കേരള കോൺഗ്രസ്സിനെ തകർക്കുവാൻ പി.ജെ ജോസഫിന് ആരുടെ ക്വട്ടേഷൻ ?

വീട്ടിലേക്ക് വിളിച്ചു കയറ്റിയവര്‍ വീട് കയ്യേറിയ അവസ്ഥയിലാണിപ്പോള്‍ കേരള കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടി. കെ.എം മാണിയുടെ മരണത്തോടെ ആ പാര്‍ട്ടിയില്‍ പിടിമുറുക്കി ആധിപത്യം സ്ഥാപിക്കാനാണ് പി.ജെ.ജോസഫ് ശ്രമിക്കുന്നത്. ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ വലിയ പൊട്ടിത്തെറിയിലേക്കാണ് കാര്യങ്ങള്‍ കൊണ്ടുപ്പോകുന്നത്.

രണ്ടില പിളര്‍ന്നാലും നേട്ടമുണ്ടാക്കാമെന്ന കാഴ്ചപ്പാടില്‍ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പുകളും ഈ തമ്മിലടിയെ പോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.

മുഖ്യമന്ത്രി കസേര സ്വപ്നം കാണുന്ന ചെന്നിത്തലക്കും മുല്ലപ്പള്ളിക്കും കേരള കോണ്‍ഗ്രസ്സ് പിളര്‍ന്നാലേ ഒരു വിഭാഗത്തെ കൂടെ നിര്‍ത്താന്‍ പറ്റൂ. എല്ലായിപ്പോഴും ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച ചരിത്രമാണ് മുസ്ലിം ലീഗിനും കേരള കോണ്‍ഗ്രസ്സിനും ഉള്ളത്.ബാര്‍ കോഴ വിവാദത്തില്‍ തന്നെ ചെന്നിത്തലയോടായിരുന്നു മാണിയുടെ സകല ദേഷ്യവും.

കേരള കോണ്‍ഗ്രസ്സില്‍ അധികാര പോര് പരിധിവിട്ടത് നേതാക്കള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിക്കുമോ എന്ന ആശങ്കയും ഇപ്പോള്‍ വ്യാപകമാണ്.

ചെയര്‍മാനായി പി.ജെ. ജോസഫിനെ തിരഞ്ഞെടുത്തുവെന്നു അവകാശപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് ഒരു വിഭാഗം കത്ത് നല്‍കി കഴിഞ്ഞു.പാര്‍ട്ടി സംസ്ഥാന കമ്മിറ്റി പോലും വിളിച്ചു ചേര്‍ക്കാതെ നടത്തിയ ഈ നീക്കം ജോസഫിന്റെ അധികാരമോഹം പരിധിവിട്ടതിന്റെ തെളിവ് കൂടിയാണ്.കെ.എം മാണി വഹിച്ച നേതൃസ്ഥാനം നിയമസഭയില്‍ ജോസഫ് ചോദിച്ച് വാങ്ങിയതിനു പിന്നാലെ ആയിരുന്നു ഈ അപ്രതീക്ഷിത നീക്കം.

ജോസഫും ജനറല്‍ സെക്രട്ടറി ജോയി എബ്രഹാമും ചേര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തു നല്‍കിയതെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ആക്ടിങ് ചെയര്‍മാന്‍ ആരെന്ന് കാട്ടിമാത്രമാണ് കത്ത് നല്‍കിയെന്നതാണ് ജോസഫിന്റെ ന്യായീകരണം.

ഈ നടപടിയെ ചോദ്യം ചെയ്ത് എം.എല്‍.എമാരായ റോഷി അഗസ്റ്റ്യനും എന്‍ ജയരാജും പരസ്യമായി രംഗത്തു വന്നു കഴിഞ്ഞു, സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കാതെ കത്ത് കൊടുക്കുന്നത് ശരിയല്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഇരുവരും.സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് 127 പേര്‍ ഒപ്പിട്ട കത്ത് ജോസ് കെ മാണി വിഭാഗം തയ്യാറാക്കി കഴിഞ്ഞു. കേരള കോണ്‍ഗ്രസ്സില്‍ വ്യക്തമായ ഭൂരിപക്ഷം വ്യക്തമാക്കുന്നതാണിത്.സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ത്താല്‍ പി ജെ. ജോസഫ് വിഭാഗത്തിനാണ് വലിയ തിരിച്ചടിയുണ്ടാകുക.ഇത് മുന്‍കൂട്ടി കണ്ടാണ് പിന്‍വാതിലിലൂടെ അധികാരം പിടിക്കാന്‍ ജോസഫ് ശ്രമിക്കുന്നത്.മാണിയുടെ മരണശേഷം ചെയര്‍മാന്റെ താല്‍ക്കാലിക ചുമതല ജോസഫ് ഏറ്റെടുത്തത് പോലും സംസ്ഥാന കമ്മിറ്റി വിളിച്ച് ചേര്‍ക്കാതെ ആയിരുന്നു.

യഥാര്‍ത്ഥത്തില്‍ കേരള കോണ്‍ഗ്രസ്സില്‍ നേതാക്കള്‍ക്കിടയില്‍ മാത്രമല്ല, അണികള്‍ക്കിടയിലും വലിയ സ്വാധീനം ജോസഫിന് ഇപ്പോഴില്ല. പിളര്‍ന്ന് വന്നപ്പോള്‍ ഒപ്പമുണ്ടായിരുന്ന മുന്‍ ഇടുക്കി എം.പി ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു എന്നിവര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് ഇടതുപക്ഷത്താണ്. ജോസഫിനൊപ്പം ഇപ്പോഴുള്ളത് മോന്‍സ് ജോസഫ് എം.എല്‍.എമാത്രമാണ്. അധികാരം പിടിക്കാനായി മാണി വിഭാഗത്തിലെ സി.എഫ് തോമസിനെയും ജോയി എബ്രഹാമിനെയും ഒപ്പം നിര്‍ത്താന്‍ ഒരു പരിധി വരെ ജോസഫിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാന കമ്മിറ്റി ചേര്‍ന്നാല്‍ ഇവരുടെ കാര്യവും പരുങ്ങലിലാകും.

ജോസ് കെ മാണിക്കൊപ്പം നില്‍ക്കുന്നവരെ അടര്‍ത്തിമാറ്റാന്‍ ഈ നേതാക്കള്‍ക്ക് പോലും സാധിച്ചിട്ടില്ല. പാലാ ഉപതിരഞ്ഞെടുപ്പ് വരുന്നതിനാല്‍ ജോസ് കെ മാണി സാഹസത്തിന് മുതിരില്ലന്നാണ് ജോസഫ് വിഭാഗം കരുതുന്നത്. എന്നാല്‍ ഉപതിരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരുന്നാല്‍ കാര്യങ്ങള്‍ വഷളാകുമെന്നതിനാല്‍ ശക്തമായി നീങ്ങാന്‍ തന്നെയാണ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം. ചില കോണ്‍ഗ്രസ്സ് നേതാക്കളുടെ സമീപനത്തിലും ജോസ്.കെ മാണി വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. ജോസഫ് വിഭാഗത്തെ ലയിപ്പിച്ചത് തന്നെ അബദ്ധമായി പോയെന്ന വികാരമാണ് അവര്‍ക്കുള്ളത്.

പി.ജെ.ജോസഫിന്റെ കേരള കോണ്‍ഗ്രസ്സ് (ജെ) യുമായുള്ള ലയനം കെ.എം മാണി മുന്‍കൈ എടുത്താണ് നടത്തിയത്. സഭാ നേതൃത്വത്തിന്റെ പിന്തുണയും ഈ നീക്കത്തിനുണ്ടായിരുന്നു. പി.സി ജോര്‍ജ് വിഭാഗത്തെയും ഒപ്പം നിര്‍ത്തിയതും മാണിയുടെ തന്ത്രമായിരുന്നു. ഇതു വഴി പി.സി ജോര്‍ജിന് സര്‍ക്കര്‍ ചീഫ് വിപ്പ് പദവി വരെ ഉമ്മന്‍ ചാണ്ടി സര്‍ക്കാറില്‍ ലഭിച്ചിരുന്നു.

പി.ജെ.ജോസഫിനെ കെ.എം മാണി മന്ത്രിയുമാക്കി. ഇടതു പക്ഷത്തുണ്ടായപ്പോയും ജോസഫ് വിഭാഗത്തിന് ഒരു മന്ത്രി സ്ഥാനം മാത്രമാണ് ലഭിച്ചിരുന്നത്. അതേസമയം കേരള കോണ്‍ഗ്രസ്സുകള്‍ ലയിച്ചപ്പോഴും ഒരു എം.എല്‍.എ സീറ്റോ എം.പി സീറ്റോ കൂടുതലായി അവര്‍ക്ക് നല്‍കാന്‍ കോണ്‍ഗ്രസ്സ് തയ്യാറായിരുന്നില്ല. ലയനം കൊണ്ട് നേട്ടം ഉണ്ടായില്ലെന്ന് മാണി തന്നെ മുന്‍പ് തുറന്ന് പറഞ്ഞിരുന്നു.

ഇത്രയും വിട്ട് വീഴ്ച ചെയ്തിട്ടും ജോസഫ് ഇപ്പോള്‍ പാര്‍ട്ടി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതില്‍ പ്രവര്‍ത്തകരും രോഷത്തിലാണ്. കെ.എം മാണി കെട്ടിപടുത്ത പാര്‍ട്ടി ജോസഫ് പിടിച്ചെടുക്കാന്‍ നോക്കിയാല്‍ വിവരമറിയുമെന്നാണ് അണികളുടെ മുന്നറിയിപ്പ്. യു.ഡി.എഫിനെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ് ഈ വിഷയം മധ്യകേരളത്തിലുണ്ടാക്കിയിരിക്കുന്നത്.

Political Reporter

Top