വീണ്ടും പിളര്‍ന്നു;ചെളിവാരിയെറിഞ്ഞ് ജോണിയും അനൂപും, മനക്കോട്ട കെട്ടി ജോസും ജോസഫും

കൊച്ചി: വിവാദങ്ങള്‍ക്കും അഭ്യൂഹഭങ്ങള്‍ക്കുമൊടുവില്‍ കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം പിളര്‍ന്നു. അതേസമയം ലയനം സംബന്ധിച്ച കാര്യത്തിലും പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ് വ്യക്തത വരുത്തിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ്(എം) വിഭാഗവുമായി ലയനം വേണ്ടെന്ന നിലപാടാണ് അനൂപ് ആവര്‍ത്തിക്കുന്നത്. അതേസമയം ജോസഫ് വിഭാഗവുമായി ലയിക്കാന്‍ ജോണി നെല്ലൂര്‍ വിഭാഗം തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ജോസഫ് വിഭാഗം ചെയര്‍മാന്‍ പി.ജെ. ജോസഫിന്റെ ക്ഷണം നിരസിക്കില്ലെന്നും ജോണി നെല്ലൂര്‍ പറഞ്ഞിരുന്നു.

കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗവുമായുള്ള ലയനം സംബന്ധിച്ച് നേരത്തെ തന്നെ പാര്‍ട്ടിയില്‍ തര്‍ക്കം രൂക്ഷമായിരുന്നു.

കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്റെ ഭാവി നിശ്ചയിക്കുന്ന നിര്‍ണായക സംസ്ഥാന കമ്മറ്റി യോഗങ്ങളാണ് ചേര്‍ന്നുകൊണ്ടിരിക്കുന്നത്. ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ ജോസഫ് വിഭാഗവുമായുള്ള ലയനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. അനൂപിന്റെ എതിര്‍പ്പ് മറികടന്നാണ് തീരുമാനം. ഈ മാസം 29 ന് എറണാകുളത്ത് ലയന സമ്മേളനം നടത്താനാണ് ജോണി നെല്ലൂര്‍ വിഭാഗം തീരുമാനിച്ചിരിക്കുന്നത്. ലയന സമ്മേളനം നടക്കുമെന്ന് പി.ജെ.ജോസഫും വ്യക്തമാക്കിയിരുന്നു.

അനൂപ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചയാളാണ് അതിനായി അദ്ദേഹം അച്ചാരം വാങ്ങിയെന്ന് ജോണി നെല്ലൂര് ആരോപിച്ചു. ടി.എം.ജേക്കബിന്റെ മരണശേഷം ആശുപത്രിയില്‍ വെച്ചുതന്നെ അധികാരസ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് അനൂപ് ജേക്കബ് നടത്തിയതെന്നും പള്ളിമുറ്റത്ത് വെച്ച് പിറവം സീറ്റ് തനിക്ക് വേണമെന്ന് ആവശ്യപ്പെട്ടയാളാണ് അനൂപെന്നും ജോണി കുറ്റപ്പെടുത്തി. എന്നാല്‍ താനാകട്ടെ സ്ഥാനമാനങ്ങള്‍ വേണ്ടന്ന നിലപാടിലായിരുന്നു ജേക്കബ് ഗ്രൂപ്പിലേക്ക് എത്തിയത് എന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

അതേസമയം അനൂപ് ജേക്കബ് വിളിച്ച യോഗം കോട്ടയത്ത് നടന്നുകൊണ്ടിരിക്കുകയാണ്. ലയനം വേണ്ടെന്ന നിലപാടിലാണ് അനൂപ് ജേക്കബ് വിഭാഗം നിലവിലുള്ളത്. പരമാവധി നേതാക്കളെ പങ്കെടുപ്പിച്ച് കരുത്ത് കാട്ടാനാണ് അനൂപിന്റെ ഇപ്പോഴത്തെ ശ്രമം. ജോണി നെല്ലൂര്‍ തനിക്കെതിരെ നുണപ്രചരണം നടത്തുന്നെന്ന് അനൂപ് ജേക്കബ് ആരോപിക്കുന്നത്. ജോണി നെല്ലൂരിന്റെ വാക്കുകള്‍ അദ്ദേഹത്തിന്റെ സംസ്‌കാരമാണ് പ്രകടമാക്കുന്നതെന്നും അനൂപ് വ്യക്തമാക്കി.

എന്നാല്‍ പരസ്പരമുള്ള ഇത്തരം ചെളിവാരിയെറിയല്‍ നല്ല സൂചനയല്ല നല്‍കുന്നതെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസിനുള്ളത്. ഈ പിളര്‍പ്പ് കോണ്‍ഗ്രസിന് ആരോഗ്യകരമല്ലെന്ന മുന്നറിയിപ്പ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ നല്‍കിയിരുന്നു. മാത്രമല്ല കുട്ടനാട് ഉപതെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഈ പിളര്‍പ്പ് കോണ്‍ഗ്രസിന് വിനയാകും. പാല ഉപതെരഞ്ഞെടുപ്പ് തോല്‍വി കോണ്‍ഗ്രിസ് മുന്നില്‍ എന്നും മായാത്ത മുറിപാടായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഈ വിലയിരുത്തല്‍.

Top