ്ഥാനം നല്‍കിയില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇക്കാര്യം തോമസ് എന്‍ഡിഎ നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു.

കേരള കോണ്‍ഗ്രസ്-എം ജോസഫ് വിഭാഗവുമായി യോജിക്കാനായിരുന്നു ആദ്യ ചര്‍ച്ചയെങ്കിലും ഈ നീക്കത്തിനു ജോസഫ് ഗ്രൂപ്പില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചില്ല. ഇതോടെയാണ് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി മുന്നണിയിലെത്താനുള്ള നീക്കം തോമസ് ആരംഭിച്ചത്. നിയമസഭയിലേക്ക് പാലാ, പൂഞ്ഞാര്‍, കോതമംഗലം സീറ്റുകളില്‍ ഏതെങ്കിലും ഒന്നില്‍ മത്സരിക്കാനാണ് തോമസ് ലക്ഷ്യമിടുന്നത്. ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കളെ അറിയിക്കുകയും ചെയ്തു.

Top