ജോസ്.കെ മാണി പി.ജെ ജോസഫ് പോര്; കേരളകോണ്‍ഗ്രസില്‍ തമ്മിലടി. . .

കോട്ടയം: കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായിരുന്ന കെ.എം മാണിയുടെ നിര്യാണത്തെതുടര്‍ന്ന് ഒഴിവുവന്ന പാര്‍ട്ടി ചെയര്‍മാന്‍, നിയമസഭാ കക്ഷി നേതാവ് എന്നീ സ്ഥാനങ്ങളിലേക്ക് നേതാക്കള്‍ തമ്മിലടി തുടങ്ങി.

പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം സ്വന്തമാക്കാന്‍ ജോസ്.കെ.മാണിയും തട്ടി തെറുപ്പിക്കാന്‍ പി.ജെ ജോസഫുമാണ് രംഗത്തുള്ളത്. നിയമസഭാ കക്ഷിനേതൃസ്ഥാനം പി.ജെ ജോസഫ് സ്വപ്നം കാണുമ്പോള്‍ പാരയുമായി ജോസ് കെ.മാണിയും രംഗത്തുണ്ട്.

കെ.എം മാണി പാര്‍ട്ടി ചെയര്‍മാനും നിയമസഭാ കക്ഷിനേതാവുമായിരുന്നു, പി.ജെ ജോസഫാകട്ടെ വര്‍ക്കിങ് ചെയര്‍മാനും നിയമസഭാ ഉപനേതാവ് സ്ഥാനവുമാണ് വഹിക്കുന്നത്. കോട്ടയം ലോക്സഭാ സീറ്റിനായി അവകാശവാദമുന്നയിച്ച് കലാപക്കൊടി ഉയര്‍ത്തിയ പി.ജെ ജോസഫിന് ഒടുവില്‍ പിന്‍വാങ്ങേണ്ടി വന്നിരുന്നു. പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിലവിലെ വൈസ് ചെയര്‍മാനായ ജോസ് കെ. മാണിയെ നിയോഗിക്കാനാണ് ഒരു വിഭാഗത്തിന്റെ നീക്കം.

എന്നാല്‍ പി.ജെ ജോസഫാകട്ടെ കെ.എം മാണിക്കൊപ്പം നിന്ന മുതിര്‍ന്ന നേതാവും മുന്‍ ചെയര്‍മാനുമായ സി.ഫ് തോമസിനെ നിര്‍ദ്ദേശിച്ച് ജോസ് കെ. മാണിയെ വെട്ടാനാണ് കരുനീക്കുന്നത്. നിയമസഭാ കക്ഷിനേതൃസ്ഥാനം പി.ജെ ജോസഫ് ഉറപ്പിക്കുകയും ചെയ്യുന്നു. ഈ നീക്കം മണത്തറിഞ്ഞ ജോസ് കെ. മാണി പാര്‍ലമെന്ററി പാര്‍ട്ടി യോഗം മാറ്റിവെച്ച് സമവായ സാധ്യത തേടുകയാണ്.

കോട്ടയം സീറ്റിനായി രംഗത്തെത്തിയ പി.ജെ ജോസഫിനെ തഴഞ്ഞാണ് തോമസ് ചാഴിക്കാടനെ കോട്ടയത്ത് മത്സരിപ്പിച്ചത്. പിളര്‍പ്പിന്റെ വക്കിലെത്തിയെങ്കിലും കോണ്‍ഗ്രസിന്റെ ഇടപെടലിലും രോഗക്കിടക്കയിലും കെ.എം മാണി ഫോണില്‍ വിളിച്ച് സംസാരിച്ചതും പ്രശ്നം വഷളാകാതെ കാക്കുകയായിരുന്നു.

മാണിയുടെ വിയോഗത്തോടെ ഒഴിവുവരുന്ന പാല സീറ്റില്‍ ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണിയെ മത്സരിപ്പിക്കാനാണ് നീക്കം. ഈ നീക്കം വിജയം കാണണമെങ്കില്‍ പി.ജെ ജോസഫിന്റെ പിന്തുണ വേണ്ടി വരും. അതിനാല്‍ ജോസഫിനെ തല്‍ക്കാലം പിണക്കേണ്ടെന്ന നിലപാടാണ് ജോസ് കെ.മാണിക്ക്. ഈ അടവ് മനസിലാക്കിയാണ് പി.ജെ ജോസഫ് പാര്‍ട്ടി ചെയര്‍മാന്‍, നിയമസഭാ കക്ഷിനേതൃ സ്ഥാനങ്ങള്‍ക്കായി സമ്മര്‍ദ്ദം ശക്തമാക്കുന്നത്.

ജോസ് കെ.മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയതു മുതല്‍ പാര്‍ട്ടിയില്‍ ജോസഫ് കലാപക്കൊടി ഉയര്‍ത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപനം നടത്തിയും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു.

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പിന്തുണയാണ് ജോസഫിന്റെ കരുത്ത്. കെ.എം മാണിയുടെ അഭാവത്തില്‍ ജോസ് കെ.മാണി നേതൃത്വത്തില്‍ ദുര്‍ബലനുമായിരിക്കുകയാണ്. കേരള കോണ്‍ഗ്രസില്‍ പുതിയ പിളര്‍പ്പുണ്ടായാല്‍ അത് പാലായിലെ ഉപതെരഞ്ഞെടുപ്പിലെ വിജയസാധ്യതകളെ ബാധിക്കും.

പാലയില്‍ പി.സി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായും മാണി സി കാപ്പല്‍ ഇടതുസ്ഥാനാര്‍ത്ഥിയായും മത്സരരംഗത്തുണ്ടാകാനാണ് സാധ്യത. ജോസഫിന്റെ സഹായമില്ലാതെ പാലായില്‍ വിജയിക്കല്‍ പ്രയാസമാകും. ഇടതുമുന്നണിക്കൊപ്പമായിരുന്ന പി.ജെ ജോസഫ് കത്തോലിക്കാ സഭയുടെ ഇടപെടലിലാണ് രാജിവെച്ച് മാണി കോണ്‍ഗ്രസില്‍ ലയിച്ച് യു.ഡി.എഫ് പാളയത്തില്‍ എത്തിയത്. ജോസഫിനെ വീണ്ടും ഇടതുമുന്നണിയിലേക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വവുമായി അടുത്ത ബന്ധം സ്ഥാപിച്ച ജോസഫ് ഈ വാഗ്ദാനം നിരസിക്കുകയായിരുന്നു.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന കെ.എം മാണിയെ അടര്‍ത്തിയെടുത്ത് ഉമ്മന്‍ചാണ്ടി മന്ത്രിസഭ അട്ടിമറിക്കാനുള്ള ഇടതുമുന്നണി നീക്കം പൊളിച്ചത് പി.ജെ ജോസഫാണ്. ബാര്‍കോഴക്കേസില്‍പെട്ട് മാണിക്ക് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നതും പിന്നീട് യു.ഡി.എഫ് വിട്ടതും കേരള കോണ്‍ഗ്രസ്- യു.ഡി.എഫ് ബന്ധത്തില്‍ വിള്ളലുണ്ടാക്കിയിരുന്നു.

സി.പി.എം അനുകൂല നിലപാട് സ്വീകരിച്ച മാണിയെ ഇടതുപാളയത്തില്‍ പോകാതെ തടഞ്ഞത് ജോസഫിന്റെ ഇടപെടലായിരുന്നു. ഇടതുമുന്നണിയിലേക്കെങ്കില്‍ പിളരുമെന്ന ജോസഫിന്റെ ഭീഷണിയിലാണ് മാണി ഇരുമുന്നണികളിലേക്കുമില്ലെന്ന നിലപാട് സ്വീകരിച്ചത്. ഒടുവില്‍ കേരള കോണ്‍ഗ്രസിനെ യു.ഡി.എഫില്‍ തിരികെ കൊണ്ടു വരുന്നതിലും നിര്‍ണായകമായത് ജോസഫിന്റെ നിലപാടുകളായിരുന്നു.

ജോസ് കെ മാണിയേക്കാള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് പ്രിയങ്കരന്‍ പി.ജെ ജോസഫാണ്. യു.പി.എ അധികാരമേറ്റാല്‍ കേന്ദ്രമന്ത്രി പദം സ്വപ്നം കാണുന്ന നേതാവാണ് ജോസ് കെ.മാണി. രണ്ടാം യു.പി.എ സര്‍ക്കാരില്‍ ജോസ് കെ.മാണിയെ കേന്ദ്രമന്ത്രിയാക്കാന്‍ കെ.എം മാണി പലഅടവുകളും പയറ്റിയിരുന്നെങ്കിലും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പാരവെച്ച് തകര്‍ക്കുകയായിരുന്നു.

ജോസ്. കെമാണിക്കും പി.ജെ ജോസഫിനും ലക്ഷ്യങ്ങള്‍ പലതായതിനാല്‍ പിളരാതെ സമവായത്തിന്റെ സാധ്യത തേടാനായിരിക്കും ശ്രമമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍

Top