പാലാ: അന്തരിച്ച കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സമുന്നതനായ രാഷ്ട്രീയ നേതാവാണ് കെ.എം മാണിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
കേരളത്തിലെത്തുമ്പോള്‍ മാണിസാറിന്റെ വീട്ടിലെത്തി അനുശോചനം അറിയിക്കാതെ പോകാന്‍ സാധിക്കില്ലെന്നും കേരളത്തിലെ ജനങ്ങളുടെ ശബ്ദമായിരുന്നു മാണിസാറെന്നും അദ്ദേഹത്തിന്റെ വീട്ടിലെത്താനും കുടുംബാംഗങ്ങളെ കാണാനും കഴിഞ്ഞതില്‍ വലിയ അഭിമാനമുണ്ടെന്നും രാഹുല്‍ പറഞ്ഞു.
പത്തനംതിട്ടയിലെ പ്രചാരണ പരിപാടിക്ക് ശേഷമായിരുന്നു രാഹുല്‍ ഗാന്ധി പാലായിലെ കരിങ്ങോഴയ്ക്കല്‍ തറവാട്ടിലെത്തിയത്. ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി, ചെന്നിത്തല, തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും മുകുള്‍ വാസ്‌നിക് അടക്കമുള്ള ദേശീയ നേതാക്കളും രാഹുലിനൊപ്പം മാണിയുടെ വീട്ടിലെത്തി.