കോട്ടയം: തെരഞ്ഞെടുപ്പിനായുള്ള കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും. ഏറ്റുമാനൂര്‍, ചങ്ങനാശേരി, തിരുവല്ല, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. നാലിടത്ത് പുതുമുഖങ്ങള്‍ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാല്‍ തിരുവല്ല, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
തൊടുപുഴയില്‍ പി.ജെ ജോസഫായിരിക്കും സ്ഥാനാര്‍ഥി. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജും ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടനും കോതമംഗലത്ത് ഷിബു തെക്കുംപുറവും കുട്ടനാട് ജേക്കബ് എബ്രഹാമും സ്ഥാനാര്‍ഥിയാകും. ഏറ്റുമാനൂരില്‍ യൂത്ത് ഫ്രണ്ട് മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ പ്രിന്‍സ് ലൂക്കോസും മൈക്കിള്‍ ജയിംസുമാണ് പരിഗണനയിലുള്ളത്. ചങ്ങനാശേരിയില്‍ സി.എഫ് തോമസിന്റെ സഹോദരന്‍ സാജന്‍ ഫ്രാന്‍സിസിന്റെയും വി.ജെ ലാലിയുടേയും പേരുകളാണ് പരിഗണിക്കുന്നത്.
തിരുവല്ല സീറ്റില്‍ ജോസഫ് എം.പുതുശേരിക്കും കുഞ്ഞുകോശി പോളിനുമാണ് സാധ്യത. തൃക്കരിപ്പൂരില്‍ കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍, കാസര്‍കോട് ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് എന്നിവരുടെ പേരിനാണ് മുന്‍ഗണന. മലബാറിലെ സീറ്റില്‍ മുതിര്‍ന്ന നേതാവ് ജോണി നെല്ലൂരിനെ പരിഗണിച്ചെങ്കിലും പുതുമുഖങ്ങള്‍ മതിയെന്ന നിര്‍ദ്ദേശം അദ്ദേഹമാണ് മുന്നോട്ടുവച്ചത്.