ജനപിന്തുണ ഏത് കേരള കോൺഗ്രസ്സിന് ? ചങ്കിടിപ്പോടെ ജോസും പി.ജെ ജോസഫും

മെയ് 2ലെ തിരഞ്ഞെടുപ്പുഫലം ഇനി നിശ്ചയിക്കാന്‍ പോകുന്നത് കേരള കോണ്‍ഗ്രസ്സുകളുടെ ഭാവി കൂടിയാണ്. ജോസ് കെ മാണിയാണോ പി.ജെ ജോസഫാണോ കേമന്നെന്ന് അറിയാനും ഇതോടെ കഴിയും. തുടര്‍ഭരണവും ഭരണം പിടിക്കലുമാണ് മുന്നണികളുടെ ചര്‍ച്ചാവിഷയമെങ്കില്‍ ഇരു കേരള കോണ്‍ഗ്രസുകളെ സംബന്ധിച്ചും നിലനില്‍പ്പാണ് പ്രധാന പ്രശ്‌നം. ജനപിന്തുണ ആര്‍ക്കാണെന്ന് തെളിയിക്കുക തന്നെ വേണം. സീറ്റുകളുടെ എണ്ണം കുറഞ്ഞാല്‍ ഇരുപാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കുള്ളില്‍ തന്നെ വിലയിടിയും. പി.ജെ ജോസഫിനും ജോസ് കെ.മാണി വിഭാഗത്തിനും ജയത്തിനൊപ്പം മുന്നണികളുടെ വിജയവും ഏറെ പ്രധാനമാണ്.

കേരള കോണ്‍ഗ്രസ്സ് (എം) ഇടതുപാളയത്തില്‍ വന്നതുകൊണ്ട് മുന്നണിക്ക് നേട്ടമുണ്ടായെന്ന് ജോസ് കെ മാണിക്ക് എന്തായാലും തെളിയിക്കേണ്ടതുണ്ട്. അതു പോലെ തന്നെ ജോസഫിനെ സംബന്ധിച്ചും ശക്തി തെളിയിക്കേണ്ടത് ആവശ്യമാണ്. അതല്ലങ്കില്‍ ജോസഫ് ഗ്രൂപ്പില്‍ തന്നെ വലിയ പിളര്‍പ്പാണുണ്ടാകുക. കോട്ടയത്ത് മത്സരിച്ച അഞ്ചില്‍ നാലു സീറ്റിലും വിജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ജോസ്.കെ മാണി വിഭാഗം. ഇടുക്കിയില്‍ റോഷി അഗസ്റ്റ്യന്‍ വിജയിക്കുമെന്ന കാര്യത്തിലും കേരള കോണ്‍ഗ്രസ്സ് എമ്മിന് വലിയ ആത്മവിശ്വാസമുണ്ട്. കോട്ടയത്തെ ഏറ്റവും വലിയ പാര്‍ട്ടിയായ സി.പി.എം. മൂന്നിടത്തേക്ക് മാത്രം സ്വയം ഒതുങ്ങി കേരള കോണ്‍ഗ്രസ് എമ്മിന് അഞ്ചു സീറ്റുകളാണ് മത്സരിക്കാന്‍ വിട്ടു നല്‍കിയിരുന്നത്. ഇതില്‍ ഒരു സീറ്റ് സി.പി.ഐയുടേതാണ്. ഇത്തരമൊരു വിട്ടുവീഴ്ച സംസ്ഥാനത്ത് മറ്റൊരിടത്തും കാണാന്‍ കഴിയുകയില്ല. യു.ഡി.എഫ് വിട്ടുവന്ന കേരള കോണ്‍ഗ്രസിന് സി.പി.എം നല്‍കിയ വലിയ അംഗീകാരം കൂടിയാണിത്.

സീറ്റ് വിഭജനത്തില്‍ നഷ്ടം ഏറെ സഹിച്ചിരിക്കുന്നതും സി.പി.എമ്മാണ്. ആകെ 13 സീറ്റുകളാണ് കേരള കോണ്‍ഗ്രസ്സ് എമ്മിന് ഇടതുപക്ഷം വിട്ടുനല്‍കിയിരിക്കുന്നത്. ഇതില്‍ സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റുകളും ഉള്‍പ്പെടും. സി.പി.എമ്മിന്റെ ഈ പരിഗണനയാണ് ലഭിച്ച കുറ്റ്യാടി സീറ്റ് വേണ്ടെന്നുവെയ്ക്കാന്‍ കേരള കോണ്‍ഗ്രസ്സിനെയും പ്രേരിപ്പിച്ചിരുന്നത്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കുറ്റ്യാടിയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നപ്പോഴും എടുത്ത തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സി.പി.എം നേതൃത്വം ചെയ്തിരുന്നത്. ഒടുവില്‍ കേരള കോണ്‍ഗ്രസ്സ് നേതൃത്വം തന്നെയാണ് സീറ്റ് തിരിച്ചെടുക്കാന്‍ സി.പി.എം നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചിരുന്നത്. മത്സരിച്ച 12 സീറ്റുകളില്‍ 10 സീറ്റുകളിലും വിജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കേരള കോണ്‍ഗ്രസ്സ് നേതാക്കളുള്ളത്. അങ്ങനെ വന്നാല്‍ ഇടതു മന്ത്രിസഭയാണെങ്കില്‍ 2 മന്ത്രി സ്ഥാനം വരെ അവര്‍ക്ക് ലഭിക്കാനും സാധ്യതയുണ്ട്. സീറ്റു വിഭജനത്തില്‍ കേരള കോണ്‍ഗ്രസ്സ് എമ്മിനോട് സി.പി.എം കാണിച്ച പരിഗണനയാണ് യഥാര്‍ത്ഥത്തില്‍ യു.ഡി.എഫില്‍ പി.ജെ.ജോസഫിനും പിടിവള്ളിയായിരുന്നത്.10 സീറ്റുകളിലാണ് ജോസഫ് വിഭാഗം മത്സരിച്ചിരുന്നത്.ഇതില്‍ ഒന്‍പതും നേടുമെന്നാണ് അവരുടെ അവകാശവാദം. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ 2 മന്ത്രി സ്ഥാനം അവകാശപ്പെടാനാണ് ജോസഫിന്റെയും തീരുമാനം.

ഒരുമിച്ച് ഉണ്ടായിരുന്നപ്പോള്‍ ലഭിച്ചതിനെക്കാള്‍, ഇരട്ടിയോളം സീറ്റുകളിലാണ് ഭിന്നിച്ചു നിന്നപ്പോള്‍ ഇരു കേരള കോണ്‍ഗ്രസ്സുകളും ഇത്തവണ മത്സരിച്ചിരിക്കുന്നത്. ജോസ് കെ.മാണിയെ ഒഴിവാക്കി മുന്നണി ജോസഫിനൊപ്പംനിന്നത് ശരിയായിരുന്നെന്ന് തെളിയിക്കാന്‍ അദ്ദേഹത്തെ പിന്തുണച്ച യു.ഡി.എഫ് നേതാക്കള്‍ക്കും ജോസഫ് വിഭാഗത്തിന്റെ വിജയം അനിവാര്യമാണ്. കോട്ടയത്ത് പഴയ ശക്തിയില്ലെന്ന് കോണ്‍ഗ്രസ് വിലയിരുത്തിയിട്ടും മൂന്ന് സീറ്റുകളാണ് കേരള കോണ്‍ഗ്രസിന് നല്‍കിയിരുന്നത്. ഏറ്റുമാനൂരിന്റെ പേരില്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ് പാര്‍ട്ടി വിടുകയും സ്വന്തം നിലക്ക് മത്സരിക്കുന്ന സാഹചര്യവുമുണ്ടായിട്ടുണ്ട്. ഇതോടെ ജോസഫ് വിഭാഗം വോട്ടെണ്ണുന്നതിനു മുന്‍പ് തന്നെ ഈ മണ്ഡലത്തില്‍ തോല്‍വി സമ്മതിച്ച മട്ടാണ്. പുനഃസംഘടനയോടെ ഫ്രാന്‍സിസ് ജോര്‍ജ് ഉയര്‍ത്തിയ പ്രതിഷേധവും തോല്‍വി ഉണ്ടായാല്‍ ജോസഫ് ഗ്രൂപ്പില്‍ ആളിക്കത്തുക തന്നെ ചെയ്യും.

പാര്‍ട്ടിക്കുള്ളില്‍ മോന്‍സ് ജോസഫ് വലിയ സ്ഥാനങ്ങള്‍ നേടിയെന്നാണ് ഫ്രാന്‍സിസ് പക്ഷത്തിന്റെ ആരോപണം. ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജ് വിജയിച്ചില്ലെങ്കില്‍ പോലും പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിക്ക് സാധ്യതയുണ്ട്. മുന്‍ ഇടുക്കി എം.പി കൂടിയായ ഫ്രാന്‍സിസ് ജോര്‍ജ് ഇടതുപക്ഷത്ത് നിന്നാണ് ജോസഫ് ഗ്രൂപ്പില്‍ ചേക്കേറിയിരുന്നത്. പി.സി തോമസിന്റെ ‘ഇടപെടലുകളും’ ജോസഫിനെ സംബന്ധിച്ച് ഇനി നേരിടാനുള്ള വെല്ലുവിളിയാണ്. ജോസഫിന്റെ പിന്‍ഗാമിയാകാനാണ് പി.സി തോമസ് ആഗ്രഹിക്കുന്നത്. ഇതു കൂടി മുന്നില്‍ കണ്ടാണ് തന്റെ പാര്‍ട്ടിയില്‍ ജോസഫ് വിഭാഗത്തെ അദ്ദേഹം ലയിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ നീക്കത്തെ മോന്‍സ് ജോസഫും, ഫ്രാന്‍സിസ് ജോര്‍ജും ഉള്‍പ്പെടെയുള്ളവര്‍ ഒരിക്കലും അംഗീകരിക്കാന്‍ ഒരു സാധ്യതയുമില്ല.

ഇപ്പോഴത്തെ അണിയറ നീക്കങ്ങള്‍ക്ക് പിന്നില്‍ ഈ താല്‍പ്പര്യങ്ങളും പ്രകടമാണ്. ‘വളരും തോറും പിളരുന്ന പാരമ്പര്യമുള്ള’ കേരള കോണ്‍ഗ്രസ്സ് വളരാതെ തന്നെ പിളരാനുള്ള സാധ്യത തന്നെയാണ് നിലവില്‍ കൂടുതലുള്ളത്. ഇടതുപക്ഷത്തിന് ഭരണ തുടര്‍ച്ച ലഭിച്ചാല്‍ ജോസഫ് വിഭാഗത്തിന്റെ നിലനില്‍പ്പു തന്നെയാണ് അപകടത്തിലാകുക. അത്തരമൊരു സാഹചര്യത്തില്‍ ജോസ് കെ മാണി വിഭാഗത്തിലേക്ക് ജോസഫ് വിഭാഗത്തില്‍ നിന്നും കൂട്ട പലായനം തന്നെയുണ്ടാകും. മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ ജോസ് കെ മാണി വിഭാഗത്തിനും അത് വെല്ലുവിളിയാകും. പാലായിലടക്കം വിജയിച്ച് മാന്യമായ സീറ്റുകള്‍ നേടാന്‍ കഴിഞ്ഞാല്‍ ഇടതിന് ഭരണം കിട്ടിയില്ലങ്കില്‍ പോലും പിടിച്ചു നില്‍ക്കാന്‍ കേരള കോണ്‍ഗ്രസ്സ് എമ്മിനു കഴിയും. എന്നാല്‍ അത്തരമൊരു ഭയം തങ്ങള്‍ക്കില്ലന്നും തുടര്‍ഭരണം ഉറപ്പാണെന്നുമാണ് ജോസ് കെ മാണി വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

 

Top