ശക്തനായ പടത്തലവന്‍; കെ.എം മാണിയ്ക്ക് അനുശോചനമറിയിച്ച് എ.കെ ആന്റണി

കൊച്ചി: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ഐക്യജനാധിപത്യമുന്നണിയുടെ ശക്തനായ പടത്തലവനായിരുന്നു കെ എം മാണിയെന്നാണ് ആന്റണി പറഞ്ഞത്.

കേരളം കണ്ട ഏറ്റവും നല്ല ധനകാര്യമന്ത്രിമാരില്‍ ഒരാള്‍ ആയിരുന്നു കെഎം മാണിയെന്നും കേരളത്തിലെ നിരാലമ്പരായ രോഗികള്‍ക്ക് ആശ്വാസമാകുന്ന കാരുണ്യ പദ്ധതി പോലുള്ള നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതില്‍ സന്തോഷം കണ്ടെത്തിയിരുന്ന സഹപ്രവര്‍ത്തകനായിരുന്നു അദ്ദേഹമെന്നും ആന്റണി വ്യക്തമാക്കി.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് 4.57നായിരുന്നു അന്ത്യം. കേരള രാഷ്ട്രീയത്തിലെ അതികായന്റെ വിടവാങ്ങലില്‍ രാഷ്ട്രീയകേരളം ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്.

അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി രാവിലെ മെച്ചപ്പെട്ടിരുന്നുവെങ്കിലും ഉച്ചയോടെ നില ഗുരുതരമാവുകയായിരുന്നു. ഒന്നരമാസം മുമ്പാണ് ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കെ എം മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു . ആശുപത്രിയിലെത്തുമ്പോള്‍ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു.

Top