കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ; കോടതി വിധി ഇന്ന് അറിയാം

കോട്ടയം : കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച കേസില്‍ ഇന്ന് വിധി പറയും. ജോസ് കെ മാണി പാര്‍ട്ടി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത് തടഞ്ഞ് ഇടുക്കി മുന്‍സിഫ് കോടതി ഉത്തരവായിരുന്നു. ഇതിനെതിരെ ജോസ് വിഭാഗം സമര്‍പ്പിച്ച അപ്പീലിലാണ് കട്ടപ്പന സബ് കോടതി വിധി പറയുന്നത്.

പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ക്കിടെ ജോസ് വിഭാഗം കഴിഞ്ഞ ജൂണില്‍ കോട്ടയത്ത് വിളിച്ച് കൂട്ടിയ സംസ്ഥാന കമ്മിറ്റി ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തിരുന്നു. തെരഞ്ഞെടുപ്പ് നിയമവിരുദ്ധമെന്ന് കാണിച്ച് ജോസഫ് വിഭാഗം തൊടുപുഴ മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നു.

തുടര്‍ന്ന് തൊടുപുഴ കോടതി ജോസ് കെ മാണി പാര്‍ട്ടി ചെയര്‍മാന്റെ അധികാരം പ്രയോഗിക്കുന്നത് സ്റ്റേ ചെയ്തു. വിശദമായി വാദം കേള്‍ക്കുന്നതിനിടെ തൊടുപുഴ മുന്‍സിഫ് കേസില്‍ നിന്ന് പിന്മാറി. ഇതോടെ ഇടുക്കി മുന്‍സിഫ് കോടതിയിലേക്ക് കേസ് എത്തി. ഒരു മാസം നീണ്ട വാദത്തിനൊടുവില്‍ തൊടുപുഴ കോടതിയുടെ സ്റ്റേ നിലനില്‍ക്കുമെന്ന് ഇടുക്കി മുന്‍സിഫ് അറിയിച്ചു. ഇതിനെതിരെ ജോസ് കെ മാണിയും കെ എ ആന്റണിയും കട്ടപ്പന സബ് കോടതിയെ സമീപിക്കുകയായിരുന്നു.

Top