കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്;ചെയര്‍മാനെ തെരഞ്ഞെടുക്കാനുള്ള സംസ്ഥാന കമ്മിറ്റി ഇന്ന്

കോട്ടയം: ജോസ് കെ മാണി വിഭാഗത്തിന്റെ സംസ്ഥാനസമിതി യോഗം ഇന്ന് കോട്ടയത്ത് ചേരും. യോഗത്തില്‍ ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുക്കും.

അതേസമയം യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ ജോസഫ് വിഭാഗം തീരുമാനിച്ചു.സംസ്ഥാന സമിതി വിളിക്കില്ലെന്ന ജോസഫിന്റെ നിലപാടിനെ വെല്ലുവിളിച്ച് നടത്തുന്ന യോഗം പിളര്‍പ്പിനുള്ള സാധ്യതകളിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.

പരമാവധി സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പങ്കെടുപ്പിച്ച് ഔദ്യോഗിക പക്ഷം തങ്ങളാണെന്ന് തെളിയിക്കാനാണ് ജോസ് കെ മാണി വിഭാഗത്തിന്റെ ലക്ഷ്യം. യോഗത്തോടെ ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാനായി തീരുമാനിക്കുമെങ്കിലും നേരത്തെ മാണി പക്ഷത്ത് ഉണ്ടായിരുന്ന സി.എഫ് തോമസ് ,ജോയി ഏബ്രഹാം, തോമസ് ഉണ്ണിയാടന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ജോസ് കെ മാണി വിളിച്ച യോഗത്തില്‍ പങ്കെടുത്തേക്കില്ല. ഇതോടെ മാണി പക്ഷത്ത് വിള്ളലുണ്ടാക്കാന്‍ ജോസഫിന് കഴിയും.

എന്നാല്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്ന എം.എല്‍.എമാര്‍ക്കെതിരെ അയോഗ്യത നടപടി സ്വീകരിക്കാനാണ് ജോസഫ് തീരുമാനിച്ചിരിക്കുന്നത്. സമീപ ദിവസങ്ങളില്‍ ഔദ്യോഗിക യോഗം ചേര്‍ന്ന് അച്ചടക്ക നടപടി തീരുമാനിക്കും. പരമാവധി പ്രവര്‍ത്തകരെ കോട്ടയത്ത് എത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫലത്തില്‍ ഇന്നത്തെ യോഗത്തോടെ കേരള കോണ്‍ഗ്രസ് രണ്ട് വഴിക്കാവും എന്നാണ് രാഷ്ട്രീയ നീരീക്ഷകര്‍ പറയുന്നത്.

Top