വെടി നിര്‍ത്തല്‍ താല്‍ക്കാലികം മാത്രം ! ഇടത്തോട്ട് പോകാന്‍ റെഡിയായി അവര്‍ ?

കേരള രാഷ്ട്രീയത്തില്‍ ഏറ്റവും വലിയ അധികാര മോഹിയായിരിക്കുകയാണിപ്പോള്‍ പി.ജെ.ജോസഫ്. കേരളാ കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടിയെ തന്നെ നശിപ്പിക്കുന്ന സമീപനമാണ് ഈ തൊടുപുഴ എം.എല്‍.എ നിലവില്‍ ചെയ്തു കൊണ്ടിരിക്കുന്നത്. അതിന് കോണ്‍ഗ്രസ്സിലെ പ്രബല വിഭാഗത്തിന്റെ പിന്തുണയുമുണ്ട്.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള വടംവലി തന്നെ കോണ്‍ഗ്രസ്സ് തിരക്കഥ മൂലമാണ്. കോണ്‍ഗ്രസ്സുമായുള്ള ധാരണ പ്രകാരം കേരള കോണ്‍ഗ്രസ്സിനു ലഭിക്കേണ്ട പ്രസിഡന്റ് പദവി ഇപ്പോള്‍ പങ്കിട്ടെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതുപ്രകാരം ആദ്യ ടേം ജോസ്.കെ.മാണി വിഭാഗത്തിനാണ് ലഭിച്ചിരിക്കുന്നത്. ഇതിനു ശേഷം ജോസഫ് വിഭാഗത്തിന് കൈമാറാനാണ് ധാരണ. ചര്‍ച്ചയില്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നത്.

ജോസഫ് വിഭാഗത്തോട് പിന്‍മാറാന്‍ കോണ്‍ഗ്രസ്സ് ശക്തമായി ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ തീരുമായിരുന്ന പ്രശ്‌നമാണിപ്പോള്‍ വിഭജനത്തില്‍ എത്തിച്ചിരിക്കുന്നത്. ഭിന്നിപ്പിച്ച് നേട്ടം കൊയ്യുക എന്ന കോണ്‍ഗ്രസ്സ് തന്ത്രമായിരുന്നു ഇതിനു പിന്നില്‍.

പാല ഉപതെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി മാത്രമാണ് ജോസ്.കെ.മാണി വിഭാഗം ഇപ്പോള്‍ വിട്ടുവീഴ്ച ചെയ്തിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കളി മാറുമെന്ന കാര്യം ഉറപ്പാണ്.

കോണ്‍ഗ്രസ്സിന്റെ ഈ തരംതാണ രാഷ്ട്രീയ കളിയില്‍ കേരള കോണ്‍ഗ്രസ്സ് അണികളും അതീവ രോഷാകുലരാണ്. ജോസഫിനൊപ്പം കേരള കോണ്‍ഗ്രസ്സില്‍ ലയിച്ചവരില്‍ ഭൂരിപക്ഷവും ഇടതുപക്ഷ പാളയത്തിലാണ് ഉള്ളതെന്നാണ് ഈ വിഭാഗം പറയുന്നത്. മുന്‍ ഇടുക്കി എം.പി ഫ്രാന്‍സിസ് ജോര്‍ജ്, അഡ്വ.ആന്റണി രാജു തുടങ്ങിയവരെ ചൂണ്ടിക്കാട്ടിയാണ് ഈ വാദം.

നിലവില്‍ കേരള കോണ്‍ഗ്രസ്സ് അണികള്‍ക്കിടയില്‍ ജോസഫിന് കാര്യമായ ഒരു സ്വാധീനവും ഇല്ലെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. കെ.എം മാണിയുടെ വാലായി നടന്ന ചിലരെ ഒപ്പം നിര്‍ത്തിയാണ് ജോസഫ് ഇപ്പോള്‍ കേരള കോണ്‍ഗ്രസ്സ് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത്.

മുന്‍പ് കേരള കോണ്‍ഗ്രസ്സ് പിളര്‍ത്തിയത് എന്തിനായിരുന്നുവോ അതേ പാതയില്‍ തന്നെയാണിപ്പോള്‍ ജോസഫ് സഞ്ചരിക്കുന്നത്. കേരള കോണ്‍ഗ്രസ്സില്‍ ഒന്നാമനും രണ്ടാമനും തന്റെ വിഭാഗം തന്നെയാണെന്നാണ് പുതിയ അവകാശവാദം. സി.എഫ് തോമസ് പാര്‍ട്ടിയിലും പാര്‍ലമന്ററി പാര്‍ട്ടിയില്‍ താനുമാണ് നായകരെന്നാണ് ജോസഫ് പറയുന്നത്. പാര്‍ട്ടി സംസ്ഥാന കമ്മറ്റി ചേര്‍ന്ന് ബഹുഭൂരിപക്ഷത്തിന്റെയും പിന്തുണയോടെ ജോസ്.കെ മാണിയെ ചെയര്‍മാനാക്കിയത് അംഗീകരിക്കാതെയാണ് ഈ നിലപാട്.

രണ്ടു വിഭാഗവും വിട്ടു വീഴ്ചയില്ലാതെ മുന്നാട്ട് പോകുന്ന സാഹചര്യത്തില്‍ പാല ഉപതെരഞ്ഞെടുപ്പോടെ കേരള കോണ്‍ഗ്രസ്സ് പിളരുമെന്ന കാര്യം എന്തായാലും ഉറപ്പായിരിക്കുകയാണ്.

രണ്ട് കേരള കോണ്‍ഗ്രസ്സുകളെയും രണ്ട് കഷ്ണമാക്കി യു.ഡി.എഫില്‍ നിര്‍ത്താനാണ് കോണ്‍ഗ്രസ്സ് ശ്രമിക്കുന്നത്. അങ്ങനെ വന്നാല്‍ കേരള കോണ്‍ഗ്രസ്സിന്റെ സീറ്റുകള്‍ പിടിച്ചെടുക്കാന്‍ കഴിയുമെന്നും കോണ്‍ഗ്രസ്സ് കണക്ക് കൂട്ടുന്നുണ്ട്. എന്നാല്‍ ഒരു മടയില്‍ രണ്ടു പേര്‍ വേണ്ടന്ന നിലപാടിലാണ് ജോസ്.കെ.മാണി.

ജോസഫിനെ പോത്സാഹിപ്പിക്കുന്ന കോണ്‍ഗ്രസ്സ് നടപടിയില്‍ വലിയ രോഷമാണ് ജോസ്.കെ.മാണിക്കുള്ളത്. കെ.എം.മാണി അന്തരിച്ചതോടെ കേരള കോണ്‍ഗ്രസ്സിനെ തന്നെ ഇല്ലാതാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തില്‍ യു.ഡി.എഫ് വിട്ട് ഇടതുപക്ഷത്തേക്ക് പോകണമെന്ന താല്‍പ്പര്യം ജോസ്.കെ.മാണി വിഭാഗത്തില്‍ ശക്തമാണ്. ഇടതുപക്ഷമാകട്ടെ ജോസ്.കെ മാണി വിഭാഗം നിലപാട് വ്യക്തമാക്കിയാല്‍ അപ്പോള്‍ പ്രതികരിക്കാമെന്ന നിലപാടിലുമാണ്.

നിലവില്‍ കാര്യമായ ജനസ്വാധീനമുള്ള ഒരു പാര്‍ട്ടിയും ഇടതുപക്ഷത്തില്ല. ഏതാനും ജില്ലകളില്‍ മാത്രം സ്വാധീനമുള്ള സി.പി.ഐക്ക് സ്വാധീനശേഷിക്കും അപ്പുറമുള്ള സീറ്റുകളാണ് സി.പി.എം വിട്ടുകൊടുത്തിരിക്കുന്നത്.

പുതിയ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ്സ് ജോസ്.കെ.മാണി വിഭാഗം ഇടതുപക്ഷത്തേക്ക് വന്നാല്‍ അത് മുന്നണിക്ക് കരുത്താകും. മധ്യമേഖലയില്‍ നേട്ടം കൊയ്യാനും കോണ്‍ഗ്രസ്സിന്റെ നടുവൊടിക്കാനും ഇതോടെ കഴിയും. പിണറായി സര്‍ക്കാറിന്റെ രണ്ടാം ഊഴത്തിനായിരിക്കും ഇത്തരമൊരു സാഹചര്യം വഴി തുറക്കുക.

cpm-kerala-congress

കേരള കോണ്‍ഗ്രസ്സിലെ ഈ സംഭവ വികാസങ്ങളെല്ലാം വെട്ടിലാക്കിയിരിക്കുന്നത് മുസ്ലീം ലീഗിനെയാണ്. ജോസ്.കെ മാണി വിഭാഗമാണ് യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ്സ് എന്നതിനാല്‍ അവരെ കൈവിടരുത് എന്നതാണ് ലീഗ് ആവശ്യം. കൈവിട്ടാല്‍ പിന്നെ സംസ്ഥാന ഭരണത്തില്‍ തിരിച്ച് വരാന്‍ കഴിയില്ലന്നും ലീഗ് നേതൃത്വം കോണ്‍ഗ്രസ്സ് നേതാക്കളെ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ എത്ര കിട്ടിയാലും പഠിക്കാത്ത കോണ്‍ഗ്രസ്സ് നേതാക്കള്‍ രണ്ട് വിഭാഗത്തെയും കൂടെ കൊണ്ടുപോകാനാണ് ഇപ്പോഴും ശ്രമിക്കുന്നത്. പി.ജെ.ജോസഫിനെ കൈവിടാന്‍ കഴിയില്ലന്ന നിലപാടാണ് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കുള്ളത്. ഇതു തന്നെയാണ് വലിയ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങള്‍ കൊണ്ടു പോകുന്നതും.

കേരള കോണ്‍ഗ്രസ്സിലെ പിളര്‍പ്പ് അനിവാര്യമാകുന്നതോടെ കേരളത്തിലെ യു.ഡി.എഫിന്റെ സാധ്യതകളാണ് അസ്തമിക്കുക.

Political Reporter

Top