കേരള കോണ്‍ഗ്രസില്‍ ഭിന്നതകളില്ലെന്ന് പാര്‍ലമെന്ററിയോഗത്തിന് ശേഷം കെ എം മാണി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഭിന്നതകളില്ലെന്നും നടന്നത് പ്രാഥമിക ചര്‍ച്ചമാത്രമാണെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി. കേരള കോണ്‍ഗ്രസ് എമ്മിന്റ നിര്‍ണായക പാര്‍ലമെന്ററി പാര്‍ട്ടിയോഗം സമാപിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആനുകാലിക വിഷയങ്ങളില്‍ പ്രാഥമിക ചര്‍ച്ച നടത്തി. വിശദമായ ചര്‍ച്ച പിന്നീട് നടക്കുമെന്നും മാണി അറിയിച്ചു. പാര്‍ട്ടിയില്‍ ഭിന്നതയുണ്ടോ എന്നു ചോദിച്ചപ്പോള്‍ അങ്ങനെയുണ്ടെങ്കില്‍ എല്ലാവരും ഒരുമിച്ച് വന്നു നില്‍ക്കുമോ എന്ന മറു ചോദ്യമാണ് മാണി ഉന്നയിച്ചത്. പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച പൂര്‍ത്തിയാക്കാനാണ് തീരുമാനം. പനി മൂലം അദ്ദേഹം ഇന്നത്തെ യോഗത്തില്‍ നിന്നു വിട്ടുനിന്നിരുന്നു. കേവലം അരമണിക്കൂര്‍ മാത്രമാണ് യോഗം നീണ്ടത്. ഇന്നു ചേര്‍ന്ന യോഗത്തിലും ഭിന്നതകളില്‍ അഭിപ്രായ സമന്വയമുണ്ടായില്ലെന്നാണ് സൂചന. ധാരണയിലെത്താതെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം അവസാനിക്കുകയായിരുന്നു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റ പിന്തുണ സ്വീകരിച്ചതിനെതിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നത്. സിപിഎം പിന്തുണ സ്വീകരിച്ചതിനെതിരെ ജോസഫ് വിഭാഗം കലാപക്കൊടി ഉയര്‍ത്തിയിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണ സ്വീകരിച്ചത് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും എംഎല്‍എമാരായ പി.ജെ. ജോസഫും മോന്‍സ് ജോസഫും കഴിഞ്ഞദിവസം പരസ്യമായി വ്യക്തമാക്കിയിരുന്നു.

ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച കോട്ടയത്ത് യോഗം വിളിച്ചെങ്കിലും ഇരുവരും പങ്കെടുത്തില്ല. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് വീണ്ടും യോഗം ചേര്‍ന്നത്.

Top