പിറവം മണ്ഡലത്തില്‍ ‘വെട്ടിലായി’ കേരള കോണ്‍ഗ്രസ്സ് ജോസ് വിഭാഗം !

നിയമസഭ തിരഞ്ഞെടുപ്പിനെ കേരള കോണ്‍ഗ്രസ്സ് നേതൃത്വം ഇങ്ങനെയാണ് സമീപിക്കുന്നതെങ്കില്‍ വലിയ വില തന്നെയാണ് നല്‍കേണ്ടി വരിക. പിറവത്ത് സി.പി.എം അംഗമായ സിന്ധുമോള്‍ ജേക്കബിനെ സ്ഥാനാര്‍ത്ഥിയാക്കിയ നടപടി ഒരു കാരണവശാലും ന്യായീകരിക്കപ്പെടുന്നതല്ല. മണ്ഡലത്തിലെ സി.പി.എം പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുന്ന നടപടിയാണത്. സി.പി.എമ്മില്‍ നിന്നും ഇപ്പോള്‍ സിന്ധുമോള്‍ പുറത്താക്കപ്പെട്ടിരിക്കുകയാണ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കപ്പെട്ട ഈ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ഇനി എങ്ങനെ സി.പി.എം പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുമെന്നത് വലിയ ഒരു ചോദ്യം തന്നെയാണ്. ഇടതുപക്ഷത്തെ പ്രതിസന്ധിയിലാക്കുന്ന സംഭവങ്ങളാണിപ്പോള്‍ പിറവത്ത് അരങ്ങേറിയിരിക്കുന്നത്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കേരള കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലന്ന് തെളിയിക്കുന്ന സംഭവം കൂടിയാണിത്. സി.പി.എം പ്രവര്‍ത്തകര്‍ ആത്മാര്‍ത്ഥമായി രംഗത്തിറങ്ങിയില്ലങ്കില്‍ പിറവത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അനുപ് ജേക്കബിനാണ് കാര്യങ്ങള്‍ എളുപ്പമാകുക. യാക്കോബായ വിഭാഗം യു.ഡി.എഫിനോട് ഉടക്കി നില്‍ക്കുന്ന സാഹചര്യത്തില്‍ പിറവത്തെ സംബന്ധിച്ച് വലിയ പ്രതീക്ഷയാണ് ഇടതുപക്ഷത്തിനുണ്ടായിരുന്നത്. ഈ പ്രതീക്ഷയാണിപ്പോള്‍ കേരള കോണ്‍ഗ്രസ്സ് ജോസ് കെ മാണി വിഭാഗം തകര്‍ത്തിരിക്കുന്നത്. നിരവധി സി.പി.എം കോട്ടകള്‍ ജോസ് വിഭാഗത്തിന് സി.പി.എം വിട്ടു കൊടുത്തത് പാര്‍ട്ടിയിലെ പ്രതിഷേധം വകവയ്ക്കാതെയാണ്. അതെങ്കിലും സിന്ധു മോളെ പരിഗണിക്കുന്നതിനു മുന്‍പ് കേരള കോണ്‍ഗ്രസ്സ് നേതൃത്വം ഓര്‍ക്കണമായിരുന്നു.

സി.പി.എം സംഘടനാ സംവിധാനം കാര്യക്ഷമമായി ചലിക്കാതെ ഒരു മണ്ഡലത്തിലും ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയിക്കാന്‍ കഴിയുകയില്ല. ഇക്കാര്യം ജോസ് കെ മാണിയും തിരിച്ചറിയുന്നത് നല്ലതായിരിക്കും. തന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ‘പിറവത്തുണ്ടായ എതിര്‍പ്പ് കാര്യമാക്കുന്നില്ലെന്നാണ് ‘ സിന്ധു മോള്‍ ജേക്കബ് പറയുന്നത്. ഇതാകട്ടെ അവരുടെ മാത്രം ആത്മവിശ്വാസവുമാണ്. ‘സിപിഎം അംഗത്വം രാജി വെച്ച് കേരളാ കോണ്‍ഗ്രസില്‍ ചേര്‍ന്ന് രണ്ടില ചിഹ്നത്തില്‍ മത്സരിക്കുമെന്ന അവരുടെ പ്രഖ്യാപനം തന്നെ പ്രകോപനപരമാണ്. അവര്‍ രാജിവയ്ക്കും മുന്‍പ് തന്നെ സി.പി.എം ഇപ്പോള്‍ പുറത്താക്കിയിട്ടുണ്ട്.”പ്രശ്നങ്ങള്‍ പാര്‍ട്ടി പരിഹരിക്കുമെന്ന’ സിന്ധുമോളുടെ ആത്മവിശ്വാസം നടന്നാല്‍ നല്ലത്.

മുറിവേറ്റ സി.പി.എം പ്രവര്‍ത്തകരുടെ മനസ്സ് എങ്ങനെ ചിന്തിക്കും എന്നതും നിലവിലെ സാഹചര്യത്തില്‍ പ്രസക്തമായ കാര്യം തന്നെയാണ്. നേരത്തെ പിറവത്തേക്ക് പരിഗണിച്ചിരുന്ന കേരളാ കോണ്‍ഗ്രസിലെ ജില്‍സ് പെരിയപുറത്തെ വെട്ടിയാണ് സിപിഎം അംഗവും ഉഴവൂര് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സിന്ധുമോളെ ജോസ് വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിച്ചിരിക്കുന്നത്. അവര്‍ മുന്‍പ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നതാകട്ടെ സ്വതന്ത്ര എന്ന നിലയിലായിരുന്നു. ഇതിനു ശേഷമാണ് സി.പി.എം പാര്‍ട്ടി അംഗത്വം നല്‍കിയിരുന്നത്. സാധാരണ ഗതിയില്‍ കോണ്‍ഗ്രസ്സ് വിട്ടു വരുന്നവരെ ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയാക്കുന്നത് യു.ഡി.എഫിനെതിരെ അട്ടിമറി വിജയം നേടുന്നതിനാണ്.

എന്നാല്‍ പിറവത്ത് സിന്ധുമോള്‍ സ്ഥാനാര്‍ത്ഥിയാകുന്നത് ഇപ്പോള്‍ ഇടതുപക്ഷത്തു തന്നെയാണ് അട്ടിമറിക്കുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. സി.പി.എം ഒരു കേഡര്‍ പാര്‍ട്ടിയാണെങ്കിലും നേതൃത്വം പറഞ്ഞാല്‍ എല്ലായ്‌പ്പോഴും അണികളും അനുഭാവികളും അംഗീകരിക്കണമെന്നില്ല. കുറ്റ്യാടിയില്‍ കണ്ടതും അതു തന്നെയാണ്. ‘ബക്കറ്റിലെ’ തിരമാല ഏതെങ്കിലും ഘട്ടത്തില്‍ സുനാമിയായി മാറാതെ നോക്കേണ്ടത് നേതൃത്വത്തിന്റെ കടമയാണ്.

വിവേക പൂര്‍ണ്ണമായ ഇടപെടലാണ് ഇതിനാവശ്യം. അത് കുറ്റ്യാടിയില്‍ മാത്രമല്ല പിറവത്തും അനിവാര്യമാണ്. ഇവിടെ പരസ്യ പ്രതികരണം വ്യാപകമല്ലങ്കിലും സി.പി.എം അണികളില്‍ പ്രതിഷേധം ശരിക്കും പുകയുന്നുണ്ട്. ഗൗരവപരമായ സ്ഥിതിവിശേഷമാണിത്. ഇക്കാര്യം ജോസ് കെ മാണിയും തിരിച്ചറിയുന്നത് നല്ലതായിരിക്കും.

 

Top