താന്‍ കേരള കോണ്‍ഗ്രസിന്റെ സ്ഥിരം ചെയര്‍മാനാണെന്ന് പറഞ്ഞിട്ടില്ലെന്ന് പി.ജെ. ജോസഫ്

തൊടുപുഴ: താന്‍ കേരള കോണ്‍ഗ്രസിന്റെ സ്ഥിരംചെയര്‍മാനാണെന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് പി.ജെ. ജോസഫ്. നിലവില്‍ താത്കാലിക ചെയര്‍മാന്‍ മാത്രമാണെന്നും എന്നാല്‍ അത് അംഗീകരിക്കാന്‍ ചിലര്‍ തയ്യാറാകാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തില്‍ സമവായമായില്ലെങ്കില്‍ പാര്‍ലമെന്ററി പാര്‍ട്ടിയോഗമോ, ഹൈപവര്‍ കമ്മിറ്റിയോ വിളിച്ചു ചേര്‍ക്കാന്‍ തയ്യാറാണെന്ന് പിജെ ജോസഫ് അറിയിച്ചിട്ടുണ്ട്. ഇതില്‍ സമവായമായില്ലെങ്കില്‍ സംസ്ഥാന കമ്മിറ്റി വിളിക്കും. മീറ്റിങ്ങുകളില്‍ ജോസ് കെ. മാണി വിഭാഗം പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഭൂരിപക്ഷം ജില്ലാ കമ്മിറ്റികളും സമവായം ആഗ്രഹിക്കുന്നുണ്ടെന്നും ഇന്നലെ കോട്ടയത്ത് സമവായ ചര്‍ച്ച ഔദ്യോഗികമായി വിളിച്ചിട്ടില്ലെന്നും ജോസഫ് വ്യക്തമാക്കി.

അച്ഛന്‍ മരിച്ചാല്‍ മകനെ ചെയര്‍മാനാക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ഭരണഘടനയില്‍ പറഞ്ഞിട്ടില്ലെന്ന മുന്‍പ്രസ്താവന മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും മാണി ചോരയും നീരും കൊടുത്ത് വളര്‍ത്തിയ പാര്‍ട്ടിയുടെ ലെഗസി ഇല്ലാതാക്കാന്‍ സമ്മതിക്കില്ല എന്നാണ് താന്‍ പറഞ്ഞതെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.

അതേസമയം കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി ഇന്നലെ വിളിച്ച പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളുടെ അനൗദ്യോഗിക യോഗത്തില്‍ നിന്ന് ജോസ് കെ മാണി വിഭാഗം വിട്ട് നിന്നു. പി ജെ ജോസഫ് വിഭാഗം മാത്രമാണ് കോട്ടയത്ത് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തത്. പി ജെ ജോസഫ് കെ എം മാണിയെ അപമാനിച്ചുവെന്നും അതിനാലാണ് പങ്കെടുക്കാത്തതെന്നും ജോസ് കെ മാണി വിഭാഗം വ്യക്തമാക്കിയിരുന്നു.

Top